Wednesday 9 April 2014

നീലിമ പറയട്ടെ ..!!!


കരിനീല വാനം വിരിക്കുന്നു മേലെ
കവിതാർദ്രമേതോ  മഴത്തുള്ളികൾ
പറയാൻ മറന്നിട്ട പ്രണയമേ നീയെൻറെ
ഇടനെഞ്ചിലിനിയൊന്നു  പെയ്തു തീരൂ

എങ്ങോ  വിഷാദം തുളുമ്പുന്ന കാറ്റിന്റെ
ശ്വസത്തിലാകെയും പൊൻ  കിനാക്കൾ
നീലിമക്കിന്നു   ചൊല്ലുവാനായിരം
രാത്രി നോവിൻറെ  കാത്തിരിപ്പോർമകൾ

കൊച്ചു  മഞ്ചാടി ,നീലക്കുറിഞ്ഞികൾ..
തമ്മിലൊന്നിച്ച  കാറ്റാടി സന്ധ്യകൾ
നിന്റെ മാത്രമേന്നെത്രയോ വട്ടമാ
കണ്ണ് കാതോടു മന്ത്രിച്ച മാത്രകൾ

നീലിമേയെന്നൊരായിരം  വട്ടമെൻ
കണ്ണ്നീരിൻറെ കണ്ണാടിയായതും
നീല രക്തത്തിലാൽതറ തിണ്ണയിൽ
നീലിമക്കെന്നു ചലിച്ചു വെച്ചതും ..


ഓർമ ഓർമയാണൊക്കെയും നോവിൻറെ
തോഴിയാകുന്ന നീലിമക്കെപ്പൊഴും
ഭീരുവായ്‌  നഷ്ട സ്നേഹത്തെയിപ്പൊഴും
ഭാവിയോർക്കാതെ  പൂജിച്ചു പോകുവോൾ

പോക്ക് വെയിലിൻ നിഴൽ  പറ്റി നിന്നൊരാ
തൂക്കണാം   കിളിക്കൂടിന്റെ ചുള്ളികൾ..
നിന്റെ കൂടിന്നു  കൂട്ടിരുന്നീടുവാൻ
ആദ്യമെന്നെ ക്ഷണിച്ച മാന്തോപ്പുകൾ

ചോറ്റു  പാത്രത്തിനുള്ളിലെ കത്തുകൾ
ചൊദ്യമെല്ലാമൊളിപ്പിച്ച  ചിന്തുകൾ
ചോരയിറ്റിറ്റു  വീഴുന്ന നെറ്റിമേൽ
ചങ്കു പൊട്ടി ഞാനന്നിട്ട മുത്തുകൾ

വീണ്ടുമുണ്ടായ് നിറം കെട്ട സന്ധ്യകൾ
കാത്തിരിപ്പിൻറെ  കാണാത്ത തുള്ളികൾ
ഞാറ്റുവേല കിളിക്കൂട്ടമെത്രയോ
ഞാനറിഞ്ഞീല  പാറിപ്പറന്നു പോയ്

അമ്മ നോവിൻറെ  കണ്ണീരു കാണുവാൻ
പിന്നെ നീലിമാക്കല്ലലായ് ജീവനേ
അന്ന് ചേർന്നതീ സിന്ദൂരവർണമെൻ
നീ മുകർന്നൊരാം വേർപ്പിറ്റ  നെറ്റി മേൽ

എന്ത് നൽകുവാൻ ഉത്തരം നിന്റെയാ
നെഞ്ച് പൊട്ടുന്ന  ചോദ്യത്തിനിന്നിവൾ
നമ്മളിപ്പൊഴും സ്നേഹിക്കയല്ലയോ
രണ്ടിടങ്ങളിൽ രണ്ടായിയിങ്ങനെ ...
                                                                           adila kabeer


No comments:

Post a Comment