Friday 20 February 2015

പാവം നീ 'കവിതേ '...

എത്ര തുണിയുടുപ്പിച്ചിട്ടും
നാണം മറയാത്തവള്‍.
പെറ്റു ഞാനെറിഞ്ഞിട്ടും
പൊക്കിള്‍കൊടിയറ്റു പോകാത്തവള്‍ .
പട്ടിണിയാണേലും 
പഴിവാക്കുരിയാത്തവള്‍
ആട്ടിപ്പായിച്ചാലും ,അകന്നുമാറാത്തവള്‍ .
എന്നെയൂറ്റിപ്പിഴിഞ്ഞാലും
ഊര്‍ന്നു തീരാത്തവള്‍ .
എന്നെയീ ഞാനെന്നെണ്ണിപ്പറഞ്ഞവള്‍ ..
കഷ്ടം കവിതേ .....
പൂട്ടിയിട്ട എന്‍റെ പാപങ്ങളൊക്കെയും
എറ്റു വാങ്ങിക്കൂട്ടിലാകാന്‍ മാത്രം
നിന്‍റെ ഗതികെട്ട വിധി .
മാപ്പില്ലാതെ മുക്കിക്കൊല്ലെന്നെ ...
നിന്‍റെ പ്രളയത്തില്‍ പെട്ടുലയാന്‍
കാത്തു കാത്തിവള്‍
നെറികെട്ട കവി ...!
.
.
. ആദിക്കവി

Sunday 15 February 2015

പ്രണയദിനത്തില്‍ ...

വിഷയം പ്രണയമായിരുന്നു ..
വിരഹം അകലെയായിരുന്നു
സമ്മാനപ്പൊതികള്‍ സഞ്ചാരത്തിലും
പനിനീര്‍പൂവുകള്‍ പരിഭവത്തിലുമായിരുന്നു .
അവള്‍ കാത്തു തന്നെയിരുന്നു 
അവനിപ്പോള്‍ അരികിലെത്തും
രാധികേ എന്ന്‍ നീട്ടി വിളിക്കും
വിടര്‍ന്ന കണ്ണുകളാല്‍ കളിപറയും
വൃന്ദാവനത്തില്‍ ഉറവപൊട്ടും !
ശ്ശോ ...! കാലം മാറി പെണ്ണേ
കണ്ണന്‍ തിരക്കിലാണ്
നിനക്ക് വാട്സാപ് ഉണ്ടോ ?
ഇല്ലാ ...
ടെലിഗ്രാമോ ?
മ്മ്ഹം ..
ഫേസ്ബുക്ക്‌ ഐ ഡി കാണുമല്ലോ ?
ഇല്ലാ ..കുറച്ചധികം ഓര്‍മ്മകളുണ്ട് !
ഓര്‍മ്മകള്‍ ? മെമ്മറി കാര്‍ഡിലോ മറ്റോ
സേവ്ഡ് ആണോ ?
...മൌനം .....
രാധികേ ..പ്രാണ ഗോപികേ ..
പ്രേമം അണ്ട്രോയിട് ഫോണ്‍ പോലെയാകുന്നു
പുതിയ മോഡലുകള്‍ വരുമ്പോള്‍
പഴയവ വിസ്മ്രിതിയിലാകുന്നു ..
ശരി ...നീ കാത്തിരിക്കുക ...ശുഭം !!!