Wednesday 28 February 2018

മധുരം ഗായതി - ഒരു മധുരവായന



മലയാളം ക്ലാസിൽ അനിതകുമാരി ടീച്ചർ അവിശ്വസനീയമായി വീണ്ടും വീണ്ടും ഞങ്ങളോട് ചോദിച്ചു : "നിങ്ങൾ മധുരം ഗായതി വായിച്ചിട്ടില്ലേ ?" എനിക്കാകെ അപമാനം തോന്നി . ഇംഗ്ളീഷ് പഠിച്ച കാലത്ത് വട്ടു പിടിച്ചു ഞാൻ വായിച്ച പുസ്തകങ്ങൾക്കൊന്നും "വേണ്ടത് വേണ്ടാത്തത് "എന്ന പ്രോസസിംഗ് നടത്തിയിരുന്നില്ല . ഏതു വായിക്കണം ഏതൊഴിവാക്കണം എന്ന് അറിയുമായിരുന്നില്ല . പിന്നെ , ഒ.വി. വിജയൻ അന്നൊരു പേടി സ്വപ്നമായിരുന്നു .ഏഴാം ക്ലാസിൽ വെച്ചൊരിക്കൽ, അപ്പുക്കിളിയെ പഠിച്ച ഓർമയിൽ 'ഖസാക്കിന്റെ ഇതിഹാസം' വായിക്കാൻ ഒരുമ്പെട്ട ഞാൻ അന്നത്തോടെ വിജയനെ വെറുത്തു പോയി ..ഒരു പുല്ലും പുഷ്പവും അന്ന് തിരിഞ്ഞില്ല . പിന്നെ കുറേനാൾ കഴിഞ്ഞ് അതീവസാഹസികമായ മറ്റൊരുദ്യമം കൂടി ഏറ്റെടുത്തു പരാജയപ്പെട്ടു , ഗുരുസാഗരം !!! പേടി തട്ടിയിട്ട് ഞാൻ പിന്നീട് വിജയനിലേക്കു മടങ്ങിയതേയില്ല . പി.ജിക്ക് മലയാളം എടുത്തു കഴിഞ്ഞാണ് ഖസാക്ക് വായിക്കണമല്ലോ എന്ന് തോന്നിയത് ,നിർബന്ധിതയായത് . അന്നേരത്തെ വായനയിൽ എനിക്ക് രോമാഞ്ചം വന്നു . ഇതിലെന്താ ,എന്ത് കൊണ്ടാ എനിക്ക് മനസിലാകാതെ പോയത് എന്നോർത്ത് അക്കാലമത്രയും കാട്ടിയ അനീതിയിൽ അദ്ദേഹത്തോട് മനസ്സാൽ മാപ്പു പറഞ്ഞു . ഇപ്പൊ തോന്നുന്നു , ഓ വി വിജയന്റേത് കവിതയാണ് , കവിതയെ കവച്ചു വെക്കുന്ന ഗദ്യത്തിന്റെ നൂലൊഴുക്ക് . മധുരം ഗായതി വായിച്ചു കഴിഞ്ഞപ്പോ ആ കാവ്യനോവലിന്റെ അനുഭവത്തിൽ ഇതുറപ്പുമായി .
എങ്ങനെയും വായിക്കാവുന്ന ഏതു വിധവും വ്യാഖ്യാനിക്കാവുന്ന കൃതിയാണ് മധുരം ഗായതി . അദ്ദേഹത്തിന്റെ അവസാന നോവൽ ഇതാണെന്ന് തോന്നുന്നു . 1990 ലാണ് ആദ്യ പ്രതി ഇറങ്ങിയിരിക്കുന്നത് . അക്കാലത്തെ ആധുനികതയുടെയും യന്ത്രവത്കരണത്തിന്റെയും അസാധാരണമായ ആവേഗത്തിൽ അതിശയിച്ച ,ആശങ്ക ജനിച്ച വിജയൻ മറ്റു പലതിനോടും കൊരുത്ത് മനുഷ്യവർഗ്ഗത്തോടുള്ള കാവ്യനീതി നടപ്പാക്കുന്നു ഈ കൃതിയിൽ . പുതുകാല നോവലുകളുടെ കുറ്റിയിൽ കെട്ടിയിട്ട് യുക്തിയും ബുദ്ധിയും കൊണ്ട് താരതമ്യം ചെയ്യാൻ കഴിയില്ല ഇതിനെ . ആത്മീയവും ആദർശധീരവുമായ ഒരു മാനസികാവസ്ഥയുടെ ഔന്ന്യത്തത്തിൽ മാത്രം സാധ്യമാകുന്നതാണ് ഈ രചനയുടെ വായനയും .
കഥാപാത്രങ്ങൾ , സുകന്യയെ കാണാൻ അസംഖ്യം മൺചുറ്റുകളിൽ നിന്ന് വേരുകൾ അഴിച്ചെടുത്തു വഴിയാകെ നടന്നു വന്ന , പിന്നെ അവളെയുമെടുത്ത് , അപഹരിക്കപ്പെട്ട നന്ദിനി പയ്യിനെയും അവളുടെ അച്ഛനമ്മമാരായ മൃത്യുഞ്ജയനെയും ദേവയാനിയെയും തിരഞ്ഞു ഉത്തരാർദ്ധ ഗോളത്തിലേക്കു പറന്ന മഹാവൃക്ഷം ആൽമരം .തിന്മയുടെ ആണവ സ്‌ഫോടനത്തിനു ശേഷം രണ്ടായി പൊട്ടിപ്പിളർന്നു പോയ ഭൂമി ഇന്ന് രണ്ടു അർദ്ധഗോളങ്ങളാണ് . ഉത്തരാര്ധ ഗോളത്തിൽ , യുക്തിയുടെ പരിപൂർണതയുള്ള യന്ത്രങ്ങളുണ്ട് . മഹായന്ത്രം അനേകം മനുഷ്യരെ നിർമിച്ചിരിക്കുന്നു . അവിടെ കൃതൃമമായ ഒരു ഭൂമി ഉണ്ടായി വന്നിരിക്കുന്നു,ഭ്രമണ പഥമില്ലാത്തൊരു പാതിഭൂമി . സുകന്യയുടെ പ്രിയപ്പെട്ടവർ അപഹരിക്കപ്പെട്ടത് അവിടേക്കാണ് . നന്ദിനിയുടെ അമൃത് ചുരത്താൻ മഹായന്ത്രം അവരെ തടവിലാക്കിയിരിക്കുന്നു .ദക്ഷിണാർത്ഥ ഗോളത്തിലാകട്ടെ , പ്രാകൃത മനുഷ്യർ , പ്രകൃതിയിൽ പറ്റിവളരുന്ന സസ്യ സമൂഹങ്ങൾ , ജൈവികത ....
കഥയേക്കാൾ കഥ പറഞ്ഞ രീതിയാണെന്നെ ആകർഷിച്ചത് . നൂറു പേജിൽ എത്രയെത്ര സൂക്ഷ്മചിന്തകൾ . ശാസ്ത്രത്തോടുള്ള ഭയം , വസ്തുക്കളോടും വസ്തുതകളോടുമുള്ള അനിയന്ത്രിതമായ ആവേശം മൂലം തകരാനിരിക്കുന്ന ഒരു ഭൂമിയെ കരുതിയുള്ള അദൃശ്യ വിലാപം . ആത്മാവിന്റെ അപൂർണതയിലുള്ള ആനന്ദം , മോക്ഷം എന്ന സങ്കൽപം , പ്രജ്ഞയെന്ന അത്ഭുതം , മരണാനന്തര പരിണാമം , ഊർജത്തിന്റെ ,പ്രണയത്തിന്റെ സങ്കൽപ്പാതീതമായ സാധ്യതകൾ ..
നന്ദിനിയും ദേവയാനിയും മൃത്യുഞ്ജയനും ദേവദത്തനും ഭഗവാൻ ശ്രീകൃഷ്ണനുമൊക്കെ പുരാണങ്ങളിൽ നിന്ന് വിടുതൽ നേടി സ്വതന്ത്രരായി, എന്നാൽ സ്വഭാവവ്യതിയാനമില്ലാതെ 'മധുരം ഗായതിയിൽ' പ്രത്യക്ഷരാകുന്നുണ്ട് . അപക്വമായ ശാസ്ത്രോപയോഗത്താൽ വന്നുപെടാവുന്നൊരു സർവ്വനാശ സൂചനയും ,അതിൽ നിന്നും കര കയറാൻ കഴിയുമെന്നൊരു പ്രത്യാശയുമൊക്കെ ചേർന്ന് .. വായനക്കാരന് പൂരിപ്പിക്കാവുന്നൊരു കവിതയാണ് ഈ കൃതി .
ഇംഗ്ളീഷിലെ വാൾ -ഇ എന്ന ആനിമേഷൻ ചിത്രം കൈകാര്യം ചെയ്തൊരു പ്രമേയത്തോടു ഒരുപാട് സാമ്യം തോന്നി മധുരം ഗായതിയോടു . ഒരേ നേരം നിർമ്മലവും , പ്രതീക്ഷാനിർഭരവും ,താക്കീതും ജാഗ്രതയും ആവശ്യപ്പെടുന്നൊരു രചന . സരളമായ ഈ ഭാഷ ഒ .വി വിജയന്റേതു തന്നെയോ എന്ന് ഇടയ്ക്കിടെ പുഞ്ചിരിയോടെ ഞാൻ ഓർക്കുന്നുണ്ടായിരുന്നു . കൊച്ചു വായനാ പട്ടികയിലേക്ക് , നിർദേശിക്കാൻ കഴിയുന്ന ഈ സ്നേഹ വായനയെ - മധുരം ഗായതിയെ കൂടി ചേർത്ത് വെക്കട്ടെ ..
വായനാലസ്യത്തിൽ 
ആദിവായന

ചാവുനിലം -ചാകാത്ത വായന

പതിവിലും വൈകിയാണ് അവസാന പുസ്തകം വായിച്ചു തീര്‍ന്നത് . പൊതുവില്‍ സാഹിത്യവായന ചുരുങ്ങിയിട്ടുമുണ്ട് . ഒരുപാട് നാള്‍ മുന്‍പാണ് ,ഏതോ ഒരു മാസികയില്‍ വായനകുറിപ്പ് പോലെ 'ചാവുനിലം' എന്ന നോവല്‍ പരിചയപ്പെട്ടത് . തീക്ഷ്ണമായ ഭാഷയില്‍ പുസ്തകത്തെ പരിചയപ്പെടുത്തിയിരുന്ന ആ കുറിപ്പ് കണ്ടപ്പോ നിര്‍ബന്ധമായും ഇത് വായിക്കണമെന്ന് കുറിച്ചു വെച്ചു .ഒരാഴ്ച മുന്‍പ് യുണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്ന് അബദ്ധത്തിൽ കണ്ടെടുത്തു. വൈകുന്നേരങ്ങളില്‍ അല്പാൽപമായി നുണഞ്ഞു തീര്‍ത്തു .
മുൻപ് അറിയുന്ന, ചിലപ്പോഴൊക്കെ തീര്‍ത്തും അറിയാത്ത ഒരിടത്ത് ഒറ്റക്ക് എത്തിയത് പോലെ ഒരു വായന . പരമ്പരകളുടെ കഥ അടുക്കിയും വലിച്ചു വാരിയും നിഗൂഡമായ ഏതോ ഒരു ക്രമത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നു.
തയ്യല്‍കാരന്‍ മിഖേലാശന്‍ പാഴ്നിലത്തെ ഭയപ്പാടുകള്‍ മറികടന്ന്‍ മെരുക്കിയെടുത്തതിൻറെ പാപഫലം തലമുറകളിലൂടെ കൈമാറി ഇനാശുവിലും ആനിയിലും എത്തി ചിതറിയ കഥ .അനിവാര്യമായ ദുരന്തങ്ങളുടെ മണിമുഴങ്ങുന്ന തുരുത്തിലെ പള്ളി.ആ ദേവാലയത്തിന്‍റെ തണുപ്പിലമര്‍ന്ന്‍ പാപികളുടെ പറുദീസയായ തുരുത്തിനെ സ്നേഹിച്ചു പരിപാലിക്കുന്ന യോനസച്ചന്‍. മിഖേലാശാന്‍ മറിയത്തിനു മാറി മാറി വര്‍ണ്ണ രാത്രികളില്‍ സ്നേഹപൂര്‍വ്വം സമ്മാനിച്ച്‌ കടന്നു കളഞ്ഞ മൂന്ന്‍ മക്കള്‍ . പേറു, ഈശി , ബാര്‍ബര . ഈശിയുടെ നനഞ്ഞ അനാഥമായ മരണത്തില്‍ നിന്നാണ് ചാവുനിലം തുടങ്ങിയത്. ഈശിയിലൂടെ പ്ലമേനയും അനത്താസിയും അംബ്രോസും അഗ്നീസയും കത്രീനത്താത്തിയും റജീനച്ചൂചിയും മാലഹ റപ്പയും ലോപ്പസ് സായുവുമൊക്കെ കടന്നിറങ്ങി പോയി.
മറ്റൊരാളോട് വിവരിക്കാന്‍ തക്ക നിസാരമല്ല ചാവുനിലത്തിലെ കഥകള്‍ . രതിയും വിദ്വേഷവും പാപവും അത്ഭുതങ്ങളും നിസാരതകളും കൊണ്ട് അത് ജീര്‍ണിച്ചിരിക്കുന്നു. തുരുത്തില്‍ നിന്ന് തെറിച്ചു പോയ പാഴ്നിലത്തിലെ കുഷ്ടം പിടിച്ച തണുത്ത വലിയ വീട്ടിലേക്കു അതടഞ്ഞു കിടക്കുന്നു. ചലവും മലവും ശുക്ലവും വീണ പറമ്പുകള്‍ കൊണ്ട് അത് പ്രേതാബാധയേറ്റിരിക്കുന്നു.
കഥ പറയുന്നില്ല. പേരുകള്‍ പോലെ മനുഷ്യരും പെട്ടെന്ന്‍ വായനക്കാര്‍ക്ക് വഴങ്ങിക്കിട്ടാത്ത പ്രകൃതക്കാരാണ്‌. ചാവുനിലത്തിന്റെ അകത്താളുകള്‍ കടന്നാല്‍ പുറത്തിറങ്ങാന്‍ പ്രയാസവുമാണ്.കൊച്ചിയുടെ അഴുകിയ പഴയ മുഖം ,അതിനുള്ളിലും കെടാത്ത നിഷ്കളങ്കത. ആധുനികതക്ക് നിരക്കാത്ത സദാചാര മൂല്യങ്ങള്‍. മനുഷ്യര്‍ മനുഷ്യരായി തന്നെ അഴിഞ്ഞുലയുന്ന നിസാരതകള്‍ ,നിസ്സംഗതകള്‍ ,നിസ്സഹായതകള്‍ . ചാവുനിലം വായിക്കുന്നതിനു മുൻപ് ഫ്രാന്‍സിസ് ഇട്ടിക്കോരയൊക്കെ വായിച്ചിരുന്നത് കൊണ്ടാകണം, പുതിയ നോവലുകളുടെ ആദ്യ വായനയുണ്ടാക്കുന്ന ഭാഷയിലെയും ഭാവുകത്വതിലെയും പ്രമേയത്തിലെയും അസാധാരണത്വം ഞെട്ടലായി പരിണാമപ്പെടാതിരുന്നത്. മലയാള നോവല്‍ പുതിയ വഴിയിലാണ്. പരീക്ഷണത്തിന്റെതും പ്രാദേശികതയുടെതുമായ വഴിയില്‍ .
ഓരോ നാടിനും എത്ര വ്യത്യസ്തമായ കഥകളാണ് പറയാനുണ്ടാവുക .. എത്ര തരം മനുഷ്യരെയാണ് പരിചയപ്പെടുത്താനുണ്ടാവുക . അവ കണ്ടെടുക്കാനുള്ള തിരക്കിലാണ് എഴുത്തുകാര്‍ എന്ന് തോന്നും ഇവ വായിക്കുമ്പോ .. എനിക്ക് മാത്രം തോന്നുന്നതാകുമോ എന്ന് ധാരണയില്ല ,എങ്കിലും ജ്യേഷ്ഠൻഫ്രാന്‍സിസ് നൊരോണയുടെയും ചങ്ങാതി ആന്റോ സാബിന്റെയും വാക്കുകള്‍ ഇതേ വഴിയില്‍ തന്നയല്ലേ സഞ്ചരിക്കുന്നത് എന്ന് ശങ്കിച്ചു..
തഴയപ്പെട്ടവയെ കഥയായി പരുവപ്പെടുത്തുന്ന പി.എഫ് മാത്യൂസെന്ന നോവലിസ്റ്റില്‍ കൗതുകം കിളിര്‍ത്തു. മറ്റൊരു വായനക്കുള്ള ഇന്ധനമാകാന്‍ പാഴ്നിലത്തിലെ ശവങ്ങളുടെ ഉറഞ്ഞ ഗന്ധത്തിനാകും എന്ന ഭയാനകമായ പ്രത്യാശയില്‍ ....
ആദിവായന