Sunday 13 December 2015

പച്ചിലകൾ കരയാറുണ്ട്...

കരുതുന്നിടത്തോളം ശരിയല്ല കാര്യങ്ങൾ
പച്ചിലകളും കരയാറുണ്ട്
(അതോ..
പച്ചിലകൾ കരയാറുമുണ്ടെന്നോ... )
കഴിഞ്ഞ രാത്രിയിലും കഥ പറഞ്ഞ
ജരാനര മഞ്ഞിച്ച
ഞരമ്പു തേഞ്ഞു തീർന്നൊരുവൾ
കാലത്ത് കാരണമില്ലാതെ വീണു മരിച്ചപ്പോ..
കൺമുന്നിലിട്ട് തട്ടിക്കളിച്ചൊരീർക്കിലിച്ചൂല്
കൂട്ടത്തിലിട്ടവളെ കൊളളി വെച്ചപ്പോ
പുകയുന്ന ഓർമയിൽ വെന്ത്
പെങ്ങളിലകൾ വാടി വീഴുമ്പോ..
കെട്ടിപ്പിടിക്കുന്ന ഞെട്ടിനെ
തട്ടി മാറ്റാൻ വയ്യാതെ
വിറങ്ങലിച്ചോരില - പച്ചില;
കരയുന്നുണ്ടവിടെ
ചുടുനെടുവീർപ്പുമായ്..!
ആ ശ്വാസമെടുത്തിട്ടാകണം
അതികാലത്തെന്റെ തൊണ്ടക്കുഴിയിൽ
ഈ കണ്ണീർത്തുളളിയിങ്ങനെ..!!

( ആദില കബീർ )

വേരുകൾ...

വേരുകൾ...
രഹസ്യങ്ങളുടെ ഇരുണ്ട ഞരമ്പുകളാൽ
ആണ്ടിറങ്ങിയിട്ടും പടർന്നിടറിയിട്ടും,
അന്തപുരവാർത്തകൾ
ആരോടും പറയാതെയിഴഞ്ഞു നീങ്ങുവോൾ..
മണ്ണകത്തളത്തിന്റെ മാനം കാക്കുവോൾ..
വസന്തം വലിച്ചെറിഞ്ഞ്..
വരണ്ട വേദനയിലേക്ക്
വിയർപ്പു തുളളികൾക്കായ്
വീടു വിട്ടവൾ...
വേരുകൾ!
"തീർത്ഥാ "sകർ

ആദില കബീർ
(Pic courtesy : Ijas MA)

കാട്ടുപൂക്കൾ

കരുതിവെക്കപ്പെടുന്ന പൂക്കളേ...
നിർഭാഗ്യത്തിന്റെ നിറഭേദങ്ങളേ...
കാലം കണ്ടെടുക്കാത്ത കാട്ടുപൂക്കൾ,
ഈ ഞങ്ങൾ;
ഇതളുടയാത്തവർ,
റീത്തിൽ ചത്തിരിക്കാത്തവർ,
ഞെട്ടിന്റെ മുലഞെട്ടിലൊട്ടി അപഹസിക്കയാണു നിങ്ങളെ...,
കെട്ടുകാഴ്ചകളെ!
കാട്ടിലാണെങ്കിലും കൂട്ടിലല്ല ഞങ്ങൾ
വിലയിടിഞ്ഞാലും വീണ്ടും പൂക്കുന്നവർ... !!!

ആദില കബീർ

നെഞ്ചുനീറിയൊരു രാരീരം..

നോവാതെ നീ മരിച്ചിരിക്കുമെന്ന്
വെറുതേയെങ്കിലും..
നിനയ്ക്കട്ടെ ഞാൻ കൺമണീ.
കടലുപ്പും കണ്ണീരുപ്പും കുഴച്ച്
നിനക്ക് മാമുണ്ണാൻ ഇനി ബലിച്ചോറ്..
താരാട്ടിലുറക്കാൻ അലയാഴിയൊഴുക്ക്,
നീ മയങ്ങുന്നതീ കടലമ്മയുടെ മടിത്തട്ട്... !കണ്ണേയുറങ്ങുക ...
ഈ മണ്ണിലിനിയുണരാതിരിക്കാൻ
നീ മയങ്ങുക...
നെഞ്ചുനീറിയൊരു രാരീരം

നോവിക്കാതിരിക്കാൻ മാത്രം ..

നിന്നെ നോവിക്കാതിരിക്കാൻ മാത്രം
ഞാൻ മറക്കുന്ന ചിലതുണ്ട് കൂട്ടുകാരാ ..
എന്തിനെന്നോ ?
വല്ലപ്പോഴുമെങ്കിലും .
നോവിന്റെ കൈപുനീരെനിക്കൊറ്റക്ക്‌ വേണം .
പങ്കുപറ്റരുത്
കനച്ച കരളിന്റെ ചവർപ്പാണതിന്
എന്റെ കനവു കനച്ച ചവർപ്പ് .
ആദി വെറുതേ ...

വഴി മാറിയൊഴുകിയ പുഴകൾ

ശ്വാസം മുട്ടുന്നുണ്ടെനിക്ക്
പറയില്ലെന്നുറച്ച് പണ്ട് ഞാൻ മടങ്ങുമ്പോൾ
നിനക്കും ചോദിക്കാമായിരുന്നു :
ഇഷ്ടമായിരുന്നില്ലേയെന്ന് ..!!!
മാറിയൊഴുകുന്ന
എന്റെ സ്വപ്നങ്ങളെ കടന്നാക്രമിച്ചിട്ട്
ഇനിയെന്ത് പ്രയോജനം ?
നോക്ക് .....
ഇന്നു ഞാൻ നിന്റെ കൈവഴിയല്ല
ഒരു ജീവനെ തളരാതെ കാക്കുന്ന ഉറവയാണ്.
നീരുറവ !
എന്റെ വഴികളിൽ ഒഴുകിക്കയറരുത് ..
പ്രളയം തീർക്കരുത് ..
വഴി തെറ്റിക്കരുത് ..
വഴി മാറിയൊഴുകിയ പുഴകൾ കണ്ടുമുട്ടും പോലെ,
നമുക്കിനി രണ്ടായിതന്നെ ഒഴുകിയകലാം
ഇന്നലെകളെ അടിയൊഴുക്കിലേക്ക്
തള്ളിയിടാം ..
(ആദിപ്പുഴ )

അകലങ്ങളിലെ കലാം ..

( ഒക്കെയും കഴിഞ്ഞ് ഒടുവിലെന്റെ വാക്ക് .... )
അകലങ്ങളിലെ കലാം ..
ഞാനങ്ങയുടെ സമകാലിക ..
കാലത്തിന്റെ കണക്കു പുസ്തകത്തിൽ ,
കാണാമറയത്തെ സഹയാത്രിക .

അങ്ങ് ഗോളന്താരങ്ങളുടെ
ഗണിതങ്ങൾ കുരുക്കഴിക്കുമ്പോൾ
ഞാൻ "അഗ്നിച്ചിറകി"ലേറി
പിന്നാലെ വന്നിരുന്നു ,
"ജ്വലിക്കുന്ന മനസ്സു"മായ്
അങ്ങ് തീവണ്ടിക്കു പിന്നാലെ പായവേ
പത്രക്കെട്ടുകൾ എന്നെ നോക്കി പരിഹസിച്ചിരുന്നു ..
"അങ്ങൊന്നാമനായിരുന്നു" ..
ഞാൻ പിന്നിൽ ,
അങ്ങയെ കാണാൻ മാത്രമൊളിച്ചിരുന്നിരുന്നു .
ആ കണ്ണുകൾ ആകാശം കണ്ടിരുന്നു ,
ഞങ്ങളുടെ ആകാശമാകട്ടെ അവയായിരുന്നു !
അങ്ങ് ശാസ്ത്രത്തിന്റെ "ദൈവവചന"മായിരുന്നു
ഞാനങ്ങയെ പൂജിച്ചിരുന്നു ..
മിസൈലുകളുടെ മിന്നൽ വേഗത്തിൽ
അങ്ങ് പറന്നുയരുമ്പോൾ
അങ്ങേക്ക് 'യാത്രാ'മംഗളങ്ങൾ
"ഇന്ത്യയുടെ ആത്മാവിനു "നിത്യശാന്തി
ഇരുപതുകളുടെ ഇന്ത്യയെ പിന്തുടരാൻ
ഇനിയെന്റെ കാലുകൾ അങ്ങേയ്ക്ക് ദക്ഷിണ .
കാണാത്ത കാല്പാദങ്ങളിൽ ,
സ്വപ്നങ്ങളാൽ അശ്രുധാര !
(ആദിവേദന)

ആയുഷ്മാൻ ഭവതീ ...

പെണ്ണേ.....
നിന്റെ നിലപാടുകളോടല്ല,
നിലവിളികളോടാണ് ഞങ്ങൾക്കു ഹരം.
ഒഴുകുന്ന കണ്ണുനീരിനെ
കവിതയാക്കുന്നതിലാണേറെ സുഖം..
ആയതിനാൽ......
അഭിപ്രായങ്ങൾ
അടുക്കളവാതിലുവഴി ഒഴിച്ചു കളയുക.
പൂമുഖവാതിൽക്കൽ പൂന്തിങ്കളാവുക
എണ്ണ വറ്റാതെ എരിഞ്ഞു കത്തുക..
ആയുഷ്മാൻ ഭവതീ ...
ആശംസകൾ....!

ആദിത്തിരി

ദേശീയ വനിതാ സംഗമം

ദേശീയ വനിതാ സംഗമം ഭംഗിയായ് അവസാനിച്ചു. രണ്ടാം ദിവസം ആരോഗ്യ പ്രശ്നം മൂലം മുഴുവൻ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ ദിവസം ഒരനുഭവം തന്നെയായിരുന്നു. രാജ്യത്തിന്റെ പല കോണിൽ നിന്നും സാമൂഹത്തിൽ സ്ഥാനമുറപ്പിച്ച പെൺ ശബ്ദങ്ങൾ തങ്ങളുടെ ലോകത്തെ അടയാളപ്പെടുത്തി സംസാരിച്ചു.സംസ്ക്കാരം., രാഷ്ട്രീയം, സാമ്പത്തികം എന്നീ രംഗങ്ങളിലെ പെണ്ണിനെ വിശകലനം ചെയ്യുന്ന മൂന്ന് പാരലൽ സെഷനുകൾ. ഞാൻ സംസ്ക്കാരം എന്ന സംഘത്തിൽ നവ മാധ്യമങ്ങളിലെ പെണ്ണിടങ്ങൾ എന്ന വിഷയത്തിൽ പേപ്പറവതരിപ്പിച്ചു.. ഹൃദ്യമായ പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളും പ്രോത്സാഹനവുമൊക്കെ ണ്ടായെങ്കിലും ഒരു പയ്യൻ വല്ലാതെ വെറുപ്പിൽ സ്വകാര്യമായ് വന്നു വഴക്കുമിട്ടു കേട്ടോ... കാര്യം ഇപ്പൊ ഓർത്തിട്ട് ചിരി വരുന്നുണ്ടെങ്കിലും അന്നേരം വല്ലാണ്ട് ബുദ്ധിമുട്ടായിരുന്നു.. ന്റ പ്രസന്റേഷനിൽ for a better fb എന്ന കാമ്പൈയ്‌നെ കുറിച്ച് സൂചിപ്പിച്ചിരുന്നു... അവിടെ ഇതേ കാബെനെക്കുറിച്ച് ശ്രീ വെങ്കിടേശിന്റെയും തോമസ് ഐസക്കിന്റെയും വിശദീകരണമടങ്ങിയ ഒരു പോസ്റ്ററാണ് നൽകിയത്... അതായിരുന്നു ലഭ്യമായിരുന്നത്. പയ്യൻസ് ബഹളമുണ്ടാക്കിയത് മൂവ്മെന്റ് തുടങ്ങിയ പത്ത് വനിതകളുടെ പേര് ,ചിത്രം ഇവ ഉൾപ്പെടുത്താതെ സഖാക്ക ളുടെ പരസ്യം നൽകി എന്ന് പറഞ്ഞും. എന്താ ചെയ്ക... ലഭ്യമായത് നൽകി എന്നല്ലാതെ മറ്റുദ്ദേശങ്ങളൊന്നും നിക്കില്ലായിരുന്നല്ലോ.. മാത്രല്ല ഇവരെയൊക്കെ കുറിച്ചും ഇവരുടെ പോസ്റ്റുകളെയും പ്രശ്നങ്ങളെയും സംബന്ധിച്ചും സംസാരത്തിൽ ഞാൻ വിശദമാക്കിയതുമാണ്. എന്തായാലും ഒരു നല്ല വിമർശനമെന്ന നിലയിൽ ഞാനത് ഉൾക്കൊള്ളുകയും കക്ഷിയോട് ക്ഷമിക്കണം അടുത്ത തവണ അതൂടി ഉൾപ്പെടുത്തി ശരിയാക്കാംന്നും പറഞ്ഞു .. എന്നാ അത് കേൾക്കുമ്പാ മര്യാദയോടെ സംസാരിക്കേണ്ടുന്നതിനു പകരം ആളു പറഞ്ഞത്... എന്തായാലും നിങ്ങള് കാട്ടിത് തെണ്ടിത്തരാണ്, പരസ്യായ് എഫ്ബിലു മാപ്പു പറയണം ,തെറി വിളിക്കയാണ് ചെയ്യേണ്ടത് എന്ന്...
ഇത്രയുമായ സ്ഥിതിക്ക് ...
ആദ്യായും ഒരു പക്ഷേ അവസാനമായും കണ്ട അജ്ഞാതനായ യുവാവേ... താങ്കളSക്കമുള്ള അനേകമാളുകളുടെ പ്രശ്നം ഇതാണ്... തെറി പറഞ്ഞ് പെണ്ണിനെ ഒതുക്കും എന്ന ധാരണ.. അസഹിഷ്ണുവായ താങ്കളെ അപ്പോൾ ഞാൻ കേട്ടു നിന്നത് മാറ്റത്തിനു വേണ്ടി പൊരുതുന്ന മായാലീലയുടെയും പ്രീതയുടെയും അടക്കമുള്ളവരോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്... അവരാവശ്യപ്പെടുന്ന ഇടത്തിന് ഇടങ്കോലാകുന്നത് താങ്കളെ പോലെ വെറുതേ അലറുന്ന ചില കോമാളികൾ തന്നെയാണ്.
എന്റെ സംസാരം, ഭാഷ, ആശയം.. അതെന്റെ സ്വാതന്ത്യമാണ്...അവരാവശ്യപ്പെട്ടപ്പോൾ നിങ്ങൾ കുട പിടിച്ച അതേ ആവശ്യം മറ്റൊരു പെണ്ണ് പറയുമ്പോൾ നിങ്ങൾക്കത് അംഗീകരിക്കാനായില്ലെങ്കിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...
പിന്നെ.... ആ പത്ത് പേരുണ്ടല്ലോ, അവരീ മുഖപ്പുസ്തകത്തെ നന്നാക്കാൻ തുനിഞ്ഞത് പ്രശസ്തിക്കു വേണ്ടിയല്ല... അത് കൊണ്ട് തന്നെ അവരോട് മാപ്പപേക്ഷിക്കേണ്ട കാര്യവുമില്ല... ദയവായ് മറ്റൊരാളോട് അവരുടെ സുഹൃത്താണ് എന്ന് സ്വയം പറയാതിരിക്കുക. അവരെ നാണം കെടുത്താതിരിക്കുക...
എവിടെയെങ്കിലുമിരുന്ന് അങ്ങിത് വായിക്കും എന്ന പ്രത്യാശയിൽ
ആദി

എന്റെ ദത്തൻ സർ... (october 1)

ഇനിയൊന്നും ചെയ്യാനില്ലാത്തത് പോലെ മുന്നിൽ ഒരു മഹാശൂന്യത. എന്നെ, എന്റെ കവിതയെ ആലപ്പുഴയുടെ അതിരിൽ നിന്നും പിച്ചവെപ്പിച്ച സ്നേഹം ,കാലുറയ്ക്കും മുൻപ് കളഞ്ഞു പോയ്.ഒന്നുമറിയാതെ ഞാൻ പുതച്ചുറങ്ങിയ സ്നേഹപ്പുതപ്പ് പറിച്ചെടുത്ത പോലെ ഉള്ളിൽ തളം കെട്ടിയ തണുപ്പ്. എന്റെ ദത്തൻ സർ.
"മോൾടെ കവിതകളിലെവിടൊക്കെയോ നിരാശയുടെ നിഴലു ഞാൻ കാണുന്നു... നമുക്കത് വേണ്ട മോളേ"യെന്നൊരു ജനാവലിയുടെ മുന്നിലെന്നോട് പറഞ്ഞ, കാണുന്ന ഓരോ നേരത്തും ചേർത്തണച്ച് ആ ശിരസെന്റെ നെറുകയിൽ ചേർക്കുന്ന ,ആത്മവിശുദ്ധിയുളള ഒരു വെള്ളരിപ്രാവ്. രാഷ്ട്രീയത്തിനും വിശ്വാസത്തിലും എതിർ ചേരിയിലുള്ളവർ പോലും ,ഒരേയാ ഴത്തിൽ ആദരിച്ച വ്യക്തിത്വം... മരണപ്പെട്ടു എന്ന് ഒരു രാത്രി പിന്നിട്ടിട്ടും മനസ്സംഗീകരിക്കുന്നില്ല... അടുത്ത ദിവസങ്ങളിൽ ഒന്നിലെങ്കിലും ആ ശബ്ദം ഇനിയും കേൾക്കും എന്ന് വെറുതേ ഒരു പ്രതീക്ഷ.. ത്രിവർണ പതാകയുടെ ഹൃദയത്തിലൊരു ചർക്ക പുതച്ച് തണുപ്പിലിന്നലെ അങ്ങുറങ്ങുന്നത് കണ്ടപ്പോൾ ,സഹിക്കാനാകുന്നില്ല. രക്താർബുദത്തിന്റെ കനത്ത നോവുകൾ അനുഭവിച്ചില്ലല്ലോ എന്നെല്ലാവരും പറയുന്നു. എന്നാലും.... ആലപ്പുഴയിലുടനീളമുയർന്ന ഫ്ലക്സ് ബോർഡുകളിൽ ആദരാഞ്ജലികൾ കണ്ടിട്ടും... ഇനിയാരൊക്കെയത് ആവർത്തിച്ചാലും ആദിയ്ക്കതിനാവില്ല.. അങ്ങില്ലാതെ ഒരമ്പലപ്പുഴ ചിന്തകളിൽ പോലും അസഹനീയമാണ്.പൊതു വേദികളിലെവിടെയെങ്കിലും വെച്ച് വെളളക്കുപ്പായത്തിലെ ആ ഗാന്ധിച്ചിരി ഇനിയുമെന്നെ മോളേയെന്നു വിളിച്ചോടിയെത്തുമെന്ന പ്രതീക്ഷയിൽ ..... വെറുതേയൊരു പ്രതീക്ഷയിൽ
പിറക്കാതെ പോയൊരു കുഞ്ഞ്
ആദി

ആകാശവസന്തം

നക്ഷത്രങ്ങൾ മൊട്ടിടുന്നതിനൽപം മുൻപ്
ആകാശത്തൊരു വസന്തം വിരിഞ്ഞിരുന്നു..
നിറക്കൂട്ടു കുഴച്ചു വരച്ച
ഉത്തരാധുനിക ചിത്രശാലയെന്ന പോൽ
അന്നേരമവൾ തുടുത്തു നിന്നു...
തേക്കിലത്തളിരു കുത്തിയരച്ച പോലവൾ..
സന്ധ്യ ...!
അനുരാഗത്തിന്റെ ആഴമളക്കാൻ
ചക്രവാളം അവനെ തടവറയിലടക്കുന്നു..
'ഇരുളിമ' ..
നെരിപ്പോടടങ്ങും പോലൊരു രാത്രി.
എങ്കിലും എനിക്കറിയാം.....,
നാളെയൊരു പകലുണ്ടാകും..
അമ്പിളിപ്പഴം പഴുത്തു പാകമാകുന്നതിൻ മുൻപ്
ഒരിളവെയിൽചൂട് എന്നിലുദിക്കും
ശൈത്യം ശിശിരത്തിനു വഴിമാറും..

ആദിസൂര്യൻ

ട്രാന്‍സ്

ഒരു കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ ഒരുപാട് സംതൃപ്തി തോന്നിയ ദിവസമായിരുന്നു ഇന്ന്... പരീക്ഷകൾ പിടിവലി തുടങ്ങിക്കഴിഞ്ഞു.. പാഠഭാഗങ്ങൾക്കപ്പുറം കഴമ്പുള്ളതെന്തെങ്കിലും പങ്കുവെക്കപ്പെടുന്നൊരു ക്ലാസ്മുറി സത്യത്തിൽ ഒരു വനിതാകലാലയത്തിൽ ,സെമസ്റ്റർ സിസ്റ്റത്തിന്റെ ചൂടിൽ ഉണ്ടാവുകയേയില്ല എന്ന് കരുതിയതാണ്... പ്രിയപ്പെട്ട ജ്യോതി മിസ്സിനു നന്ദി... ! യുവസമിതി പഠനസംഘത്തിന്റെ ഭാഗമായ് കഴിഞ്ഞ മാസം കണ്ടുമുട്ടിയ ആണും പെണ്ണുമല്ലെന്ന് സമൂഹം വിധിയെഴുതിയ ട്രാൻസ്ജെന്റുകളെ സംബന്ധിച്ച് അവരുടെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും സംബന്ധിച്ച് ഹുമൻ റൈറ്റ്ക്ലബ് അംഗങ്ങളായ കുട്ടികളോട് സംസാരിച്ചു .. പുറത്തനേകം പൊതുപരിപാടികളിൽ സംസാരിക്കുന്നതിനേക്കാൾ സന്തോഷം തോന്നി.. മറ്റൊന്നും കൊണ്ടല്ല, ഇങ്ങനെയൊരു വിഷയം ആദ്യമായ് കേൾക്കുമ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ആകാംശയായിരുന്നു കാരണം...
അന്ന് യുവസമിതി കൂടിയിരുപ്പിൽ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ വൈവിധ്യങ്ങളുടെ കല എന്ന പോലെ ട്രാന്‍സ് ജന്ററുകളുടെ ശാസ്ത്രം പറഞ്ഞു. എന്തിനെയും രോഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വൈദ്യശാസ്ത്രം ആധുനികതയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോഴും മനശാസ്ത്രജ്ഞരുടെ മനം മടുപ്പിക്കുന്ന ചികിത്സയല്ലാതെ എന്താണ് ട്രാന്‍സ്‌ജെന്ററുകള്‍ രൂപപ്പെടാനുള്ള കാരണമെന്നും അത് ചികിത്സിച്ച് മാറ്റേണ്ട രോഗമല്ലെന്നുമുള്ള ധാരണയില്ലായ്മ നടുക്കുന്നതാണ്. ലിംഗനിര്‍ണ്ണയത്തില്‍ XX പെണ്ണും, XY ആണും എന്ന് പഠിച്ചും പഠിപ്പിച്ചുമിരിക്കുന്ന നമുക്ക് അതിനപ്പുറമുള്ള XO,XXY,XXXY,XXXXY,XYY,XXX എന്നിങ്ങനെ ജനിതകഘടനയുള്ളവര്‍ക്ക് ശാസ്ത്രീയമായി എന്ത് പേരുവിളിക്കണമെന്ന് ഇപ്പോഴും വ്യക്തതയില്ല. ലിംഗം, ലിംഗത്വം, ലൈംഗികത, ലൈംഗിക താല്‍പര്യം, ലൈംഗിക വ്യക്തിത്വം, ലൈംഗികാവിഷ്‌കരണം തുടങ്ങി കുഴഞ്ഞുമറിഞ്ഞ അനേകം പദപ്രയോഗങ്ങള്‍. ഇവിടെ ഒരു വ്യക്തിയുടെ ലൈംഗികത നിശ്ചയിക്കുന്നത് മതമോ സമൂഹമോ ആകുമ്പോള്‍ വ്യക്തിയുടെ പ്രാധാന്യം എന്താണ്?
ഡോക്ടറുടെ അവതരണത്തിനുശേഷം ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ട ശീതള്‍, ഫൈസല്‍ എന്നിവരുമായി പഠനസംഘം സംവദിച്ചു. 'എന്റെ ശരീരം പുരുഷന്റേതാണ്, മനസ്സ് ഒരു സ്ത്രീയുടെയും അത്‌കൊണ്ട് ഞാന്‍ ഒരു പെണ്ണാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല.. ഞാൻ ഒരു ട്രാന്‍സ് ജെന്ററാണ.്' സ്ത്രീയോ പുരുഷനോ മാത്രമല്ലാതെ അനേകം ലിംഗഭേദങ്ങള്‍ മനുഷ്യസമൂഹത്തിലുണ്ടെന്ന് വിളിച്ചുപറയുന്ന ഒരു സമരവാക്യമായിരുന്നു ആ പ്രഖ്യാപനം. ആണുടലിന്റെ കായികക്ഷമതയും പെണ്ണകത്തിന്റെ വൈകാരികതയുമുള്ള ഈ അര്‍ദ്ധനാരികള്‍ അവരുടെ അനുഭവങ്ങള്‍ പഠനസംഘവുമായി പങ്കുവച്ചു. വഴിയരികില്‍ കാത്തുനില്‍ക്കുന്ന പരിഹാസം ഭയന്ന് പഠനം അവസാനിപ്പിച്ച ബാല്യകാലം, ട്രാന്‍സ്ജന്റര്‍ എന്ന് അടയാളപ്പെടുത്താനില്ലാത്ത കോളങ്ങളില്ലാത്തതിനാല്‍ എവിടെയും അവഗണന മാത്രം, അസ്ഥിത്വമില്ലായ്മയുടെ നെറുകെയില്‍ നിന്ന് പിന്നെ വീഴുന്നത് 'ലൈംഗികത്തൊഴിലാളി' എന്ന പദവിയിലേക്കാണ്. 3 വര്‍ഷത്തോളം ഹിജഡ കൂട്ടത്തില്‍ കഴിഞ്ഞ ശീതള്‍ സാക്ഷ്യപ്പെടുത്തുന്നത് പെണ്‍ശരീരത്തിന്റെ മുഴുപ്പും, മിനുസവും, നിറവും, മണവുമില്ലാത്ത ഇവരെ അവിടെയും അരികിലേക്ക് തള്ളിയിട്ടിരുന്നു എന്നാണ്. വ്യക്തിസ്വാതന്ത്രത്തിന് വിലങ്ങേര്‍പ്പെടുത്തുന്ന മതധാര്‍മ്മികതയോടും കക്ഷിരാഷ്ട്രീയത്തോടും വെറുപ്പാണവര്‍ക്ക്. LGBT സമൂഹത്തിനനുകൂലമായ വിധിയുണണ്ടായ ദിവസങ്ങളില്‍ അതിനെതിരായി കൊടിപിടിച്ച ജാതി മത സംഘങ്ങളിലെല്ലാം തന്നെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ മുഖങ്ങള്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് മുദ്രാഗീതം മുഴക്കുന്നുണ്ടായിരുന്നു.
പ്രണയം തോന്നിയവരൊക്കെയും ശരീരത്തെയാണ് പ്രാപിച്ചത്. പിന്നെന്ത് ധൈര്യത്തില്‍ വിവാഹജീവിതത്തിലേക്ക് കടക്കും? അവര്‍ ചോദിക്കുന്നു. പെണ്‍മനസ്സുകൊണ്ട് മറ്റൊരു പെണ്‍മനസ്സിനെ വിവാഹം ചെയ്യാനോ ശരീരം കൊണ്ടിണങ്ങാനോ അവര്‍ക്കാവില്ല. ദൃശ്യമാധ്യമങ്ങളില്‍ പെണ്‍വേഷം കെട്ടുന്ന പുരുഷന്മാരില്‍ പലരും പുറത്തുപറയാനാഗ്രഹിക്കാത്ത ട്രാന്‍സ്ജന്ററുകളാണ്. അല്ലെങ്കില്‍ ചാനല്‍ അധികൃതര്‍ ഇവരോടാവശ്യപ്പെടുന്നത് പുരുഷന്‍ എന്നു പറയാനാണ്. ഇവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ പ്രശ്‌നക്കാരായി കാണാനാണ് സമൂഹത്തിനിഷ്ടം.
LGBT കമ്മ്യൂണിറ്റികളിലല്ലാതെ അവരെ കേള്‍ക്കാനും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും യുവസമിതിയും പരിഷത്തും തയ്യാറായപ്പോള്‍ അവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അനുഭവങ്ങള്‍ പങ്കുവയ്ക്കലും, സംവാദങ്ങളും, കൂട്ടുചേര്‍ന്ന് പാട്ടും കളികളുമായി അവര്‍ പിരിഞ്ഞപ്പോള്‍ അര്‍ദ്ധരാത്രിയായി. പരിഷത്തടക്കമുള്ള ശാസ്ത്രബോധമുള്ള കൂട്ടായ്മകളില്‍ ഇവര്‍ക്ക് പങ്കാളിത്തം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പരിഷത്തിലേക്കുള്ള യുവസമിതിയുടെ ക്ഷണം അവര്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. മൂന്നാംലിംഗക്കാര്‍ എന്നുപറയുന്ന വാക്കുപോലും തരംതാഴ്ത്തലായി മാറുമ്പോള്‍ ഭാഷയും സംസ്‌കാരവുമെല്ലാം മാനവികതയിലേക്ക് ഉയരേണ്ടിയിരിക്കുന്നു...
മനുഷ്യരായ് ഇവരെ അംഗീകരിക്കാൻ കഴിയുന്ന നല്ലൊരു നാളെയുടെ പ്രതീക്ഷയിൽ
ആദില കബീർ

അറിയുമോ ഐ.സി.ചാക്കോയെ..?


പ്രശസ്തരുടെ ചരിത്രപ്പട്ടികയിൽ മഞ്ചലാടാതെ ജനിച്ചു ജീവിച്ചു മരിച്ചൊരാലപ്പുഴക്കാരനെ? കുട്ടനാട് മങ്കൊമ്പിൽ ഇല്ലിപ്പറമ്പിൽ കോരാ മകൻ ചാക്കോ... പഠനകാലത്ത് മരമണ്ടനായിരുന്നെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ബുദ്ധിജീവി... 9 ഭാഷകളിൽ അഗാധമായ പാണ്ഡിത്യം. തിരുവിതാംകൂറിലെ ആദ്യ ഭൂഗർഭശാസ്ത്രജ്ഞൻ. പ0നം ഒരു ലഹരിയായ് ഒടുവിൽ അറിയാത്ത ശാസ്ത്രമില്ലെന്ന നിലയിലായ ജ്ഞാനി.
ലണ്ടനിൽ മാർക്കോണിയുടെ മണമുണങ്ങാത്ത മുറിയിലിരുന്ന് പഠിച്ച് എണ്ണമറ്റ ബിരുദങ്ങൾ വാരിക്കൂട്ടി നാട്ടിലെത്തിയിട്ടും അടങ്ങിയിരിക്കാനാകാതെ മണ്ണിന്റെ മണമുള്ള കുട്ടനാട്ടിൽ മൂലം വള്ളംകളിയെ ഉണർത്തിയരങ്ങാക്കിയ ചരിത്രം. പ്രകൃതി സ്പന്ദനങ്ങൾ നെഞ്ചിലേറ്റി തണ്ണീർമുക്കത്ത് ബണ്ടു കെട്ടരുതേയെന്ന് നിരാഹാരത്തിന്റെ നോവിൽ പറഞ്ഞ് നിരാശനായവൻ... പമ്പാ ഡാമും തോട്ടപ്പള്ളി സ്പിൽവേയും കൗശലത്തോടെ പണിഞ്ഞ പ്രതിഭ... ആദ്യമായ് മണലിഷ്ടികയ്ക്കു മാതൃക കാട്ടിയ വ്യക്തി.
ജാതിമതങ്ങൾക്കതീതമായ ശാസ്ത്ര ദർശനങ്ങൾ കൊണ്ട് പുരാണ ഇതിഹാസങ്ങളെ പൊളിച്ചെഴുതിയ പ്രാവീണ്യം... സാഹിത്യലോകത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകുന്നതായിരുന്നില്ല.. ആദി കാവ്യം -വാത്മീകി രാമായണത്തിന് ... അതിനോട് കിടപിടിക്കുന്ന ഒരു പഠനം" വാത്മീകിയുടെ ലോകങ്ങൾ ". പാണിനിയുടെ കടുംകെട്ടുകൾ കൊണ്ട് സമ്പന്നമായ അഷ്ടാധ്യായം ,പാണിനീയ പ്രദ്യോതമെന്ന പേരിൽ ലളിതവത്കരിച്ച് വിശദീകരിച്ച് സാധാരണക്കാരിലെത്തിച്ച സാഹസം.. ക്രിസ്തു സഹ(സ നാമം എന്ന അതിശയകരമായ രചന.. പറയാൻ ഇനിയുമേറെ...
അതിസാധാരണക്കാരനായ് ജീവിച്ച ആ അസാധാരണ വ്യക്തി തീക്ഷ്ണജ്ഞാനിയായ ഒരു ഋഷിയെപ്പോലെ ഇവിടെക്കഴിഞ്ഞു .. വീടിനു ചുറ്റുമൊരു പൂവാടി തീർത്ത് ശാസ്ത്രവും സാഹിത്യവും ഭക്ഷിച്ച് അങ്ങനെ.... ഇപ്പോഴും ഇല്ലിപ്പറമ്പിലില്ലാത്ത മരമില്ലത്രേ.. സമൂഹം പണ്ടേ അങ്ങനെയാണല്ലോ.. 'മരണത്തിനു ശേഷം മാത്രം അവ ഒരാളെ പുകഴ്ത്തിത്തുടങ്ങും.. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഇല്ലിക്കൽ ചാക്കോ അന്തർധാനം ചെയ്തു.
ഇന്ന് കിട്ടിയ അറിവാണിതൊക്കെ... രണ്ടാം ശനിയാഴ്ചകളിൽ ഒത്തുകൂടുന്ന മാതൃഭൂമി സാംസ്ക്കാരിക കൂട്ടായ്മയിലെ പ്രൊഫസർ ഗോപകുമാർ സാറിന്റെ പ്രഭാഷണത്തിൽ നിന്ന്, കല്ലേലി മാഷിന്റെ കൂട്ടിച്ചേർക്കലിൽ നിന്ന്.. ആലപ്പുഴയുടെ സാംസ്ക്കാരിക മുഖങ്ങൾ ഒത്തു ചേരുന്ന ആ വേദിയിൽ രണ്ടാം വിഷയം ആവിഷ്ക്കാര സ്വാതന്ത്യം നേടുന്ന വെല്ലുവിളി എന്നതായിരുന്നു.: എഴുത്തുകാർ ഒന്നിച്ചിരുന്ന് രോഷം പടർത്തിയ മൂല്യമുളള മുഹൂർത്തങ്ങൾ... വേറെന്ത് പറയാൻ.... അന്ന് ഐ സി പറഞ്ഞ ഹനുമാന്റെ ലങ്കയിലേക്കുള്ള ചാട്ടം ഇന്ന് പറയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലല്ലോ.. കുതിച്ചു ചാടിയ ഹനുമാന്റെ പൊടിപോലും അക്കരെയെത്തില്ലെന്ന് ശാസ്ത്രീയ അടിത്തറയോടെ അന്നദ്ദേഹം സ്ഥാപിച്ചെങ്കിൽ ഇന്നത് പറയാൻ അദ്ദേഹത്തിന്റെ പൊടിപോലും മിച്ചം വെക്കുമായിരുന്നില്ല "സാംസ്ക്കാരിക സമൂഹം "
ഒരു നല്ല ദിവസത്തിന്റെ സംതൃപ്തിയിൽ ആദില കബീർ

" ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു" - വായനാനുഭവം


ചൊക്കനാണീ പുസ്തകം നിർദ്ദേശിച്ചത്.നിലവിലെ വായനയിലെ ഒരു വിധം പുസ്തകങ്ങളെല്ലാം പറഞ്ഞു തരാറുളളതും ചൊക്കൻ തന്നെ.എസ്.ശാരദക്കുട്ടിയുടെ പുസ്തകം" ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു" എന്ന പുസ്തകം. അറിവും അനുഭവവും അകക്കാഴ്ചയുമുളള പെണ്ണൊരുത്തിയുടെ ലേഖന സമാഹാരം. പല കാലങ്ങളിൽ പലവിധ മാസികകളിൽ അച്ചടിച്ചുവന്ന അനേകം കുറിപ്പുകളുടെ സമാഹാരം. സമകാലിക സമൂഹത്തിൽ കാലഘട്ടമാവശ്യപ്പെടുന്ന വായന.
കോട്ടയംകാരിയായ ഒരു പെൺകുട്ടി , നാട്ടിലറിയപ്പെടുന്ന ആദരിക്കപ്പെടുന്ന ഒരധ്യാപശ്രേഷ്ഠന്റെ മകൾ. ഓർമകൾ ചികഞ്ഞ് തന്റെ നാടിനെ 'അതിന്റെ സാമ്പത്തികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തെ തെല്ലധികാര ഭാവത്തിൽ തന്നെ ഉയർത്തിക്കാട്ടുന്നുണ്ടിതിൽ.
നേരിലൊരിക്കലും കാണാത്ത കടലിനെ മോബി ഡിക്കിന്റെ താളുകളിൽ അലയടിപ്പിച്ച വായനാസുഖം പങ്കുവെക്കുന്നുണ്ട്. ഞാൻ ഞാനായിരിക്കേണ്ടുന്നതിനു പകരം ,ഞാനെന്ന പെണ്ണായിരിക്കേണ്ട ഓരോ നിമിഷത്തെയും ഒഴിവാക്കാൻ കഴിയുന്നൊരു പെണ്ണിടമെന്ന നിലയിൽ ഫെയ്സ്ബുക്കടക്കമുളള നവ മാധ്യമ രൂപങ്ങളെക്കുറിച്ച് വാചാലയാകുന്നുണ്ട്.
കവിയും ഗാനരചയിതാവുമായ ഒ എൻ വി യിലെ ഗാനാത്മക ഗീതികളോട് അവൾക്കുളള ആത്മാർത്ഥമായ ആരാധന തുറന്നു പറഞ്ഞ് ഉദാഹരണ സഹിതം സ്ഥാപിക്കുന്നുണ്ട്. ശരീരം നിറയെ മണ്ണും, മണ്ണ് നിറയെ ചോരയും, ചോരയാകെ കവിതയുമായ് നടന്ന, വ്യാഖ്യാനിക്കാൻ നിന്നു കൊടുക്കാതിരുന്ന അയ്യപ്പനെയോർത്ത് നടുങ്ങുന്നുണ്ട്. പുണ്യവാളത്തിക്കും തേവിടിശ്ശിക്കുമിടയിലൊരു സ്ഥാനത്തിനായ് പൊരുതി വീണ ,ചിലപ്പോൾ ജയിച്ച അനേകം സ്ത്രീകളെ ,അവരുടെ ജീവിതത്തെപ്പഠിക്കുന്നുണ്ട്. നാം ഭയന്ന ബാലാമണിയമ്മയുടെ ലാളിത്യത്തെയും മാധവിക്കുട്ടിയുടെ ധാരാളിത്തത്തെയും എടുത്ത് പറയുമ്പോൾ തന്നെ ,കാലിടറിയ ഗൗരിയമ്മയെയും ,സി - കെ ജാനുവിനെയും അജിതയെയും അവലോകനം ചെയ്യുന്നുണ്ട്.
പെണ്ണുടലിന്റെ നാണവും മാനവും അളക്കുന്ന വസ്ത്രത്തെ ചോദ്യം ചെയ്തിട്ട് ദ്രൗപതിക്ക് കൃഷണൻ ഉടയാട നൽകിയിട്ടും അവൾക്ക് നഷ്ടമായ "മാനത്തെ " ചിന്താവിഷയമാക്കുന്നുണ്ട്. തെറിവാക്കിലെ വൈവിധ്യങ്ങളും ,ഭരണിപ്പാട്ടിന്റെ ചരിത്ര പശ്ചാത്തലവും പെൺവിരുദ്ധതയും മനസിലാക്കിത്തരുന്നുണ്ട്. തീർന്നില്ല, സിനിമയിലെ സ്ത്രീയെ ;പണ്ട് സിനിമാ വ്യവസായത്തിലെ ഉപകരണങ്ങളായ് തങ്ങളുടെ ശരീരത്തെ തിരിച്ചറിഞ്ഞ് ഏത് റോളും അനശ്വരമാക്കിയ പഴയ നായികനടിമാരിൽ നിന്ന് സദാചാരകാലത്ത് ടൈപ്പ് ചെയ്യപ്പെട്ട നായികമാരുടെ, അവരറിയാത്ത പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് .പ്രണയവും രതിയും ലൈംഗികതയും സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞ് മറ്റു പലതിലേക്കും ബോധപൂർവ്വം കടക്കുന്ന നല്ലാധുനിക യുവതയെ അംഗീകരിക്കുന്നുണ്ട്. ചില നിലപാടുകളോടുളള വിയോജിപ്പുകളും , വിമർശനങ്ങൾക്കുള്ള മറുപടികളും ,എം എൻ വിജയനും, സുന്ദരരാമസ്വാമി അയ്യരും, അപസർപ്പക കഥകളാൽ കുട്ടിക്കാലത്ത് തന്നെ ആകർഷിച്ച കോട്ടയം പുഷ്പനാഥ് വരെയും ഈ കൃതിയിൽ വിരുന്ന് വരുന്നുണ്ട്.
സദാഗതി, ഉർവ്വരാ, ഐരാവതി, വിശല്യാ എന്നിങ്ങനെ 4 ഭാഗങ്ങളിലായ് 18 ലേഖനങ്ങൾ. ഓരോന്നിലും എന്നെ വിസ്മയിപ്പിച്ചത് ലേഖിക സൂചിപ്പിച്ച പുസ്തകങ്ങളുടെ പേരും എണ്ണവുമാണ്.. അറിയാനിനിയുമനേകം, അനേകം! അതൊക്കെ വായിച്ചു തീർക്കണമെന്ന മോഹമുണ്ടാക്കാൻ ശാരദട്ടീച്ചർക്ക് കഴിഞ്ഞു... സത്യസന്ധമാണ് ഇതിലെ വരികൾ, ആത്മാർത്ഥവും, അഭിനിവേശങ്ങളുടെ നിഷ്കളങ്കതയുളളവയുമാണ്...
കഴിയുന്നവർ കണ്ടെത്തി വായിക്കുക ..
ചൊക്കനു നന്ദി..
ശാരദക്കുട്ടി ടീച്ചർക്ക് സ്നേഹം!
ആദില കബീർ

പാരീസ്?

ഏത് ദൈവത്തോട് പ്രാർത്ഥിക്കണം പാരീസ്?
പകലുറക്കങ്ങളിലും
പാൽമിഠായികളിലും
പറുദീസ പോലെ കനവുണർത്തിയ മണ്ണേ..
അനന്തരം നീ ചോരക്കട്ടയായ്
പരിണമിച്ചു പോയല്ലോ കഷ്ടം!
നിന്റെ ചോര മിഠായികൾ
ഈച്ചയരിക്കുന്നു
പൂങ്കാവനങ്ങളിൽ തലയോട്ടി
തിളയ്ക്കുന്നു
പാരീസ്... പൂക്കാലമേ
പൂവാടികൾ റീത്തിന്റെ മാംസമാക്കുക
പ്രാർത്ഥനയില്ല .. സംശയം!
ദൈവം ഉണ്ടെങ്കിൽ
അവൻ/ൾ ആരോടു കൂടെ ???

ആദിറീത്ത്