Saturday 16 May 2015

പാതിരാമണലില്‍ ഒരു പകല്‍ .. (അനുഭവക്കുറിപ്പ് )

വല്ലാത്ത ക്ഷീണമായിരുന്നു ഇന്നലെ . എഴുതിയിട്ടേ ഉറങ്ങവൂ എന്ന് കരുതിയെങ്കിലും മയങ്ങിപ്പോയി .കാര്യം മറ്റൊന്നുമല്ല ഇന്നലെ 2/02/2015 തിങ്കള്‍ ലോക തണ്ണീര്‍തട ദിനമായിരുന്നു . ഞാനും കൂട്ടുകാരത്തി Annie Treesaയും ‪#‎THE‬ ‪#‎ENVIRONMENTAL‬‪#‎COLLABORATION‬
(‪#‎TEC‬) യും ‪#‎NSS‬ ന്‍റെയും ആഭിമുഖ്യത്തില്‍ പാതിരാമണല്‍ ദ്വീപിലേക്ക് യാത്ര തിരിച്ചു . ആലപ്പുഴ ‪#‎SD‬ കോളേജിലെ ചില യുവസുഹൃത്തുക്കള്‍ ,ആര്യക്കര ഹൈസ്കൂളിലെ ചുണക്കുട്ടികള്‍ അവരുടെ അധ്യാപിക ,ടീം കാപ്ടന്‍ പ്രിയപ്പെട്ട Saroj ചേട്ടന്‍ ,പ്രകൃതിയുടെ പ്രവാചകന്‍ ശ്രീ .k .v .ദയാല്‍ മാഷ്‌ ,‪#‎WWF‬ മുന്‍ ഡയരക്ടര്‍ ശ്രീമതി :സുധ സോണി എന്നിവരുള്‍പെടുന്ന ചെറുതെങ്കിലും വലിയൊരു സംഘം .
കായിപ്പുറം ജെട്ടിയില്‍ നിന്ന് ബോട്ടില്‍ പാതിരാമണലിലേക്ക് . തറപ്പാള നിലത്ത് വിരിച്ച് തണുത്ത ,നനഞ്ഞ ,സുഖമുള്ള ആ തണലത്ത് ഞങ്ങളിരുന്നു .ദയാല്‍ മാഷ് സംസാരിച്ചു തുടങ്ങി .കുട്ടിക്കാലത്ത് മാഷ് കണ്ട ,അനുഭവിച്ച വേമ്പനാടിനെ നേരിട്ടെന്ന പോലെ അകക്കണ്ണില്‍ ഞങ്ങളും കണ്ടു .തിങ്ങി വിങ്ങിയ കണ്ടല്‍ കാടിന്‍റെ ഇടയിലേക്ക് കൊട്ടില് കയറ്റി മീന്‍ പിടിക്കുന്ന ,ഓര് വെള്ളം കയറുമ്പോള്‍ ശുദ്ധജല മത്സ്യങ്ങള്‍ കായലിന്‍റെ ഓളപ്പരപ്പിനു മീതെ ചാടിക്കളിക്കുന്ന അപൂര്‍വ ദൃശ്യങ്ങള്‍ ,കായല്‍തീരത്ത് "വെളിക്കിറങ്ങുന്ന " ആളുകളുടെ കാലിനോരത്ത് ആയിരവും പതിനായിരവുമായി നീന്തിക്കറങ്ങിയ കൂരിമീനുകള്‍ ഈകൊളി ബാക്ടീരിയ ജനിക്കാതെ കായലിനെ കാത്ത കഥ ..ഓഹ് കഥയല്ല ,ഇന്ന് കഥ പോലെ ഓര്‍മയില്‍ മാത്രമുള്ള ചില നഷ്ടങ്ങള്‍ . ആകെ 189 പക്ഷിജീവനുകള്‍ അതില്‍ 50 -ലധികവും ദേശാടനപ്പക്ഷികള്‍ .102 ഇനം മത്സ്യങ്ങള്‍ ...ജൈവവ്യവസ്ഥയുടെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം .
ശാസ്ത്രീയ കൃഷി രീതി തകര്‍ത്ത കുട്ടനാടിന്‍റെ വിഷമില്ലാത്ത മണ്ണും ,ബണ്ട് നിര്‍മിച്ചു ഓര് വെള്ളം ഒറ്റയടിക്ക് കയറ്റി കൂട്ടക്കുരുതി നടത്തുന്ന ചെറു മീനുകളും നികത്താനാകാത്ത നഷ്ടങ്ങളാണ് എന്ന് തിരിച്ചറിയുമ്പോള്‍ നെഞ്ചിലൊരു നോവ് . ശബ്ദങ്ങളുടെ ഇടയില്‍ സുധ ചേച്ചി കണ്ണടച്ചു ധ്യാനിക്കാന്‍ ആവിശ്യപ്പെട്ടു .കണ്ണടച്ചു ,ചെവി വട്ടം പിടിച്ചു , ആദ്യം കാക്കകളുടെ കൂട്ടക്കരച്ചില്‍ ,പിന്നെ കുയില്‍ ,കരിയിലക്കിളി ,ഓലേഞ്ഞാലി ,ഉപ്പന്‍ ,കായലിന്‍റെ കളകളം ,ബോട്ടുകളുടെ എഞ്ചിന്‍ നിലവിളി ,ഇലയനക്കം , പാതിരാമണല്‍ കാണാനെത്തിയ മറ്റൊരു സംഘത്തിന്‍റെ കോലാഹലം ,എങ്കിലും ശബ്ദങ്ങളുടെ നിശബ്ദത ,മണ്ണും മനുഷ്യനും തമ്മില്‍ എവിടെയോ വിട്ടുപോയ ഒരു കണ്ണിയുടെ കൂട്ടിച്ചേര്‍ക്കല്‍ പോലെ . പണ്ട് സന്യാസി സമൂഹം ഉള്‍ക്കാടുകളില്‍ ചേക്കേറിയ രഹസ്യം അനാവരണം ചെയ്യപ്പെട്ടു .
രസകരമായ കുറേ വിശ്വാസങ്ങള്‍ പാതിരാമണലിനോട് ചേര്‍ന്ന്‍ പറഞ്ഞു കേട്ടു .ചിലത് ശുദ്ധഅസംബന്ധം തന്നെ.എങ്കിലും അതിലും അടങ്ങിയിട്ടുണ്ട് ചില ശാസ്ത്രം .ആദ്യ കഥ ഇങ്ങനെയാണ് പാതിരാമണല്‍ എന്ന പേര് വരാനുള്ള കാരണം ഒരു സുപ്രഭാതത്തില്‍ അക്കരെ നിന്ന് ചിലര്‍ നോക്കുമ്പോ ഇക്കരെ ദാ ഒരു കര ... ഒരു പാതിരായില്‍ ഉണ്ടായിവന്ന മണല്‍ മേഖല ,പാതിരാമണല്‍ !!!
പിന്നൊരു ഐതീഹ്യം : യാത്രക്ക് പോയ ഒരു നമ്പൂതിരിക്ക് നടുക്കായലില്‍ എത്തിയപ്പോ മൂത്രശങ്ക തോന്നി പോലും ,കായലില്‍ കാര്യസാധ്യം നടത്തുന്നത് പാപമാണെന്ന ചിന്തയില്‍ അദ്ദേഹം ഒരു ഇലക്കുമ്പിളില്‍ മണ്ണെടുത്ത് അതിന്മേല്‍ കാര്യം കഴിച്ച് കുമ്പിള്‍ ജപിച്ച് വെള്ളത്തിലിട്ടു ,അങ്ങനെ പാതിരാമണല്‍ പിറവി കൊണ്ടു .
ഇനി മറ്റൊന്ന് മകം ആയില്യം ദിനങ്ങളില്‍ നാട്ടുകാര്‍ കൂട്ടപിരിവിട്ട് ക്ഷേത്രത്തിലേക്ക് ( വിശദവിവരങ്ങള്‍ ഓര്‍മയിലില്ല )ആ രണ്ടു ദിവസങ്ങള്‍ കായലില്‍ പണിക്കു പോകാതെ വിശ്രമം .വിശ്വാസങ്ങളും പ്രകൃതിയും എത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു ,ആ ദിവസങ്ങളിലാകും ഏറ്റവുമധികം പ്രജനനം നടക്കുക ,തെരണ്ടകള്‍ കൂട്ടത്തോടെ പാറി വന്ന് കായലിനു മീതെ അടുങ്ങിക്കിടക്കുകയും അവയുടെ കാഷ്ടത്തില്‍ നിന്നുള്ള ലവണം ഉള്‍ക്കൊണ്ട്‌ പ്രജനനം ത്വരിതപ്പെടുകയും ചെയ്യുന്നു .പ്രകൃതി പ്രസാദിച്ചു അടുത്ത വല വീശുമ്പോള്‍ നിറയെ നാട്ടുമീനുകള്‍ .
മനുഷ്യനും മണ്ണിനുമിടയിലെ ഈ ബന്ധം അറ്റ് തുടങ്ങിയതോടെ വേമ്പനാട് ഭീഷണിയിലാണ് .തിരിച്ചു പിടിക്കാന്‍ കഴിയില്ലേ എന്ന് ചോദിക്കുമ്പോള്‍ ദയാല്‍ മാഷിന്‍റെ മറുപടി ഞെട്ടിച്ചു കളഞ്ഞു :"ഞങ്ങള്‍ ഇനിയില്ല ,ജീവനില്‍ കൊതിയുണ്ട് .63 ഏക്കര്‍ സ്വന്തമാക്കാന്‍ എപ്പോഴേ ഒബ്രോയ് ഗ്രുപ്പ് കോടികള്‍ മുടക്കി കഴിഞ്ഞു ,ഇനി ആലപ്പുഴയിലെ അവസാന പച്ചപും കൈവിടാന്‍ പോകുന്നു ..യുവത്വം മുന്നിടുക ,നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക ".
സുധ ചേച്ചിയുടെ വര്‍ത്തമാനത്തിനും ഞങ്ങളുടെ ചില സംശയനിവാരണത്തിനും ശേഷം പാതിരാമണലിന്‍റെ ഉള്ളു കാണാന്‍ ഞങ്ങള്‍ നടന്നു .കായലില്‍ കാലുറപ്പിച്ച് എക്കല്‍ മണ്ണിന്‍റെ പച്ചപ്പും പശപശപ്പും അനുഭവിച്ചു കുറേ നേരം കക്ക വാരി .പിന്നെ വളരാന്‍ വെമ്പുന്ന ദ്വീപിന്‍റെ പൊതു സ്വഭാവങ്ങള്‍ കണ്ട് അതിശയിച്ചു.അനേകം ശലഭങ്ങളെ പിന്തുടര്‍ന്നു , പോളപ്പൂവിന്‍റെ നീലിമയില്‍ ചിരിച്ചു ,ചെളിയുടെ കുഴഞ്ഞ നിലത്തില്‍ കാലു തെന്നി ,തിരികെയെത്തി കുന്നിക്കുരു പെറുക്കി . ഒരു വര്‍ഷത്തിനു മുന്‍പ് യുവസമിതി കൂട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ അവിടെ മുളങ്കാടിലൂടെ കുനിഞ്ഞു നടന്നിരുന്നു ..ഇന്നാ വഴി മൂടിപ്പോയിരിക്കുന്നു .വെട്ടിത്തെളിച്ച് നോവിക്കണ്ട എന്ന മാഷിന്‍റെ അഭിപ്രായം മാനിച്ചു .തിരികെ നടന്നു ....
ഇനിയും ഏറെയുണ്ട് ,കണ്ടതും കേട്ടതുമായ വിശേഷം അവിടെ നിന്ന്‍ ... ഒന്ന് മനസിലായി ...കടല്‍ അമ്മയാണെങ്കില്‍ മല അച്ഛനാണ് .കാട് ,വേര് ,മണ്ണ് എല്ലാം മക്കള്‍. പരാഗണം നടത്താന്‍ പ്രകൃതി കണ്ടെത്തിയ അവസാന ഉപാദിയാണ് മാനവരാശി .അവനാകട്ടെ ആവശ്യം ആര്‍ത്തിയോടു സമം വരച്ച് "കടലില്‍ മരമുണ്ടയിട്ടല്ലേ മഴ പെയ്യുന്നത് ?"എന്ന മണ്ടന്‍ ചോദ്യവുമായി വികസനത്തിന്‍റെ യാത്ര തുടരുന്നു .ഞാനും ചോദിക്കട്ടെ ..."ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ???"