Wednesday 28 February 2018

മധുരം ഗായതി - ഒരു മധുരവായന



മലയാളം ക്ലാസിൽ അനിതകുമാരി ടീച്ചർ അവിശ്വസനീയമായി വീണ്ടും വീണ്ടും ഞങ്ങളോട് ചോദിച്ചു : "നിങ്ങൾ മധുരം ഗായതി വായിച്ചിട്ടില്ലേ ?" എനിക്കാകെ അപമാനം തോന്നി . ഇംഗ്ളീഷ് പഠിച്ച കാലത്ത് വട്ടു പിടിച്ചു ഞാൻ വായിച്ച പുസ്തകങ്ങൾക്കൊന്നും "വേണ്ടത് വേണ്ടാത്തത് "എന്ന പ്രോസസിംഗ് നടത്തിയിരുന്നില്ല . ഏതു വായിക്കണം ഏതൊഴിവാക്കണം എന്ന് അറിയുമായിരുന്നില്ല . പിന്നെ , ഒ.വി. വിജയൻ അന്നൊരു പേടി സ്വപ്നമായിരുന്നു .ഏഴാം ക്ലാസിൽ വെച്ചൊരിക്കൽ, അപ്പുക്കിളിയെ പഠിച്ച ഓർമയിൽ 'ഖസാക്കിന്റെ ഇതിഹാസം' വായിക്കാൻ ഒരുമ്പെട്ട ഞാൻ അന്നത്തോടെ വിജയനെ വെറുത്തു പോയി ..ഒരു പുല്ലും പുഷ്പവും അന്ന് തിരിഞ്ഞില്ല . പിന്നെ കുറേനാൾ കഴിഞ്ഞ് അതീവസാഹസികമായ മറ്റൊരുദ്യമം കൂടി ഏറ്റെടുത്തു പരാജയപ്പെട്ടു , ഗുരുസാഗരം !!! പേടി തട്ടിയിട്ട് ഞാൻ പിന്നീട് വിജയനിലേക്കു മടങ്ങിയതേയില്ല . പി.ജിക്ക് മലയാളം എടുത്തു കഴിഞ്ഞാണ് ഖസാക്ക് വായിക്കണമല്ലോ എന്ന് തോന്നിയത് ,നിർബന്ധിതയായത് . അന്നേരത്തെ വായനയിൽ എനിക്ക് രോമാഞ്ചം വന്നു . ഇതിലെന്താ ,എന്ത് കൊണ്ടാ എനിക്ക് മനസിലാകാതെ പോയത് എന്നോർത്ത് അക്കാലമത്രയും കാട്ടിയ അനീതിയിൽ അദ്ദേഹത്തോട് മനസ്സാൽ മാപ്പു പറഞ്ഞു . ഇപ്പൊ തോന്നുന്നു , ഓ വി വിജയന്റേത് കവിതയാണ് , കവിതയെ കവച്ചു വെക്കുന്ന ഗദ്യത്തിന്റെ നൂലൊഴുക്ക് . മധുരം ഗായതി വായിച്ചു കഴിഞ്ഞപ്പോ ആ കാവ്യനോവലിന്റെ അനുഭവത്തിൽ ഇതുറപ്പുമായി .
എങ്ങനെയും വായിക്കാവുന്ന ഏതു വിധവും വ്യാഖ്യാനിക്കാവുന്ന കൃതിയാണ് മധുരം ഗായതി . അദ്ദേഹത്തിന്റെ അവസാന നോവൽ ഇതാണെന്ന് തോന്നുന്നു . 1990 ലാണ് ആദ്യ പ്രതി ഇറങ്ങിയിരിക്കുന്നത് . അക്കാലത്തെ ആധുനികതയുടെയും യന്ത്രവത്കരണത്തിന്റെയും അസാധാരണമായ ആവേഗത്തിൽ അതിശയിച്ച ,ആശങ്ക ജനിച്ച വിജയൻ മറ്റു പലതിനോടും കൊരുത്ത് മനുഷ്യവർഗ്ഗത്തോടുള്ള കാവ്യനീതി നടപ്പാക്കുന്നു ഈ കൃതിയിൽ . പുതുകാല നോവലുകളുടെ കുറ്റിയിൽ കെട്ടിയിട്ട് യുക്തിയും ബുദ്ധിയും കൊണ്ട് താരതമ്യം ചെയ്യാൻ കഴിയില്ല ഇതിനെ . ആത്മീയവും ആദർശധീരവുമായ ഒരു മാനസികാവസ്ഥയുടെ ഔന്ന്യത്തത്തിൽ മാത്രം സാധ്യമാകുന്നതാണ് ഈ രചനയുടെ വായനയും .
കഥാപാത്രങ്ങൾ , സുകന്യയെ കാണാൻ അസംഖ്യം മൺചുറ്റുകളിൽ നിന്ന് വേരുകൾ അഴിച്ചെടുത്തു വഴിയാകെ നടന്നു വന്ന , പിന്നെ അവളെയുമെടുത്ത് , അപഹരിക്കപ്പെട്ട നന്ദിനി പയ്യിനെയും അവളുടെ അച്ഛനമ്മമാരായ മൃത്യുഞ്ജയനെയും ദേവയാനിയെയും തിരഞ്ഞു ഉത്തരാർദ്ധ ഗോളത്തിലേക്കു പറന്ന മഹാവൃക്ഷം ആൽമരം .തിന്മയുടെ ആണവ സ്‌ഫോടനത്തിനു ശേഷം രണ്ടായി പൊട്ടിപ്പിളർന്നു പോയ ഭൂമി ഇന്ന് രണ്ടു അർദ്ധഗോളങ്ങളാണ് . ഉത്തരാര്ധ ഗോളത്തിൽ , യുക്തിയുടെ പരിപൂർണതയുള്ള യന്ത്രങ്ങളുണ്ട് . മഹായന്ത്രം അനേകം മനുഷ്യരെ നിർമിച്ചിരിക്കുന്നു . അവിടെ കൃതൃമമായ ഒരു ഭൂമി ഉണ്ടായി വന്നിരിക്കുന്നു,ഭ്രമണ പഥമില്ലാത്തൊരു പാതിഭൂമി . സുകന്യയുടെ പ്രിയപ്പെട്ടവർ അപഹരിക്കപ്പെട്ടത് അവിടേക്കാണ് . നന്ദിനിയുടെ അമൃത് ചുരത്താൻ മഹായന്ത്രം അവരെ തടവിലാക്കിയിരിക്കുന്നു .ദക്ഷിണാർത്ഥ ഗോളത്തിലാകട്ടെ , പ്രാകൃത മനുഷ്യർ , പ്രകൃതിയിൽ പറ്റിവളരുന്ന സസ്യ സമൂഹങ്ങൾ , ജൈവികത ....
കഥയേക്കാൾ കഥ പറഞ്ഞ രീതിയാണെന്നെ ആകർഷിച്ചത് . നൂറു പേജിൽ എത്രയെത്ര സൂക്ഷ്മചിന്തകൾ . ശാസ്ത്രത്തോടുള്ള ഭയം , വസ്തുക്കളോടും വസ്തുതകളോടുമുള്ള അനിയന്ത്രിതമായ ആവേശം മൂലം തകരാനിരിക്കുന്ന ഒരു ഭൂമിയെ കരുതിയുള്ള അദൃശ്യ വിലാപം . ആത്മാവിന്റെ അപൂർണതയിലുള്ള ആനന്ദം , മോക്ഷം എന്ന സങ്കൽപം , പ്രജ്ഞയെന്ന അത്ഭുതം , മരണാനന്തര പരിണാമം , ഊർജത്തിന്റെ ,പ്രണയത്തിന്റെ സങ്കൽപ്പാതീതമായ സാധ്യതകൾ ..
നന്ദിനിയും ദേവയാനിയും മൃത്യുഞ്ജയനും ദേവദത്തനും ഭഗവാൻ ശ്രീകൃഷ്ണനുമൊക്കെ പുരാണങ്ങളിൽ നിന്ന് വിടുതൽ നേടി സ്വതന്ത്രരായി, എന്നാൽ സ്വഭാവവ്യതിയാനമില്ലാതെ 'മധുരം ഗായതിയിൽ' പ്രത്യക്ഷരാകുന്നുണ്ട് . അപക്വമായ ശാസ്ത്രോപയോഗത്താൽ വന്നുപെടാവുന്നൊരു സർവ്വനാശ സൂചനയും ,അതിൽ നിന്നും കര കയറാൻ കഴിയുമെന്നൊരു പ്രത്യാശയുമൊക്കെ ചേർന്ന് .. വായനക്കാരന് പൂരിപ്പിക്കാവുന്നൊരു കവിതയാണ് ഈ കൃതി .
ഇംഗ്ളീഷിലെ വാൾ -ഇ എന്ന ആനിമേഷൻ ചിത്രം കൈകാര്യം ചെയ്തൊരു പ്രമേയത്തോടു ഒരുപാട് സാമ്യം തോന്നി മധുരം ഗായതിയോടു . ഒരേ നേരം നിർമ്മലവും , പ്രതീക്ഷാനിർഭരവും ,താക്കീതും ജാഗ്രതയും ആവശ്യപ്പെടുന്നൊരു രചന . സരളമായ ഈ ഭാഷ ഒ .വി വിജയന്റേതു തന്നെയോ എന്ന് ഇടയ്ക്കിടെ പുഞ്ചിരിയോടെ ഞാൻ ഓർക്കുന്നുണ്ടായിരുന്നു . കൊച്ചു വായനാ പട്ടികയിലേക്ക് , നിർദേശിക്കാൻ കഴിയുന്ന ഈ സ്നേഹ വായനയെ - മധുരം ഗായതിയെ കൂടി ചേർത്ത് വെക്കട്ടെ ..
വായനാലസ്യത്തിൽ 
ആദിവായന

No comments:

Post a Comment