Thursday 23 April 2015

അടുത്ത തിരയില്‍ നാമൊലിച്ചു പോയേക്കാം ..
അഴിച്ചു വെച്ചവര്‍ അണിഞ്ഞു പോയേക്കാം ..
അതു വരേക്കും ........ അല്‍പ നേരം 
അടുത്തിരിക്കാം ... നമുക്കകലാതിരിക്കാം ...!!! 

ചിത്രം : ഇജാസ് എം.എ 

ആദിത്തിര .. <3 

വിശ്വസിക്കുക ..

അറിയുന്നതറിവല്ലെന്നു കാലം
പഠിച്ചതു പതിരെന്നു ലോകം
പറഞ്ഞതു വീണ്ടും പറഞ്ഞും
പറയേണ്ടതെല്ലാമൊളിച്ചും
അടിയൊഴുക്കിൽ പെട്ടുലഞ്ഞ് 
അടിയുടുപ്പിൽ കുരുങ്ങി
അനേകർക്കൊപ്പം ഞാനും ..
നിങ്ങൾ പറയുന്നു :
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം "
"സന്മനസ്സുള്ളവർക്ക് സമാധാനം "
"ലോകാ സമസ്താ സുഖിനോ ഭവന്തു "
കണ്ടുകേട്ടെൻറെ കരളു നീറുന്നു
കണ്ടതുച്ചത്തിൽ കവിതയായി ചൊല്ലുന്നു :
വിശ്വസിക്കുക ....
'പ്രവർത്തിക്കുന്നവർക്ക് പ്രത്യാശ
സന്മനസ്സുള്ളവർക്ക് സദാ നാശം
ലോകം സമസ്തം ദുരിതം അശാന്തി '
                           ..........ആദിനെഞ്ചം

എന്‍റെ അശരീരി

ഇതെന്റെ അശരീരി .."മനുഷ്യനെ പഠിക്കരുത് .."
എന്തെന്നാൽ ....
എത്ര വായിച്ചാലും നിനക്കവരെ ഗ്രഹിക്കാനാവുകയില്ല ...
ഒരിക്കലും ആവർത്തിക്കാത്ത ശാസ്ത്രമാണ് അവന്റെ ശരികൾ..
ഒരിക്കലും തെളിയാത്ത ദൈവികത അവന്റെ നേരും . 
പഠിച്ചാൽ ....
ഒടുവിൽ ജീവിതപ്പരീക്ഷയിൽ
നീ ഉത്തരമറിയാതെ ഉഴറും ..
ശരിയെന്നു കരുതിയതെല്ലാം തെറ്റിത്തീരും
നീ എപ്പോഴും തോറ്റു കൊണ്ടേയിരിക്കും
ഈ ഉത്തരങ്ങൾ ,
മുൻപ് ശരിയായിരുന്നൂവെന്നു
വേണെമെങ്കിൽ നിനക്ക് വാദിക്കാം ..
ദൈവത്തിന്റെത് എന്ന് പറയപ്പെടുന്ന ഇടങ്ങളിൽ
അപ്പീലുകൾ നൽകാം ..
കെട്ടിക്കിടക്കുന്ന പരാതിപ്പെട്ടിയിൽ
പുള്ളിയിതും സൂക്ഷിച്ചു കൊള്ളും ..!
പരാതികൾ തീരെയില്ലാതെ ; ശുഷ്കാന്തിയോടെ ...
ആദിബോധം

പശുരാഷ്ട്രീയം (ലേഖനം )


അടിസ്ഥാനപരമായി എന്റെ വിഷയം 'പശു' ആണ് . പശു ഒരു വളര്‍ത്തു മൃഗമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല .പശു പാല് തരുന്നു എന്ന പ്രസ്താവനയിലും പ്രത്യേകിച്ചൊരു വിയോജിപ്പില്ലല്ലോ . പക്ഷേ പശുവിന്റെ ഗുണഗണങ്ങള്‍ പഠിച്ച കാലത്ത് "cow gives us milk and meat" എന്ന വാക്യം ഒരു പ്രതിസന്ധിയായിരുന്നില്ല .പശു തരുമെന്ന് പറയുന്ന ഈ meat ഇന്നൊരു രാഷ്ട്രീയ പ്രതിസന്ധിയാണ്.അത് ഭക്ഷ്യയോഗ്യമോ...? ഭക്ഷിച്ചാല്‍ ഭവിഷ്യത്ത് എങ്ങനെ..? ഭക്ഷിക്കല്‍ അനുവദനീയമോ ? ചോദ്യങ്ങള്‍ നിരവധിയാണ് .അടുത്തിടെയായ് നടന്നു വരുന്ന പല സംഭവ വികസങ്ങളുടെയും വെളിച്ചത്തില്‍ പശു ഒരു വിശ്വാസമാണ് എന്ന ലളിതമായ മറുപടിയിലാണ് വിനീതയായ ഈ എഴുത്തുകാരി തൃപ്തി കണ്ടെത്തിയത്.
ഇന്ത്യാമഹാരാജ്യം ഒരു ജനാധിപത്യ മതേതര പരമാധികാര ദേശമാണ് എന്നതാണ് കേട്ടറിവ് . പൌരന്റെ വ്യക്തി താല്‍പര്യങ്ങളെ ( അതവരുടെ വിശ്വാസം ,രാഷ്ട്രീയം, ഭക്ഷണം ,വിവാഹം എന്നിങ്ങനെ ഏതു തലത്തിലുള്ളവ ആയാലും ) മാനിച്ചു കൊണ്ടും, അവ പൊതു താല്പര്യത്തെ ഹനിക്കുന്നതല്ലായെങ്കില്‍ തുടരാന്‍ അനുവദിച്ചു കൊണ്ടുമാണ് ഭാരതത്തിന്റെ ഭരണഘടന ഓരോ വാക്കും രേഖപ്പെടുത്തിയിരിക്കുന്നത് . ഇവിടെയാണ് പശു വില്ലത്തി ആകുന്നത് . സമകാലിക ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും ഒരു രഹസ്യഅജണ്ട ഉണ്ട് എന്നത് പരസ്യമായ യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയ നേതൃത്വത്തിന് വന്ന മാറ്റവും രാഷ്ട്രീയവത്കരണവും വോട്ടുവേട്ടയും
കൂടിയാകുമ്പോള്‍ സാധാരണക്കാര്‍ ചില വാരിക്കുഴികളില്‍ വീണു പോകുന്നു, വൈകാരികതയുടെ ഇത്തരം കെണികള്‍ രാജ്യത്തിന്റെ സമാധനക്രമത്തെ ആകമാനം വെല്ലുവിളിക്കുന്ന ആശങ്കകളാണ് പശു ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത് .
കാര്യം നിസാരമാണ്. 1976ല്‍ മഹാരാഷ്ട്ര ഗവണ്മെന്റ് സംസ്ഥാന മൃഗസംരക്ഷണ നിയമപ്രകാരം ഗോവധം നിരോധിക്കുകയുണ്ടായി .ഇന്ത്യന്‍ ഭരണഘടനയുടെ 48 ആം വകുപ്പ് ഇതിനു സാധുത നല്‍കുന്നതാണ് . "Organisation of agriculture and animal husbandry : The State shall endeavor to organize agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and drought cattle" ആധുനിക ശാസ്ത്രീയ രീതികളിലൂടെ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗപരിപാലനവും നടത്തേണ്ടതിന്റെ ആവിശ്യകതയും പശു ,ക്ടാവ് ഇവയെ വധിക്കുന്നതിലെ തീര്‍പ്പു കല്പിക്കല്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയിലാക്കുകയും ചെയ്തിരിക്കുന്നു ഈ വകുപ്പ്. 76ല്‍ നിലവില്‍ വന്ന ഈ നിയമം കാളകളെയും
വണ്ടിക്കാളകളെയും കൂടി ഉള്‍പെടുത്തി 1995ല്‍ മഹാരാഷ്ട്ര ഗവ. ഭേദഗതി നിര്‍ദേശിച്ചു. അതിനാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയത് .
മാധ്യമങ്ങളും സംഘപരിവാര്‍ ശക്തികളും ആഹ്ലാദപ്രകടനം നടത്തുന്നതാകട്ടെ 76ല്‍ തന്നെ നിലവില്‍
വന്ന "ഗോവധനിരോധനം" സഫലമായിരിക്കുന്നു എന്ന ലേബലിലും. 39 കൊല്ലം മുന്‍പ് നടന്ന സംഭവം ഇത്തരത്തില്‍ ഇന്ന് വാര്‍ത്തയക്കപ്പെടുമ്പോള്‍
ബുദ്ധിഹീനതയാണോ അതിബുദ്ധിയാണോ എന്നതാണ് സംശയം !
കന്നുകാലി വധവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ രണ്ടു സമീപനങ്ങള്‍ പരിശോധിക്കാം. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനമെര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിധി പരിശോധനയില്‍ 1958ല്‍ സുപ്രീം കോടതി അഭിപ്രായം : കറവ വറ്റിയ, ആരോഗ്യം ക്ഷയിച്ച കന്നുകാലികളുടെ സംരക്ഷണം സ്റ്റേറ്റിനു ബാധ്യതയാണ് എന്നിരിക്കെ, അവയുടെ മാംസം സാധാരക്കാരന് ഏറ്റവും സ്വീകാര്യമായ വിലകുറഞ്ഞ പോഷകാഹരമാണ് എന്ന വസ്തുത മുന്‍നിര്‍ത്തി അറവ് അനുവദനീയമാക്കണം എന്നായിരുന്നു. പിന്നീട് ചാണകത്തെ കോഹിനൂര്‍ രത്‌നത്തോട് ഉപമിച്ച് കന്നുകാലി വധത്തിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി ഗുജറാത്തിലെ വധ നിരോധന നിയമത്തിനു പിന്തുണ രേഖപ്പെടുത്തിയത് ചീഫ് ജസ്റ്റിസ് ആര്‍.സി.ലഹോത്തിയുടെ കാലത്ത് 2005ലാണ് .
മറ്റൊരു പ്രധാനസംഗതി കന്നുകാലി വധം നിരോധിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു വിഭാഗത്തിന്റെ ജീവിതമാര്‍ഗമാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 19(g) നല്‍കുന്നത് " the right to practice any profession, or to carry on any occupation, trade or
business" കന്നുകാലി വധം നിരോധിച്ചാല്‍; തൊഴില്‍ രഹിതരെ കൊണ്ട് ഇപ്പോഴേ പൊറുതി മുട്ടിയിരിക്കുന്ന ഒരു രാജ്യത്തിന് അറവിലൂടെ അന്നം കണ്ടെത്തുന്നവരുടെ പുനരധിവാസത്തിനു എന്ത് മാര്‍ഗമാണ് നിര്‍ദേശിക്കാനുള്ളത്? ഒരു ജനത എന്ത് കഴിക്കരുത് എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്നത്, ജനം വല്ലതും കഴിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുകയായിരുന്നു..
പശു ഭിന്നിച്ചു കിടക്കുന്ന ഒരു സമൂഹത്തെ ഒന്നിച്ചു ചേര്‍ക്കാനുള്ള വജ്രയുധമായി മാറിക്കഴിഞ്ഞു "മാംസാഹാരികള്‍ ചതിയന്മാരും നീചന്മാരും കള്ളം പറയുന്നവരും പിടിച്ചു പറിക്കുന്നവരും ലൈംഗികകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്"' എന്ന് തന്മൂലം പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചു തുടങ്ങി. ഗോമാതാവിനെ കൊന്നു തിന്നുന്ന ന്യൂനപക്ഷം, തങ്ങളുടെ ആജന്മശത്രുക്കളാണ് എന്ന് എണ്ണത്തില്‍ കൂടിയ ജനത പ്രചരിപ്പിച്ചു കഴിഞ്ഞു .ഗോവധത്തിനു വധശിക്ഷയും , പശുവിനു രാഷ്ട്രമാതാവിന്റെ പദവി നല്‍കി ആദരിക്കലും ,ഗോസംരക്ഷണത്തിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം മന്ത്രാലയങ്ങള്‍ രൂപവല്‍കരിക്കരിക്കുന്നത്തിലെ ചര്‍ച്ചകളും നടന്നു
കഴിഞ്ഞു .(വിഡ്ഢിത്തം എന്ന് തോന്നാം .. പക്ഷേ നിശ്ചയമായും ഇവ നടന്നു കഴിഞ്ഞു)
കേരളത്തില്‍ ഒരു പക്ഷേ ഈ നിയമത്തിന്റെ സാധ്യത വളരെ കുറവായിരിക്കാം. എങ്കില്‍ തന്നെയും ഹൈദ്രാബാദില്‍ 2011 - 2013 കാലയളവിലായി നടന്ന ഗോമാംസ ഉത്സവത്തിന്റെ പരിഷ്‌കൃത പതിപ്പ് beef fest എന്ന പേരില്‍ നമുക്കിവിടെ ആവര്‍ത്തിക്കേണ്ടി വന്നെങ്കില്‍ കേവലം ഒരു പശു രാഷ്ട്രീയ ചരിത്രമായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്‌തേ തീരൂ നാം ... അല്ലാത്ത പക്ഷം നമ്മള്‍ പശുവിനെ തിന്നില്ലെങ്കില്‍ ഡാര്‍വിന്‍ പറഞ്ഞുവെച്ചതനുസരിച്ച് പശുക്കള്‍
നമ്മെ തിന്നും ..ആ കാലം അതിവിദൂരമല്ല ..കരുതിയിരിക്കുക !
                                            
                                                                                                    ..................ആദില  കബീര്‍ 



വസന്തം

നിന്‍റെ മോഹമൊട്ടുകള്‍ വിരിയുമ്പോള്‍ .... ,
കൂട്ടുകാരാ ...
എന്‍റെ നെഞ്ചിലാണ് വസന്തം !!!

നമോ


ഭാവനാലോകത്ത് ഭാരതം കണ്ടു ഞാന്‍
ഭാസുരം ഭാവിയെന്നാര്‍ത്തു ചൊല്ലി
ഭദ്രമാണീയെന്‍ കരങ്ങളില്‍ ഭാരിച്ച 
ഭാന്ധാരമെന്നും വിളിച്ചു കൂവി
ഭൃത്യരായി വേണം ഭയംതെല്ലുമില്ലാതെ
ഭിക്ഷക്കിരിക്കുന്ന ഭോഗിവര്യര്‍
ഭ്രഷ്ടനാകാതെ ഞാന്‍ ഭാഗിക്കയാണിതാ
ഭോഗിച്ചു കൊള്‍കയീ ഭാരതത്തെ ..
ഭൂവനം മാനവന്‍ കൈപ്പറ്റിയെന്ന് ഞാന്‍
ഭൂമീന്ദ്രനായവന്‍ ചൊന്നതല്ലേ ?
ഭൂഷണം മൌനമെന്നപ്പോഴുമിപ്പോഴും
ഭീഷണിക്കല്ലടോ ഭംഗിവാക്ക് !
ഭക്തിയാണാകെ ഭരിക്കുവാന്‍ കിട്ടിയ
ഭാഷയെന്നുള്ളതും നേര് തന്നെ ...!
ഭാവാര്‍ത്ഥമെപ്പോഴും ഒന്നുതന്നെന്‍റെയീ
ഭാഷണം ഭാവിയില്‍ ഭേദമാക്കാം ..!!! ....
ആദിമോദി

പിന്നെന്തിനു ?

അച്ഛന്‍ പിണങ്ങിയതിനു
അന്നച്ചു കരഞ്ഞില്ല
അതിനവന്‍ വരച്ചത്
കുടിച്ചുകുടവയറു കുലുക്കുന്ന
അച്ഛന്‍റെ മുഖമല്ലല്ലോ ! 
അടിവയറ് കലങ്ങി അലറുന്ന നേരത്ത്
ആഞ്ഞിടിക്കുന്ന കാല്‍വെള്ളയിലെ
ചെളിക്കറുപ്പടിഞ്ഞ
തുന്നിക്കൂട്ടിയ കുറേ
സിസേറിയന്‍ കെട്ടുകള്‍ മാത്രം !
ആദി