Wednesday 15 October 2014

അരുതേ

വലിച്ചെറിയുന്ന സൗഹൃദങ്ങൾ 
മലമ്പാമ്പിനെ പോലെയാണ് 
സ്വപ്നങ്ങളിൽ കടന്നു വരും 
ഇഴഞ്ഞു കയറി ചുറ്റി വരിക്കും 
ശ്വാസം പകച്ചു പോകും 
അപ്പോഴും സമാധാനമെന്ന് ഞാൻ കരയുന്നുണ്ടാകും .
വെറുക്കപ്പെടാൻ ചമച്ച കഥകൾ
എന്റെ നഷ്ടത്തെ നോക്കി പല്ലിളിക്കും
ഞാൻ പിടഞ്ഞു പിടഞ്ഞു തീരുമ്പോഴും
നീ രക്ഷപെട്ടതിൽ കളങ്കമില്ലാത്ത സന്തോഷം ..
നിഷ്കളങ്കയായ എന്നെ നിനക്കറിയും
എന്റെ നിഷ്കളങ്കത കണ്ടെത്തിയ കാപട്യം
നീ എന്തേ തിരിച്ചറിയുന്നില്ല ...
സുഹൃത്തേ ....നാമിപ്പോൾ രണ്ടു ധ്രുവങ്ങളിൽ
കാണാതെ കണ്ടവർ ,കണ്ടാലറിയാത്തവരായ്
എങ്കിലും നീയൊരു മലമ്പാമ്പിനെ പോലെ
എന്നെ ച്ചുറ്റി വരിയരുതേ ..
എന്റെ ഹൃദയത്തെ ചവിട്ടി അരയ്ക്കരുതേ .....
ആദില

അച്ഛന്‍

എൻറെ ചിരിയുടെ രഹസ്യം.. 
വാക്കിൻറെ വിങ്ങൽ ..
നോക്കിലെ കൊഞ്ചൽ ..
പാട്ടിന്റെ ഈണം ..
എന്റെ ...
കണ്ണീരിന്റെ നനവ്.., കവിതയുടെ നിനവ്..
അക്കമില്ലാതെ എന്നെ അറിഞ്ഞ
സത്യം....!!!
ആഴങ്ങളിൽ എന്നെ നെഞ്ചോടു ചേർത്ത് നീന്തുന്ന
ആഗ്രഹങ്ങളെ എനിക്കായ് കുരുതി വെക്കുന്ന
എൻറെ പുണ്യം ..
അച്ഛൻ എന്നലാതെ മറ്റെന്തു പേരുണ്ട്
എന്റെ നന്മക്ക്..!

സദാചാരത്തിന്റെ സഹയാത്രികരേ ...

സദാചാരത്തിന്‍റെ സഹയാത്രികരേ ..
സദയം ക്ഷമിക്കുക ..
പാതിക്ക് പര്‍ദ്ദ സമ്മാനിച്ച്‌
ബുര്‍ഖക്കണ്ണിലൂടെ  ലോകം കാണിച്ച്
കാബറ കാണാന്‍ ഇരുട്ടില്‍
കണ്ണ് ചിമ്മുന്നവരേ ...
നിങ്ങളും ക്ഷമിക്കുക ..
ധീരഘോരം ഉച്ചഭാഷിണി തുപ്പി നാറ്റിക്കുന്നവരേ
ദയവായ് പൊറുക്കുക ..
എന്‍റെ പേനക്ക് കണ്ണില്ല ,
കണ്ണില്‍ പണ്ട് തൊട്ടേ ചോരയില്ല
എഴുതാനാണെങ്കില്‍ മാന്യമായ ഭാഷയുമില്ല
ഊരുവിലക്ക്‌ എനിക്ക് പുത്തരിയല്ല
ഊറ്റം കൊള്ളാന്‍ കൊട്ടേഷന്‍ കൂട്ടുകാരില്ല
പക്ഷേ നാവും നേരുമുള്ള
തലയില്‍ തലച്ചോറുള്ള
തലമുറ ഒന്ന്‍ എന്‍റെ കൂടെയുണ്ട് ..!!!!
കരുതിയിരിക്കുക ...എന്‍റെ കയ്യില്‍ വിലങ്ങു വീണാലും
എന്‍റെ കരളു ചോര തുപ്പും
കരളു ചീഞ്ഞാലും അക്ഷരം കടല്‍ ക്ഷോഭം തീര്‍ക്കും
പെണ്ണെഴുത്തല്ല സുഹൃത്തേ ...
കണ്ണെഴുത്താണെന്റെ കവിത ..!!!! 

ആദില കബീര്‍ .. 
L

പച്ച

ഹേയ് ....
പച്ചക്ക് സംവാദം കൊഴുപ്പിക്കുന്ന വിഡ്ഢികളെ 
പച്ച പാർട്ടിയല്ല 
ജീവൻറെ നിറമാണത് 
പച്ചപ്പുല്ലും ...പച്ചക്കാടുകളും ,പച്ചിലയും 
പവിഴപ്പുറ്റും പച്ചക്കുളവും പച്ചക്കുതിരയും
പച്ചമണ്ണും പച്ചമനുഷ്യനും
...
രാഷ്ട്രീയം .. പൗരബോധം
വർഗീയം ..വർഗബോധം
പച്ചക്ക് മേൽ താണ്ഡവം തുള്ളുന്ന വിവരക്കേടുകൾ ..
മാനമില്ലേ ... അല്ലെങ്കിൽ മാനക്കേടെങ്കിലും ???
നിൻറെ ചോരക്കു ചുകപ്പ് ..
നീ കമ്മ്യുണിസ്ടോ ....????
മനുഷ്യനാകണം ...
വിവരമില്ലെങ്കിൽ , വായ പൂട്ടണം
പച്ച ..വെള്ള ...കാവി ....ത്രിവർണ പതാക
പച്ച +നീല +ചോപ്പ് =വെള്ള =സമാധാനം ...!!! 


"ആദില കബീർ "

കവി


കടിഞ്ഞാണിട്ട ചിന്തകൾ 
കയറു പൊട്ടിക്കുന്ന നേരം 
കവിത ജനിക്കുന്നു ..
കവിയുടെ വഴിയിൽ
കാലം കണ്ടിട്ടില്ലാത്ത
കറുത്ത കരങ്ങൾ
കവിയുടെ കാതിൽ ആരും കേൾക്കാത്ത
കൊടുങ്കാറ്റിന്റെ കുത്തൊഴുക്കുകൾ
കാതങ്ങൾക്കപ്പുറം കരയുന്ന
കാണാത്ത നോവിൻറെ ഈടുവെപ്പുകൾ
കവി കാല്പനിക ഭ്രാന്തിൻറെ
കരുണക്കടൽ പോലും
കണ്ണീരിനു പഞ്ഞമില്ലാത്ത
കാലാതിവർത്തി
കവി ആരാകണം എന്താകണം
കവിത കാണാത്ത കലാകാരുടെ
കഴമ്പുള്ള ചർച്ചകൾ ..!!!
കുഴഞ്ഞല്ലോ ഞാൻ ......
കൂട്ടിൽ കെട്ടിയിട്ട് മുട്ടയിടാൻ
കുത്തിവെക്കുന്ന കൊഴിയല്ല കവി
കോപ്രായത്തിന് താളമിടാൻ
കോക്രി കാട്ടുന്ന കപിയുമല്ല
കണ്ണുള്ളവരേ കാണാതിരിക്കുക ..
കാതിനു ശേഷിയുള്ളവരേ ചെവിയടക്കുക ..
കാറ്റും കവിയും സല്ലപിക്കട്ടെ സ്വൈര്യമായി
...............ആദില കബീർ

പവിഴമരം

അന്ന് എനിക്ക് 10 വയസ് ...അനിയത്തിക്കുട്ടിക്ക് നാലും ..! വീടിൻറെ പണി നടക്കുന്ന സമയം ,എക്സ്റ്റെൻഷൻ ആണ് ...24 മണിക്കൂറും സിമന്റും പെയ്ന്റുമായി വീട് അവതാളത്തിലാണ് ..ഉമ്മിക്ക് എപ്പോഴും തിരക്കാണ് ,പണിക്കാർക്ക് രാവിലെയും ഉച്ചക്കും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ .പത്തു വയസുകാരിയും നാല് വയസുകാരിയും കഴിയും പോലെ അകവും പുറവും ഓടിച്ചാടി നടന്ന് ഉമ്മിയെ സഹായിച്ചു പോന്നു ..ഒരു ദിവസം ഉമ്മി നട്ടുച്ചക്ക് അലമാരി ഒതുക്കുമ്പോൾ ഭംഗിയുള്ളൊരു ചെപ്പ് എടുത്തുകാട്ടി ..വിവാഹം കഴിഞ്ഞ ഇടയ്ക്കെന്നോ വാപ്പി വാങ്ങിക്കൊടുത്ത പളുപളാ മിനുങ്ങുന്ന കല്ലാണ് ... വിലയുള്ളത് .ഇളം നീല നിറം ..ജോലി സ്ഥിരപ്പെടുമ്പോൾ മാലയിൽ കെട്ടിക്കാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കക്ഷി ..ഉച്ചമയക്കത്തിനായി ഉമ്മി മുറിയിലേക്ക് പോയ നേരത്താണ് എനിക്കാ ബുദ്ധി ഉദിച്ചത് .. പാവം ഉമ്മി ഒരു കല്ല്‌ കൊണ്ട് എന്ത് ചെയ്യാനാ ..അടിമുടി കല്ല്‌ കോർത്തൊരു മാല കൊടുക്കണം ഉമ്മിക്ക് ..വൈകിയില്ല ആലിക്കുട്ടിയെ വിളിച്ച് പുതിയതായി പണിയുന്ന മുറിയിലേക്ക് പോയി .അവിടെ താഴെ പൂഴിയാണ് ..അലമാരി തുറന്നു നിശബ്ദമായി ചെപ്പെടുത്ത് നീലക്കല്ല് പുറത്തെടുത്തു ..പുത്തൻ മുറിയിലെ പൂഴി മണ്ണിൽ കുഴിയുണ്ടാക്കി കല്ല്‌ സുരക്ഷിതമായി കുഴിച്ചിട്ടു ..അത് പോരല്ലോ ..വേഗം വളരണം ..ചിരട്ടയിൽ വെള്ളവും ബയോഗ്യാസിലെ സ്ലറിയും മുറിക്കുള്ളിൽ കൊണ്ടൊഴിച്ചു ...നിർവൃതി ..നീലക്കല്ല് പിടിക്കുന്ന കുഞ്ഞി മരത്തിനെ സ്വപ്നം കണ്ട് ഞങ്ങൾ പരസ്പരം നോക്കി നോക്കി ചിരിച്ചു ..ഉറങ്ങിക്കിടന്ന ഉമ്മിയെ വിളിച്ചു വലിച്ചു കൊണ്ട് വന്നു "വിത്ത് "നട്ടിടം കാണിച്ച നേരം...പാവം നെഞ്ചത്ത് കൈ വെച്ച് എൻറെ പൊന്നു മോളെ എന്ന് വിളിച്ച വിളി.......!!!!! ഓർമയിൽ എൻറെ കുട്ടിക്കാലം .....!!! കുഞ്ഞാദി

കൂട്ടുകാരി

കൂട്ടുകാരി
***************
ഓമനിക്കാൻ എൻറെ ഓർമയിൽ പോലുമെൻ
ഓമലേ നിൻ മുഖചന്തമില്ല
ഓരോ വസന്തവും കൈ വിട്ടു പോയ പോൽ 
നീയും കടന്നു പോയി എത്ര മുൻപേ
നാടിൻറെ നേരുള്ള പെണ്ണായിരുന്നു നീ
നാണം തുടുക്കുന്ന കണ്‍കളുള്ളോൾ
നിന്നിൽ ചുരിങ്ങിയോൾ ,നീയെന്ന നന്മയെ
നിന്റേതു മാത്രമായി കാത്തു വെച്ചോൾ
പണ്ടേ കളിച്ചു നാം ഒന്നിച്ചു തന്നെ;യെൻ
പാതിയും നീ തന്നെ ആയിരുന്നു
പിച്ചിയും മാന്തിയും കൊഞ്ഞനം കാട്ടി നാം
പിച്ചകപ്പൂക്കൾക്ക് വാശി വെച്ചു
എന്തേ മലർപൊയ്ക കണ്ടൊരാ മാത്രയിൽ
എന്നെ തനിച്ചാക്കി നീ ഇറങ്ങി
എത്രയോ നേരമാ നീരിന്റെ തീരത്ത്
എൻറെ പൊന്നാതിരേ ഞാൻ കരഞ്ഞു
പിച്ചകപ്പൂവിനായി തള്ളി ഞാനിട്ടതെന്നപ്പോഴേ
പാടി പറഞ്ഞു കേട്ടു
പൂവെനിക്കേകിടാൻ നീയെന്നെയൊരത്ത്
പാറാവ്‌ നിർത്തുന്നതാരു കാണാൻ
എന്നിട്ടുമാതിരേ ഞാനിപ്പോഴും രാത്രി
എന്നെപ്പുണർന്നീടിൽ നിന്നെയോർക്കും
എപ്പൊഴെത്തും കാലിനൊരത്തു നീയെൻറെ
ചങ്ങലക്കെട്ടൊന്നു പൊട്ടിച്ചിടാൻ ..!!!!

ആദില കബീര്‍ 

ആദിക്കുട

തണലു തേടി ഞാൻ തളർന്നു വീണത് 
വേരറ്റു വീഴാൻ വെമ്പുന്ന 
വരണ്ട പച്ചയുടെ മേലാണ് .
മഴക്ക് വേണ്ടി കേണത്
ദാഹിച്ചു മരിച്ച ദൈവത്തിൻറെ
ദരിദ്ര സിംഹസനത്തോടും ...
എനിക്കൊരു കുട വേണം
ഹൃദയം കരിച്ചു കളയുന്ന
തീ വെയിലിനെ
തണലെന്ന് വിളിക്കാൻ .
എനിക്കൊരു കുട വേണം...
നിറഞ്ഞു പെയ്യുന്ന മഴയിൽ
നെഞ്ചോടു ചേർത്ത് പിടിക്കാൻ
ഒരു കുട ... സ്നേഹത്തിൻറെ കുട
കാറ്റിൽ പറന്നു പോകാത്ത
എന്നെ പൊതിഞ്ഞു പുൽകുന്ന
ആദിക്കുട

മധുരം

കളഞ്ഞു പോയെന്നു കരള് കരുതിയൊരു
കൽക്കണ്ട് കഷ്ണം കയ്യിൽ കിട്ടി
പഴയ മധുരം ...
എന്നാലും
അലുത്തലുത്ത് ഇല്ലാതായ പോലെ ..!!!
ആദി

ഓര്‍മ

ഓർമ്മ പുഴയാണ് .....!!!!
ഒഴുക്ക് നിലച്ച് ..അഴുക്കടിഞ്ഞ് 
അഴുകാതെ കെട്ടിക്കിടക്കുന്ന പുഴ
ചിലപ്പോൾ ...
മഴപോലെയിന്നലെകൾ പെയ്യും.
വരണ്ട ചാലുകൾക്ക് മിടിപ്പ് നൽകും
ചലനം തീർക്കും .
അല്ലെങ്കിലൊരു പേമാരിയിൽ
കുത്തിയൊലിച്ചു കുതിച്ചു
കണ്ണീരു പോലെ ...
ഓർമ്മ പുഴയാണ്
പാറക്കൂട്ടത്തിലും മുള്ളുകളിലും പിന്നെയും പിന്നെയുമൊഴുകി
പതം വരുത്തി വെള്ളാരംകല്ലാക്കുന്ന മന്ത്രവാദി .
അടിത്തട്ടിൽ അസ്ഥികൂടങ്ങൾ ഒളിപ്പിച്ച്
പവിഴപ്പുറ്റെന്നു ചൊടിക്കുന്ന നാട്യക്കാരി ..
ചിറകെട്ടാൻ നിന്ന്കൊടുക്കാതെ ഓടിത്തോൽക്കുന്ന ,
ചിരിച്ചു ചിരിച്ചു കരയുന്ന ,
ചുഴിയും , ചതിയുമോർത്തുവെക്കുന്ന പ്രതികാരി .
ഓർമ പുഴയാണ്
ജീവിക്കുന്നുവെന്ന് സ്വയം മറന്നവർക്ക്
ജീവനുണ്ടെന്നു സാക്ഷ്യം നൽകുന്ന
ജലരേഖ ..!!!!
ആദില കബീർ

രാത്രിചിത്രം

പ്രിയനേ ..
ഈ നിശബ്ദയാമങ്ങളിൽ 
എല്ലാവരുമുറങ്ങട്ടെ ..
നമുക്കുണർന്നിരിക്കാം ...!
നിലാവിനാൽ നാണം മറച്ച് ,
നക്ഷത്രപ്പൊട്ടു തൊട്ട് ,
ആകാശത്തിൻറെ ഇരുണ്ട താളുകളിൽ
മഴവില്ലു ചാലിച്ചു നിൻറെ ചിത്രമെഴുതാം .
പരിഭ്രമിക്കാതെ വരിക..
ആരും കാണാതെ നിൻറെ അരളിപ്പൂക്കളിൽ
ഞാൻ ചുവന്ന ചായം പകരാം .
കണ്ണിണകളിൽ എൻറെ കരിമഷിയാൽ
കറുപ്പു പകരാം ...
പ്രണയം പുരണ്ട നിൻറെ കവിൾപൂവിനെ
വിരൽതുമ്പിനാൽ തഴുകിയുണർത്താം ..!
അധികം ചാലിച്ച തുള്ളികൾ
അധരത്താൽ ഒപ്പിയെടുക്കാം ..
ഈ രാത്രി ...
പേ പിടിച്ച പേമാരി പെയ്യാതിരുന്നെങ്കിൽ ..
നീയൊലിച്ചു പോകാതെ.. ,പടരാതെ
ഇരുട്ടിൻറെ നിറങ്ങാളായെങ്കിൽ ..
വിരലറ്റത്തു നീയാണ്..
നിൻറെ തണുപ്പാണ്..
നീ വാടാത്ത വസന്തം
വറ്റാത്ത പ്രണയം ..!!!! ആദിരാത്രി

നോവ്

പലതും അറിഞ്ഞത് വൈകിയാണ് ..
ഒരുപാട് വൈകി .
അന്ന് കൈ തരേണ്ട വേളയിൽ
കൈവിട്ടു പരിഹസിച്ചു പോയി ഇവളും ..
നോവേ .......
കുറ്റബോധത്തോടെയല്ലാത ആ
മുഖമോർക്കാൻ എനിക്കാകില്ലേ ഒരിക്കലും ...?!!!

ആദില കബീർ

നരികള്‍

നടുറോഡിൽ
രണ്ട് ശവങ്ങൾ !
ഒന്നൊരു നായുടേത് ..
പിന്നെയൊന്ന് എന്റേത് .
മൂക്ക് പൊത്തി
നെറ്റി ചുളിച്ച്
നഗരസഭയെ നാല് തെറി വിളിച്ച്
നല്ല നടപ്പുകാർ കടന്നുപോയി ..
അരികെ നായകൾ മോങ്ങുന്ന രോദനം
എനിക്കരികെ ...
നരനില്ല ..
നരികൾ ... !!!
നരികൾ .....,
നാഗരികതയുടെ ദത്തു സന്തതികൾ!!!
ആദില കബീർ

സദാചാരം എന്ന് ശബദിച്ചാൽ അരിയണം ചീഞ്ഞ നാവുകൾ ..!!!

അറപ്പ് തോന്നുന്നു ഈ വ്യവസ്ഥിതികളോട് . മാധ്യമധർമ്മം വാ തോരാതെ പ്രസംഗിക്കുകയും ..സാധാരണക്കാരന്റെ സദാചാര ബോധത്തിൽ വിലപിക്കുകയും ..കാണാത്ത കാഴ്ചകൾ നേരോടെ,നിർഭയം ,നിരന്തരം വിളമ്പുകയും ചെയ്യുന്ന മാധ്യമ രാജാക്കന്മാർ റേറ്റിങ്ങ് കൂട്ടി റെക്കോർഡ്‌ സ്ഥാപിക്കാൻ തരംതാണ "അശ്ലീലം "പരസ്യം ചെയ്യുന്നത് ... ഇതിലും ഭേദം ചുവന്ന തെരുവുകളിൽ മാംസം വിൽക്കുന്നവരോട് ജീവിത കഥയുടെ നൊമ്പരം തിരക്കുന്നതല്ലേ ...?? അവരുടെ കണ്ണീരോട് ചേർന്ന് വിതുമ്പുന്നതാകും കോമാളിത്തരം കണ്ടു വാ പൊത്തി ചിരിക്കുന്നതിലും ഭേദം ..!!! സദാചാരം എന്ന് ശബദിച്ചാൽ അരിയണം ചീഞ്ഞ നാവുകൾ ..!!!

ഗതികേട്

കലാലയ ചര്‍ച്ചകള്‍ കഴമ്പില്ലാതെ കോമാളിത്തരം മാത്രമാകുന്നത് വേദനയോടെ നോക്കി നില്‍ക്കുന്നൊരു വിദ്യാര്‍ഥി എന്ന നിലയില്‍ .... ഞാന്‍ സെമെസ്ടര്‍ സമ്പ്രദായത്തോടുള്ള കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തുകയാണ് .സമയം കിട്ടാനില്ലെന്ന പരാതി ..!!!സര്‍ഗാത്മകതയും കലാലയരാഷ്ട്രീയവും കണികാണിക്കാത്ത യന്ത്രങ്ങളായി പോകുന്നു ഞങ്ങള്‍ .വാര്‍ഷിക പദ്ധതിയും ഗ്രേഡിങ്ങ് സംവിധാനവും സമന്വയിപ്പിച്ച് ഒരു നയത്തിന് സാധ്യതയില്ലേ ..?? നഷ്ടമാകുന്ന ഞങ്ങളുടെ കലാലയവരകള്‍ക്ക് ആര് വര്‍ണം പകരും !!! ന്യു ജെനറേഷന്‍ എന്ന പേരില്‍ അടച്ചാക്ഷേപിക്കുന്നവരേ ...ഞങ്ങള്‍ക്ക് നഷ്ടമായ ഇടങ്ങള്‍ തിരികെ നല്‍കുക ... പറക്കാന്‍ ആകാശം വിട്ടു തരിക ..കെട്ടിയിട്ട ചിറകുകള്‍ക്ക് മോക്ഷമേകുക ..

മന്ത്രവധം

വലംപിരിശംഖും ,കാന്തമാലയും .. ജന്മനക്ഷതക്കല്ലും ..ഹോ !!! വിശ്വാസം വില്‍ക്കുന്ന കാലം.. പറഞ്ഞിട്ട് കാര്യില്ല ..കല്യാണ്‍ ജുവലറി പറഞ്ഞു പഠിപ്പിച്ചിരിക്കയല്ലേ ആ പറഞ്ഞ വിശ്വാസമാണ് എല്ലാമെല്ലാം എന്ന്‍.. !
എന്നാലും നുമ്മടെ പഹയന്‍ വൈക്കത്തെ സുല്‍ത്താന്‍ പറഞ്ഞ പോലെ .. "ബക്കറ്റും വെള്ളോം കൊണ്ട് കക്കൂസില്‍ പോകുന്ന ദൈവങ്ങളെ കുറിച്ചു ഓര്‍ക്കാനും കൂടി വയ്യ..  ഈ ജെനറല്‍ ട്രെന്‍ഡ് വെച്ചിട്ട് ഞാനും തുടങ്ങ്യാലോ എന്നാലോചിക്ക്യാ ആഭിചാരമോ ആള്‍ദൈവമോ ..സാധ്യതയുണ്ടല്ലോ ...സ്വാമിനി :ആദിലാനന്ദതിരുവടിമോള്‍ 
ഓഹ് ..പിന്നിപ്പോ മന്ത്രവാദമല്ലല്ലോ ല്ലേ ..മന്ത്രവധം !!!! ന്‍റെ വിവേകാനന്ദാ ...കേരളം ഇപ്പഴും പണ്ടത്തെ പോലെ തന്നുണ്ട്ട്ടാ ...