Wednesday 9 April 2014

നീലിമ പറയട്ടെ ..!!!


കരിനീല വാനം വിരിക്കുന്നു മേലെ
കവിതാർദ്രമേതോ  മഴത്തുള്ളികൾ
പറയാൻ മറന്നിട്ട പ്രണയമേ നീയെൻറെ
ഇടനെഞ്ചിലിനിയൊന്നു  പെയ്തു തീരൂ

എങ്ങോ  വിഷാദം തുളുമ്പുന്ന കാറ്റിന്റെ
ശ്വസത്തിലാകെയും പൊൻ  കിനാക്കൾ
നീലിമക്കിന്നു   ചൊല്ലുവാനായിരം
രാത്രി നോവിൻറെ  കാത്തിരിപ്പോർമകൾ

കൊച്ചു  മഞ്ചാടി ,നീലക്കുറിഞ്ഞികൾ..
തമ്മിലൊന്നിച്ച  കാറ്റാടി സന്ധ്യകൾ
നിന്റെ മാത്രമേന്നെത്രയോ വട്ടമാ
കണ്ണ് കാതോടു മന്ത്രിച്ച മാത്രകൾ

നീലിമേയെന്നൊരായിരം  വട്ടമെൻ
കണ്ണ്നീരിൻറെ കണ്ണാടിയായതും
നീല രക്തത്തിലാൽതറ തിണ്ണയിൽ
നീലിമക്കെന്നു ചലിച്ചു വെച്ചതും ..


ഓർമ ഓർമയാണൊക്കെയും നോവിൻറെ
തോഴിയാകുന്ന നീലിമക്കെപ്പൊഴും
ഭീരുവായ്‌  നഷ്ട സ്നേഹത്തെയിപ്പൊഴും
ഭാവിയോർക്കാതെ  പൂജിച്ചു പോകുവോൾ

പോക്ക് വെയിലിൻ നിഴൽ  പറ്റി നിന്നൊരാ
തൂക്കണാം   കിളിക്കൂടിന്റെ ചുള്ളികൾ..
നിന്റെ കൂടിന്നു  കൂട്ടിരുന്നീടുവാൻ
ആദ്യമെന്നെ ക്ഷണിച്ച മാന്തോപ്പുകൾ

ചോറ്റു  പാത്രത്തിനുള്ളിലെ കത്തുകൾ
ചൊദ്യമെല്ലാമൊളിപ്പിച്ച  ചിന്തുകൾ
ചോരയിറ്റിറ്റു  വീഴുന്ന നെറ്റിമേൽ
ചങ്കു പൊട്ടി ഞാനന്നിട്ട മുത്തുകൾ

വീണ്ടുമുണ്ടായ് നിറം കെട്ട സന്ധ്യകൾ
കാത്തിരിപ്പിൻറെ  കാണാത്ത തുള്ളികൾ
ഞാറ്റുവേല കിളിക്കൂട്ടമെത്രയോ
ഞാനറിഞ്ഞീല  പാറിപ്പറന്നു പോയ്

അമ്മ നോവിൻറെ  കണ്ണീരു കാണുവാൻ
പിന്നെ നീലിമാക്കല്ലലായ് ജീവനേ
അന്ന് ചേർന്നതീ സിന്ദൂരവർണമെൻ
നീ മുകർന്നൊരാം വേർപ്പിറ്റ  നെറ്റി മേൽ

എന്ത് നൽകുവാൻ ഉത്തരം നിന്റെയാ
നെഞ്ച് പൊട്ടുന്ന  ചോദ്യത്തിനിന്നിവൾ
നമ്മളിപ്പൊഴും സ്നേഹിക്കയല്ലയോ
രണ്ടിടങ്ങളിൽ രണ്ടായിയിങ്ങനെ ...
                                                                           adila kabeer


Tuesday 8 April 2014

ശലഭ മഴ

മഴ നനയാൻ വരുന്നോ ..
ശലഭ മഴ ..!
ഒന്ന് ..രണ്ട് ..മൂന്ന് ..
ശലഭത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു 
നമുക്കീ  മൈതാനിയിൽ 
മേലേക്ക് ..മേലേക്ക്..  നോക്കികിടക്കാം 
വസന്തം വർണമെറിയും പോലീ 
പൂമ്പാറ്റ മഴ നനഞ്ഞു ചിരിക്കാം ..
ചിറകിലെ ചായമിറ്റിച്ച് 
നനഞ്ഞു കുതിർന്നു പൂമ്പാറ്റകൾ 
പെയ്തിറങ്ങുന്നത് കാണാൻ 
എത്ര ചന്തം..!!!
മഴ കഴിയും  മുമ്പീ 
മഞ്ചാടി വഴിയിലൂടെ 
വെള്ളാരം കല്ലിന്റെ തണുപ്പറിഞ്ഞ് 
കൈ കോർത്ത് നമുക്കോടാം 

നീ ചിരിക്കുന്നു 
നിന്റെ കണ്ണിലും രണ്ട് ശലഭങ്ങൾ 
പെയ്തിറങ്ങുന്ന ശലഭങ്ങൾ..!!!

നമുക്കും പെയ്യാം..?
ചിറകു വിടർത്തി ശലഭങ്ങളായ് 
തെന്നിപ്പറന്ന് 
ഒടുവിൽ ..........
പെയ്ത്  തളരുമ്പോൾ 
ചിറകു കുഴഞ്ഞ്  മഞ്ചാടി വഴിയിൽ 
പ്രണയിച്ചു  ലയിക്കാം ..
ശലഭ തുള്ളികളായ് മണ്ണിൽ ഉറങ്ങാം..
ശലഭ മഴ ..ഇപ്പോഴും പെയ്യുന്നു ..!!!
ചിന്നി ചിന്നി !!!!!

കുടമുല്ല



ചില പൂക്കൾക്ക് നിറമാണുള്ളത്
ചിലതിനു നാണവും..
ഇനിയും ചില പൂക്കളുണ്ട്
സുഗന്ധം കൊണ്ട്
പ്രണയം തീർക്കുന്നവ..
വണ്ടിനു വിരുന്നൊരുക്കാൻ മാത്രം
വീണ്ടും ചിലർ..,
ആതിധേയപ്പൂക്കൾ..!
……………………..
…………………….
രാത്രി മഴയിൽ നനഞ്ഞൊട്ടിയ,
നിറം കെട്ട മണം മറന്ന
ഇതളടർന്ന
എന്റെ കുടമുല്ലക്ക്
ഇനിയെന്താണൊരു ശേഷക്രിയ…!!!
കരിമുട്ടു പൊട്ടിക്കാതെ
തുടുത്ത നറുമൊട്ടടർത്താതെ
നോറ്റിരുന്ന് ഞാൻ ഉറങ്ങവേ..
കൌതുകം സഹിയാഞ്ഞ്
കണ്ണ് തുറന്നവൾ വിടർന്നു പോയ്‌
………………………………..
അവകാശം പറയാൻ ഇനി ഞാനില്ല
എന്ത് കൊണ്ടോ
വിടർന്ന പൂവ് ….
കാത്തു വെച്ച ചെടിയുടെ അവകാശമാണ്..,
ചെടിയുടെ മാത്രം…!!!

“സൂര്യ’കാന്തി

അലസ സുരഭില ഗാത്രിയേ ശുഭ
മനസു കുളിർമയിലാക്കിയേ
ഉദയ കിരണനുദിച്ചു പൊങ്ങിയ
നവ നഭസ്സിതുണർന്നിതാ ..

തളിരുറഞ്ഞ മനോജ്ഞ മരതക
മലകളിവിടെ മയങ്ങവേ
കവിളിലൊരു നവ ചിരി പടർത്തി
കനക കാമുക സുന്ദരൻ!

പ്രേമ ഭാവമുണർന്ന കൈത്തിരി
കാമുകിക്കു പകർന്നവൻ
സൂര്യകാന്തി കണ്ണിലപ്പൊഴു
മായിരത്തിരി പരിഭവം..

വീണ്ടുമെന്തിനു വന്നുവെന്നവൾ
കണ്ണുനീരിലൊതുക്കവെ
കർമ്മബാഷ്പമുറഞ്ഞ കണ്ണിണ
കാറ്റിനേകി മൊഴിഞ്ഞവൻ

കാതമിത്രയകന്നതെങ്കിലും
കാണുവാനൊരു മോഹമെൻ
തീ പിടിച്ചു തുടുത്ത നെഞ്ചിൻ
ഉള്ളിലുണ്ടെൻ കാതരേ..

കൂട്ടുകാരികളൊത്ത് കാറ്റിൽ
നീ കളിച്ചു രസിക്കവേ
ഞാൻ തനിച്ചു കടന്നു പോകുവ -
തെന്തിനെന്നു നിനച്ചു നീ..?

നിന്നെ ഒരു ഞൊടി കാണുവാൻ
നിറ ഗന്ധമൊന്നു നുകർന്നിടാൻ
നിന്നെയാകെ ഉഴിഞ്ഞു പോം
ചില വണ്ടിനോടു കയർത്തിടാൻ ..

വീണ്ടുമെന്തിനു പരിഭവം ചില
നേരമിങ്ങനെ കാന്തിയേ..
കർമമെന്നെ വലിച്ചു നീക്കുവതെന്നു
മിങ്ങനെയല്ലയോ ..!
തേങ്ങലുള്ളിലൊതുക്കി മിഴിയിണ
തൂവിയെത്തിയ കണ്ണുനീർ
തേൻ കുടത്തിലൊഴിച്ചു   വെച്ചവൾ
പുഞ്ചിരിച്ചു സഗദ്ഗദം ..

ഇല്ല പരിഭവമൽപവും ഇട
നെഞ്ഞിലെൻ പ്രിയ പ്രണയമേ
അങ്ങ് നൽകിയനുഗ്രഹം എൻ
ഗർഭപാത്രമുണർന്നിതാ ..

കർമമെന്നിലൊഴിഞ്ഞു ഭൂമിയിൽ,
ഇല്ല നാളിനിയൂഴിയിൽ …
മണ്ണിലേക്ക് മയങ്ങി വീണിവൾ
മണ്ണിരക്കിരയായിടാം

വീണ്ടുമങ്ങിവിടെത്തി പല
പ്രേമ രംഗവുമോർതിടാം
കാത്തിരുന്ന് തളർന്ന താഴ്വര
മൂകമന്നു മൊഴിഞ്ഞിടും

തേരിലേറുക പായുക
പുതു ജീവനേകിതു നിന്നിലെ
പ്രേമമേറ്റു പിടഞ്ഞു ചത്തൊരു
സൂര്യകാന്തി പട്ടട ..!!!

ജലം ജീവനം

ദാഹനീരിനു നാവു നീട്ടി 
മരിച്ചു വീണീടും
തലമുറക്കൊരു മറുപടിക്കായ്
തല കുനിക്കും നാം !
കരുതി വെക്കുക കണ്ണുനീരിനെ 
നിൻറെ മക്കൾക്കായ്..,
ജീവനിവിടെ നനച്ചു നട്ടത് 
പണ്ട് മുത്തച്ഛൻ ..!

എൻറെ ചങ്ങമ്പുഴ

ഗന്ധർവ ഗായകാ അങ്ങെൻറെ  മാനസം
മഞ്ചാടിയാക്കുന്നതെന്ത് ജാലം.
ചാഞ്ചാടുമീറൻ മഴക്കാറ്റു  വീശുന്ന 
ചാപല്യമാണെനിക്കങ്ങയോട്  ..
കാണാൻ കഴിഞ്ഞെന്കിലെന്നാണിവൾക്കുള്ള 
തീരാത്ത നേടാത്ത പൊൻ  കിനാവ്
ഞാനാ മനസ്സിൽ, മനസ്വിനിയാകാതെ
പോയതാണിന്നെൻറെ  കൊച്ചു നോവ്
അത്മാവിലെന്നോ നിനക്കാതെ പ്രേമിച്ചൊരാ
രാധനക്കുള്ള കാവ്യരൂപം
ചങ്ങമ്പുഴച്ചോപ്പ് ചാലിച്ച സ്നേഹത്തി
നർഥങ്ങളില്ലാത്ത കാവ്യഭാവം …!!!!
                                                             ആദില  കബീർ