Tuesday 8 April 2014

“സൂര്യ’കാന്തി

അലസ സുരഭില ഗാത്രിയേ ശുഭ
മനസു കുളിർമയിലാക്കിയേ
ഉദയ കിരണനുദിച്ചു പൊങ്ങിയ
നവ നഭസ്സിതുണർന്നിതാ ..

തളിരുറഞ്ഞ മനോജ്ഞ മരതക
മലകളിവിടെ മയങ്ങവേ
കവിളിലൊരു നവ ചിരി പടർത്തി
കനക കാമുക സുന്ദരൻ!

പ്രേമ ഭാവമുണർന്ന കൈത്തിരി
കാമുകിക്കു പകർന്നവൻ
സൂര്യകാന്തി കണ്ണിലപ്പൊഴു
മായിരത്തിരി പരിഭവം..

വീണ്ടുമെന്തിനു വന്നുവെന്നവൾ
കണ്ണുനീരിലൊതുക്കവെ
കർമ്മബാഷ്പമുറഞ്ഞ കണ്ണിണ
കാറ്റിനേകി മൊഴിഞ്ഞവൻ

കാതമിത്രയകന്നതെങ്കിലും
കാണുവാനൊരു മോഹമെൻ
തീ പിടിച്ചു തുടുത്ത നെഞ്ചിൻ
ഉള്ളിലുണ്ടെൻ കാതരേ..

കൂട്ടുകാരികളൊത്ത് കാറ്റിൽ
നീ കളിച്ചു രസിക്കവേ
ഞാൻ തനിച്ചു കടന്നു പോകുവ -
തെന്തിനെന്നു നിനച്ചു നീ..?

നിന്നെ ഒരു ഞൊടി കാണുവാൻ
നിറ ഗന്ധമൊന്നു നുകർന്നിടാൻ
നിന്നെയാകെ ഉഴിഞ്ഞു പോം
ചില വണ്ടിനോടു കയർത്തിടാൻ ..

വീണ്ടുമെന്തിനു പരിഭവം ചില
നേരമിങ്ങനെ കാന്തിയേ..
കർമമെന്നെ വലിച്ചു നീക്കുവതെന്നു
മിങ്ങനെയല്ലയോ ..!
തേങ്ങലുള്ളിലൊതുക്കി മിഴിയിണ
തൂവിയെത്തിയ കണ്ണുനീർ
തേൻ കുടത്തിലൊഴിച്ചു   വെച്ചവൾ
പുഞ്ചിരിച്ചു സഗദ്ഗദം ..

ഇല്ല പരിഭവമൽപവും ഇട
നെഞ്ഞിലെൻ പ്രിയ പ്രണയമേ
അങ്ങ് നൽകിയനുഗ്രഹം എൻ
ഗർഭപാത്രമുണർന്നിതാ ..

കർമമെന്നിലൊഴിഞ്ഞു ഭൂമിയിൽ,
ഇല്ല നാളിനിയൂഴിയിൽ …
മണ്ണിലേക്ക് മയങ്ങി വീണിവൾ
മണ്ണിരക്കിരയായിടാം

വീണ്ടുമങ്ങിവിടെത്തി പല
പ്രേമ രംഗവുമോർതിടാം
കാത്തിരുന്ന് തളർന്ന താഴ്വര
മൂകമന്നു മൊഴിഞ്ഞിടും

തേരിലേറുക പായുക
പുതു ജീവനേകിതു നിന്നിലെ
പ്രേമമേറ്റു പിടഞ്ഞു ചത്തൊരു
സൂര്യകാന്തി പട്ടട ..!!!

No comments:

Post a Comment