Tuesday 21 July 2015

കളങ്കം

ഒളിച്ചു കളിക്കിടയിൽ
നിഷ്കളങ്കത കളഞ്ഞു പോയ കുട്ടിയെ പോലെ
ഞാൻ പകച്ചു നിന്നു ..
അത് വരെ എപ്പോഴും നീയെന്നെ കണ്ടു പിടിച്ചു
എവിടെയൊളിച്ചാലും സാറ്റടിച്ചു
കണ്ണു കണ്ടാലും കയ്യടിച്ചു വിളിച്ചു
ഞാൻ ഒളിക്കാനറിയാത്തവൾ '
നിനക്കായി ആരാധനയോടെ കീഴടങ്ങി !
ഇനി രംഗം രണ്ട്
എന്റെയൂഴം ,
കളങ്കം കണ്ണ് തുറന്ന കളിയരങ്ങ് ..
കള്ളസാറ്റ് ,
ഒന്ന് ..രണ്ടു ..മൂന്നു ..അമ്പതു ..
നെഞ്ചിൽ
നിന്റെ ശ്വാസത്തിന്റെ ശബ്ദം ..
ഏയ് ... ഒളിക്കണ്ട !!!
ഇങ്ങു പോരെ .കണ്ടുപിടിച്ചു !!!

ആദിക്കളങ്കം

കള്ളസന്യാസിനി

കവിത കാത്തിരുന്നു മടുത്ത്
മുഷിഞ്ഞു മടങ്ങുന്ന മരവിച്ച മനസ് .
എപ്പോഴും ..
എഴുത്ത് തപസാണ് ..
ഞാനിപ്പോഴും നടനവൈഭവമുള്ള
കള്ളസന്യാസിനി !
ആദി

ദാഹം

കുണ്ടും കുഴിയും നികത്തി ,
ചെളിയും ചവറുമൊതുക്കി
അവരെന്റെ മനസിന്‌
കോണ്‍ക്രീറ്റ് കൊണ്ടൊരു നിലമൊരുക്കി ..
കണ്ടവരൊക്കെ കയ്യടിച്ചുചിരിച്ചു (നിങ്ങളും )
"ഓഹു് ..നീയാളാകെ മാറി" !!!
.
.
ഇപ്പൊ കാണുന്നില്ലേ ?
ഈ മഴയൊക്കെ പെയ്തിട്ടും
എന്റെ മനസ് മാത്രം
വറ്റിത്തന്നെ ..
വരണ്ടു തന്നെ ..!!!

ആദിദാഹം

ആയിരത്തൊന്ന് രാവ്

നരച്ച നേരുകള്‍ മാത്രമറിയുന്ന
നേരമ്പോക്ക് തീരെയില്ലാത്ത
നിരന്ന ഭൂമി ...
ചില രാവിലെങ്കിലും ഒരു കൊതി
ആയിരത്തൊന്നു രാവിലെ ഷഹര്‍ദാസിനെ പോലെ
നിന്നെ കഥ പറഞ്ഞുറക്കാന്‍ ..ഉണരാതെയാക്കാന്‍
ആ മയക്കത്തിന്‍റെ മടിയില്‍
സ്വപ്നങ്ങള്‍ക്ക് കാലൊച്ച തട്ടാതെ
മരക്കുതിരപ്പുറത്തേറി
മാന്ത്രികപ്പരവതാനിമേല്‍
വിരിഞ്ഞു കിടക്കാന്‍ ..
രാത്രിയാകാശം രുചിച്ചറിയാന്‍
നക്ഷത്രക്കുഞ്ഞിനെ കമ്പിളി പൈജാമാക്കുള്ളിലാക്കി
അമ്പിളിവെണ്ണക്കഷ്ണം കടിച്ചെടുത്ത് മടങ്ങിയെത്താന്‍ ..
ഒന്നുമറിയാത്തത് പോലെ നിന്നരികില്‍ വന്ന്
വീണ്ടും ചേര്‍ന്നു കിടക്കാന്‍ ..
നിന്‍റെ സ്വപ്നങ്ങളില്‍ ഭൂകമ്പങ്ങള്‍ തീര്‍ക്കാന്‍
കൊതിയാകുന്നെടോ ഇന്നുമെനിക്ക് ..!!!


ആദിക്കിനാവ് ..

അരുതേ

കവിതപ്പുഴുക്കളെന്‍ അഴുകും തലച്ചോറി-
ലടയിരുന്നിനിയും വിരിഞ്ഞതില്ല
ശലഭങ്ങളായവര്‍ പാറുന്ന നാള്‍ വരെ
ശകലവും ശരണമില്ലെന്‍റെയുള്ളില്‍ ..
കരളുന്നു കനിവേതുമില്ലാതെ ജീവികള്‍
കനവാകുമെന്നിഷ്ട ഭാവനകള്‍
കരുതുന്നു ഞാന്‍ നെഞ്ചി,ലിന്നല്ലയെങ്കിലാ
ചിറകൊന്നു നാളെ കുടഞ്ഞു പൊങ്ങും !
തിളകൊണ്ടു നില്‍ക്കുന്ന കനവുണ്ട് ,പൊള്ളലു -
ണ്ടതുമാറി വെയിലത്തു കവിത പൂക്കും ..
അതുവരെക്കാക്കെന്‍റെ തലയില്‍ തണുപ്പുള്ള
തുണി നനച്ചരുതേ ...വിരിച്ചിടല്ലേ !

ആദിക്കവിത