Thursday 14 April 2016

കാണെക്കാണെ സംഭവിച്ചത്.


"ഒരുവശം മൗനഗർത്തങ്ങൾ; ഞാൻ നിന്റെ
മിഴികളിൽ വീണു നൂറായ് നുറുങ്ങുന്നു
മറുവശം ശിലാസ്തംഭങ്ങൾ;നീയെന്റെ
ഹൃദയമെങ്ങെന്നു തപ്പിനോക്കുന്നുവോ?"
"ജലസ്തംഭം " എന്ന കവിത എത്തിയപ്പോഴേക്കും ഞാൻ പി.പി.രാമചന്ദ്രൻ എന്ന കവിയെ ഹൃദയത്തിൽ അടയാളപ്പെടുത്തിത്തുടങ്ങിയിരുന്നു. എഴുതാൻ ശ്രമിക്കുമെങ്കിലും, പുതിയ കാലത്തിന്റെ കവിതകൾ ബോധപൂർവ്വം വായിക്കാൻ ഞാൻ മെനക്കെടാറേയില്ലായിരുന്നു എന്നുളളതാണ് സത്യം.ചൊക്കൻ തന്ന നീണ്ട ലിസ്റ്റ് കണ്ടന്ധാളിച്ച് പറവൂർ ലൈബ്രറിയിൽ പുസ്തകം അന്വേഷിച്ച ഉടനെ ഉണ്ണിയങ്കിൾ എടുത്തു തന്നു " കാണെക്കാണെ" എന്ന ശ്രീ.പി.പി രാമചന്ദ്രൻറെ കവിതാലോകത്തെ...!
കഥകളെ അവലോകനം ചെയ്യും പോലെ കവിതാസമാഹാരത്തെ സാധ്യമാണോ എന്നറിയില്ല... പ്രത്യേകിച്ച് പല കവിതകളും പ്രബന്ധമാക്കാൻ തക്ക ഗഹനവും സൗന്ദര്യവും സത്തയുമുളളതാകുമ്പോൾ! അമ്പത്തിയഞ്ചിൽ പരം കവിതകൾ 116 താളുകളിലായ് നെഞ്ചുവിരിച്ച് നിന്നു. എന്താണ്, എങ്ങനെയാണ്, എന്തിന് വേണ്ടിയാണ് കവിതകളുണ്ടാകുന്നത് എന്ന് സ്വയം വ്യാകുലപ്പെടുന്നവൾക്ക് മുന്നിൽ ;എന്തും, എങ്ങനെയും കവിതയാക്കാം എന്ന് കാണെക്കാണെ തെളിഞ്ഞുവന്നു..
"ഇവിടെയുണ്ടു ഞാ-
നെന്നറിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി
.........
ഇനിയുമുണ്ടാകു
മെന്നതിൻ സാക്ഷ്യമായ്
അടയിരുന്നതിൻ
ചൂടു മാത്രം മതി...
ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവി
ഷ്ക്കരിക്കുന്നു ജീവനെ" - എന്ന് കവി ചോദിക്കുമ്പോൾ മനസിൽ വന്നത് 'ശരിയാണല്ലോ' എന്ന ചിന്ത മാത്രമല്ലല്ലോ.... നാമേത് തൂവലാണ് മിച്ചം വെക്കുക എന്ന ' നിലനിൽപിന്റെ, ,സ്വത്വബോധത്തിന്റെ ' ചോദ്യം കൂടിയല്ലേ!
"അടുത്ത കുതിക്കുളള
ധ്യാനമായിരുന്നു ത-
ന്നിരിപ്പെന്നുണർത്തിച്ചു
ചാടിയ ജീവോന്മാദം"- (ഇരിപ്പ് നടപ്പ് ) എന്ന കവിതയിലെ പച്ചപ്പുൽച്ചാടിയുടെ ധ്യാനാത്മകമായ പച്ചിലയിരുത്തത്തെ ജീവനിൽ ബന്ധിച്ചു ഈ വരികൾ.
കേശാദിപാദ'ത്തിൽ ,
" കൊതുകു മൂളി
പ്രദക്ഷിണം വയ്ക്കവേ
ചെവികൾ സോപാന
മണ്ഡപമായിടാം" - എന്ന് വായിക്കുമ്പൊ രസം തോന്നി.. അങ്ങനേം ചിന്തിക്കാമല്ലോ എന്ന രസം. എഴുത്തച്ഛന്റെ 'രസനയിൽ നഗ്ന നടനമാടിയ 'സരസ്വതിയും, അന്തി ചായുന്ന പോൽ വീണടിഞ്ഞൊരു മാവും, മുറ്റത്ത് ഉണക്കാനിട്ട കൊപ്രയ്ക്ക് ,
" കോലായിൽ കാവലായ്
ഞാനുമുണ്ട്
വായിക്കാൻ പുസ്തകം
കൈയിലുണ്ട്
ഉമ്പെർട്ടോ എക്കോ
രചിച്ചതാണ്
ഇന്റർപ്രെട്ടേഷൻ
വിഷയമാണ് " -
എന്ന സ്വയനേരങ്ങളെയും പി.പി വരിയാക്കിയിരിക്കയാണ്.
രാഷ്ട്രീയം പറയുന്ന കവിതയാണ്'പാളങ്ങൾ'. വ്യാഖ്യാനങ്ങൾക്കായ് തുറന്നു വെച്ചിരിക്കുന്ന 'പാളങ്ങളി'ൽ കോളനിയായിരുന്ന ഇന്ത്യാ കാലത്തിന്റെ ബോഗീഗന്ധത്തിൽ ത്രസിച്ചു മനസ്.'വനഹൃദയം' വായിക്കുമ്പോൾ കാട്ടുവഴിയിലെ തടാക നെഞ്ചത്തെ ബോട്ടുസഞ്ചാരിയായ്, കാനന നീരൂറ്റിക്കുടിച്ച കണ്ണുമായ് ഞാനും കാഴ്ച 'സ്വദിച്ചു '.. ഒടുവിൽ ,
"മുതലപ്പുറത്താണീ
യാത്രയെന്നറിഞ്ഞു നാം
ഹൃദയം മരക്കൊമ്പിൽ
തൂക്കുവാൻ മറന്നല്ലോ " -
എന്ന് വെട്ടിവിറച്ചു.
എന്നും കാണുന്ന കത്തിക്കൊരാഖ്യാനവും, 'തരിമണൽ തമ്മിൽ തമ്മിൽ പേശും കുശലങ്ങൾ' വാഹന ഗർജ്ജനത്തിനിടയിലും കേൾക്കുന്ന "ബസ് സ്റ്റാൻറിലെ തൂപ്പുകാരി"യെക്കുറിച്ചും, ഭൂമി മടുത്താകാശം തേടിയ കിനാവുറുമ്പിൻറെ സ്വപ്ന സിംഹാസനത്തെയോർത്തും, കളഞ്ഞുപോയ കമ്മലന്വേഷിച്ച് പൊന്നെന്നല്ല.. കുഞ്ഞോമനയെ പച്ചയുടെ ജീവനായ 'പുല്ലെന്നാണ് ' വിളിക്കേണ്ടതെന്ന പച്ചപ്പാഠം പഠിച്ചും നിറയേ കവിതകൾ..
ഒത്തിരി സന്തോഷം വന്നത്,
"പറയൂ നാട്ടിൻ പുറത്തുളള
മാങ്ങകൾക്കെല്ലാം
രുചിയീ മാംഗോ ഫ്രൂട്ടി
ക്കുളള പോലാണോ " -
എന്ന കവിത ഈ പുസ്തകത്തിൽ കണ്ടപ്പോഴാണ്. ക്ലാസ്മുറിയിൽ കവിത വ്യാഖ്യാനിച്ച പഴയ ആദില കബീർ എന്ന താന്തോന്നിപ്പെണ്ണിനെ മധുരത്തോടെ ഓർത്തുപോയ്.
കവിത വായിക്കും തോറും ഞാൻ ഒരരക്കവി പോലുമല്ലെന്ന തിരിച്ചറിവ് കൂടുകയാണ്. എങ്കിലും ഒരു വായനക്കാരിയുടെ വീക്ഷണം പറയാമല്ലോ.... സ്വാധീനിച്ച കവിതകൾ പോലെ തന്നെ ശ്രദ്ധിക്കപ്പെടാൻ കരയാത്ത കവിതകളും 'കാണെക്കാണെയിൽ ' ഉണ്ട്.
കാലങ്ങൾക്കു ശേഷം കവിതയിൽ ഞാനെന്ന വാക്കിനു പകരം 'ഏൻ' ഉപയോഗിച്ചു കണ്ടു.പ്രതിവിരൽ ,ബുദ്ബുദം, അന്തിവിണ്ണ്, ഗുഹ്യമോഹങ്ങൾ, മധുരാർബുദം, ഭൂഗുരുത്വക്കേട്, പുലർവെടി, മാർജ്ജാരപാദൻ, പഞ്ഞിത്തലയൻ ,രാഗമൂർച്ഛ തുടങ്ങി ഒത്തിരി പുതിയ പ്രയോഗങ്ങൾ കണ്ടു.ഗദ്യവും, പദ്യവും ഒരേ ആവേശത്തിൽ അനായാസം കൈകാര്യം ചെയ്തിരിക്കയാണ്. അതും ലളിതപദാവലി കൊണ്ട് ഭാവവും ഭാഷയും യുക്തിയും പ്രകൃതി ചിന്തയും ഉരുക്കിച്ചേർത്തുകൊണ്ട്.
ചൊക്കൻ പറഞ്ഞത് നേരാണ്..., ആദിയുടെ താളം തെറ്റിക്കാനുളള കവിതകൾ തന്നെയാണ് പി.പി.രാമചന്ദ്രന്റെ പേനത്തുമ്പിൽ.അവലോകനം ചെയ്യാനും, തത്ത്വം കണ്ടെത്താനും ആദർശങ്ങളെ വ്യാഖ്യാനിക്കാനും മുതിരുന്നില്ല. കവിത കരളു കൊണ്ട് വായിച്ചു... ഗന്ധം നുകരും പോലെ അനുഭവിച്ചു... കവി പാടിയത് പോലെ തന്നെ..
"ജലവിതാനത്തെ -
പ്പകുത്തു വായിച്ചു ഞാൻ
പരമ വിശുദ്ധം
ഉത്പത്തിവേദം"!
ഹൃദയത്തിൽ പേടിച്ചു ചുരുണ്ടിരിക്കുന്ന ആദിക്കവിതയുടെ ഉത്പത്തിവേദങ്ങളുടെ മഹാസാഗരത്തിൽ നിന്നൊന്ന്...
പുസ്തകക്കൊതിയോടെ,
ആദിവായന

ആദില കബീർ

No comments:

Post a Comment