Sunday 13 December 2015

ട്രാന്‍സ്

ഒരു കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ ഒരുപാട് സംതൃപ്തി തോന്നിയ ദിവസമായിരുന്നു ഇന്ന്... പരീക്ഷകൾ പിടിവലി തുടങ്ങിക്കഴിഞ്ഞു.. പാഠഭാഗങ്ങൾക്കപ്പുറം കഴമ്പുള്ളതെന്തെങ്കിലും പങ്കുവെക്കപ്പെടുന്നൊരു ക്ലാസ്മുറി സത്യത്തിൽ ഒരു വനിതാകലാലയത്തിൽ ,സെമസ്റ്റർ സിസ്റ്റത്തിന്റെ ചൂടിൽ ഉണ്ടാവുകയേയില്ല എന്ന് കരുതിയതാണ്... പ്രിയപ്പെട്ട ജ്യോതി മിസ്സിനു നന്ദി... ! യുവസമിതി പഠനസംഘത്തിന്റെ ഭാഗമായ് കഴിഞ്ഞ മാസം കണ്ടുമുട്ടിയ ആണും പെണ്ണുമല്ലെന്ന് സമൂഹം വിധിയെഴുതിയ ട്രാൻസ്ജെന്റുകളെ സംബന്ധിച്ച് അവരുടെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും സംബന്ധിച്ച് ഹുമൻ റൈറ്റ്ക്ലബ് അംഗങ്ങളായ കുട്ടികളോട് സംസാരിച്ചു .. പുറത്തനേകം പൊതുപരിപാടികളിൽ സംസാരിക്കുന്നതിനേക്കാൾ സന്തോഷം തോന്നി.. മറ്റൊന്നും കൊണ്ടല്ല, ഇങ്ങനെയൊരു വിഷയം ആദ്യമായ് കേൾക്കുമ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ആകാംശയായിരുന്നു കാരണം...
അന്ന് യുവസമിതി കൂടിയിരുപ്പിൽ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ വൈവിധ്യങ്ങളുടെ കല എന്ന പോലെ ട്രാന്‍സ് ജന്ററുകളുടെ ശാസ്ത്രം പറഞ്ഞു. എന്തിനെയും രോഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വൈദ്യശാസ്ത്രം ആധുനികതയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോഴും മനശാസ്ത്രജ്ഞരുടെ മനം മടുപ്പിക്കുന്ന ചികിത്സയല്ലാതെ എന്താണ് ട്രാന്‍സ്‌ജെന്ററുകള്‍ രൂപപ്പെടാനുള്ള കാരണമെന്നും അത് ചികിത്സിച്ച് മാറ്റേണ്ട രോഗമല്ലെന്നുമുള്ള ധാരണയില്ലായ്മ നടുക്കുന്നതാണ്. ലിംഗനിര്‍ണ്ണയത്തില്‍ XX പെണ്ണും, XY ആണും എന്ന് പഠിച്ചും പഠിപ്പിച്ചുമിരിക്കുന്ന നമുക്ക് അതിനപ്പുറമുള്ള XO,XXY,XXXY,XXXXY,XYY,XXX എന്നിങ്ങനെ ജനിതകഘടനയുള്ളവര്‍ക്ക് ശാസ്ത്രീയമായി എന്ത് പേരുവിളിക്കണമെന്ന് ഇപ്പോഴും വ്യക്തതയില്ല. ലിംഗം, ലിംഗത്വം, ലൈംഗികത, ലൈംഗിക താല്‍പര്യം, ലൈംഗിക വ്യക്തിത്വം, ലൈംഗികാവിഷ്‌കരണം തുടങ്ങി കുഴഞ്ഞുമറിഞ്ഞ അനേകം പദപ്രയോഗങ്ങള്‍. ഇവിടെ ഒരു വ്യക്തിയുടെ ലൈംഗികത നിശ്ചയിക്കുന്നത് മതമോ സമൂഹമോ ആകുമ്പോള്‍ വ്യക്തിയുടെ പ്രാധാന്യം എന്താണ്?
ഡോക്ടറുടെ അവതരണത്തിനുശേഷം ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ട ശീതള്‍, ഫൈസല്‍ എന്നിവരുമായി പഠനസംഘം സംവദിച്ചു. 'എന്റെ ശരീരം പുരുഷന്റേതാണ്, മനസ്സ് ഒരു സ്ത്രീയുടെയും അത്‌കൊണ്ട് ഞാന്‍ ഒരു പെണ്ണാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല.. ഞാൻ ഒരു ട്രാന്‍സ് ജെന്ററാണ.്' സ്ത്രീയോ പുരുഷനോ മാത്രമല്ലാതെ അനേകം ലിംഗഭേദങ്ങള്‍ മനുഷ്യസമൂഹത്തിലുണ്ടെന്ന് വിളിച്ചുപറയുന്ന ഒരു സമരവാക്യമായിരുന്നു ആ പ്രഖ്യാപനം. ആണുടലിന്റെ കായികക്ഷമതയും പെണ്ണകത്തിന്റെ വൈകാരികതയുമുള്ള ഈ അര്‍ദ്ധനാരികള്‍ അവരുടെ അനുഭവങ്ങള്‍ പഠനസംഘവുമായി പങ്കുവച്ചു. വഴിയരികില്‍ കാത്തുനില്‍ക്കുന്ന പരിഹാസം ഭയന്ന് പഠനം അവസാനിപ്പിച്ച ബാല്യകാലം, ട്രാന്‍സ്ജന്റര്‍ എന്ന് അടയാളപ്പെടുത്താനില്ലാത്ത കോളങ്ങളില്ലാത്തതിനാല്‍ എവിടെയും അവഗണന മാത്രം, അസ്ഥിത്വമില്ലായ്മയുടെ നെറുകെയില്‍ നിന്ന് പിന്നെ വീഴുന്നത് 'ലൈംഗികത്തൊഴിലാളി' എന്ന പദവിയിലേക്കാണ്. 3 വര്‍ഷത്തോളം ഹിജഡ കൂട്ടത്തില്‍ കഴിഞ്ഞ ശീതള്‍ സാക്ഷ്യപ്പെടുത്തുന്നത് പെണ്‍ശരീരത്തിന്റെ മുഴുപ്പും, മിനുസവും, നിറവും, മണവുമില്ലാത്ത ഇവരെ അവിടെയും അരികിലേക്ക് തള്ളിയിട്ടിരുന്നു എന്നാണ്. വ്യക്തിസ്വാതന്ത്രത്തിന് വിലങ്ങേര്‍പ്പെടുത്തുന്ന മതധാര്‍മ്മികതയോടും കക്ഷിരാഷ്ട്രീയത്തോടും വെറുപ്പാണവര്‍ക്ക്. LGBT സമൂഹത്തിനനുകൂലമായ വിധിയുണണ്ടായ ദിവസങ്ങളില്‍ അതിനെതിരായി കൊടിപിടിച്ച ജാതി മത സംഘങ്ങളിലെല്ലാം തന്നെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ മുഖങ്ങള്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് മുദ്രാഗീതം മുഴക്കുന്നുണ്ടായിരുന്നു.
പ്രണയം തോന്നിയവരൊക്കെയും ശരീരത്തെയാണ് പ്രാപിച്ചത്. പിന്നെന്ത് ധൈര്യത്തില്‍ വിവാഹജീവിതത്തിലേക്ക് കടക്കും? അവര്‍ ചോദിക്കുന്നു. പെണ്‍മനസ്സുകൊണ്ട് മറ്റൊരു പെണ്‍മനസ്സിനെ വിവാഹം ചെയ്യാനോ ശരീരം കൊണ്ടിണങ്ങാനോ അവര്‍ക്കാവില്ല. ദൃശ്യമാധ്യമങ്ങളില്‍ പെണ്‍വേഷം കെട്ടുന്ന പുരുഷന്മാരില്‍ പലരും പുറത്തുപറയാനാഗ്രഹിക്കാത്ത ട്രാന്‍സ്ജന്ററുകളാണ്. അല്ലെങ്കില്‍ ചാനല്‍ അധികൃതര്‍ ഇവരോടാവശ്യപ്പെടുന്നത് പുരുഷന്‍ എന്നു പറയാനാണ്. ഇവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ പ്രശ്‌നക്കാരായി കാണാനാണ് സമൂഹത്തിനിഷ്ടം.
LGBT കമ്മ്യൂണിറ്റികളിലല്ലാതെ അവരെ കേള്‍ക്കാനും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും യുവസമിതിയും പരിഷത്തും തയ്യാറായപ്പോള്‍ അവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അനുഭവങ്ങള്‍ പങ്കുവയ്ക്കലും, സംവാദങ്ങളും, കൂട്ടുചേര്‍ന്ന് പാട്ടും കളികളുമായി അവര്‍ പിരിഞ്ഞപ്പോള്‍ അര്‍ദ്ധരാത്രിയായി. പരിഷത്തടക്കമുള്ള ശാസ്ത്രബോധമുള്ള കൂട്ടായ്മകളില്‍ ഇവര്‍ക്ക് പങ്കാളിത്തം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പരിഷത്തിലേക്കുള്ള യുവസമിതിയുടെ ക്ഷണം അവര്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. മൂന്നാംലിംഗക്കാര്‍ എന്നുപറയുന്ന വാക്കുപോലും തരംതാഴ്ത്തലായി മാറുമ്പോള്‍ ഭാഷയും സംസ്‌കാരവുമെല്ലാം മാനവികതയിലേക്ക് ഉയരേണ്ടിയിരിക്കുന്നു...
മനുഷ്യരായ് ഇവരെ അംഗീകരിക്കാൻ കഴിയുന്ന നല്ലൊരു നാളെയുടെ പ്രതീക്ഷയിൽ
ആദില കബീർ

No comments:

Post a Comment