Thursday 29 January 2015

ഓടിപ്പിടുത്തം

വാക്കുകള്‍ക്ക് പിന്നാലെ 
ഓടിത്തളര്‍ന്നു ഞാന്‍ 
ഒരു കവിത കുറിക്കാന്‍ ...
അടുത്തെത്തുമ്പോള്‍ വാക്ക് ചിതറിയോടുന്നു
അക്ഷരങ്ങളും വള്ളിയും പുള്ളിയും
നാലുവഴിക്ക് ...
വിടര്‍ന്ന താമര കണ്ടു
നമ്മുടെ കമലം...!!!
പേനത്തുമ്പില്‍ കുരുക്കി വെച്ചപ്പോഴേക്കും
കുരുത്തം കെട്ടത് ഓടിക്കളഞ്ഞു .
പിന്നാലെ പാഞ്ഞു ...
കൈവിട്ട് കള്ളകൂട്ടങ്ങള്‍ ചിതറിയോടി
കമലം കലമായ്‌ ..ഛെ അത് വേണ്ട
പിന്നെ മലമായ് ..അയ്യേ അമേദ്യം !
പിന്നെ ദേ മല ..
ഹായ് .......കല !
ഈ കമലം കള്ളക്കമലം
എനിക്ക് വയ്യ ഇനിയും പായാന്‍
കവിത ..വരുമ്പോ വരട്ടെ ..അല്ലേ !!!!

യാത്ര

യാത്രയുടെ ഒടുവില്‍ എല്ലായ്പ്പോഴും 
നമുക്കിടയില്‍ ഒരു പൂവ് വിരിയുന്നു ..
വാടാതെ കൊഴിയാതെ സുഗന്ധം കെടാതെ 
അടുത്ത യാത്ര വരേയ്ക്കും ഞാനത് 
നെഞ്ചോടു ചേര്‍ക്കുന്നു .
വഴികള്‍ വീണ്ടും കാണുമ്പോള്‍ .....
കുത്തിയൊലിക്കുന്ന പുഴയും
തേന്‍ നുകരുന്ന പൂമ്പാറ്റയും
ആയിരം രാത്രിമിന്നാമിനുങ്ങുകളും
നഗരവീഥിയും കടന്നു പോയ നിരത്തുകളും
എനിക്കും നിനക്കും മാത്രമറിയുന്ന
രഹസ്യങ്ങളുടെ കലവറ മയങ്ങുന്ന കാഴ്ചകള്‍
നമ്മള്‍ കണ്ടത് നാം മാത്രം കേട്ടത്..
ആരുമറിയാതെ
പൂവ് നനുത്ത് ചിരിക്കുന്ന നിമിഷങ്ങള്‍ !
ഒന്നും മിണ്ടാതെ വാചാലമാകുന്ന മൗനം
സംഗീതമില്ലാതെ ഈണം തുളുമ്പുന്ന രാഗം
നമുക്കിടയില്‍ നാമറിയാത്ത പ്രപഞ്ചം ..
തുടര്‍ യാത്രയില്‍
നിലക്കാതെ നമ്മള്‍
ഹൃദയസരസിലേക്ക് .......
പ്രണയ സരസിലേക്ക്.......





ആദില കബീര്‍

നമ്മള്‍ ഒന്നിച്ച്

നീയറിയാതെ നിൻ നെഞ്ചിലിന്നു
ഞാനൊരു ചെമ്പകക്കാട് നട്ടു
നീയെന്നെ ഓർക്കുന്ന നേരമെല്ലാം
പൂവിനോരോ ദലങ്ങളും പുഞ്ചിരിക്കാൻ .

പൂങ്കാറ്റ് പൂവിനെ ചേർന്ന് പുൽകും
നേരമെല്ലാം മറന്നു നീ നിദ്രയാകും
കാണും കിനാവിന്റെ ഓരമെല്ലാം
നിന്റെ ചെമ്പക ചോട്ടിലായ് ഞാനിരിക്കും

കൈ കോർത്ത്‌ ചെമ്പക കാട്ടിൽ നമ്മൾ
പാടാനൊരായിരം പാട്ട് തേടും
പാടുന്ന പാട്ടിന്റെ ഈണമെല്ലാം
പണ്ട് വൃന്ദാവനം കേട്ട താളമാകും ...

പൂവ് പൂമ്പാറ്റയെ നോക്കി നില്ക്കും -തന്റെ
തേനിൽ കുതിർന്നവൾ പുഞ്ചിരിക്കും
ചെമ്പകക്കാറ്റിന്റെ ഗന്ധമല്ലേ പ്രാണ
പ്രേയസിക്കെപ്പൊഴും ചന്ദമല്ലേ ..

നാമപ്പൊഴക്കാഴ്ച നോക്കി നില്ക്കും നിന്റെ
പൂമ്പാറ്റ മാനസം ഞാനറിയും
തേൻ നുകർന്നീടുന്ന നേരമെല്ലാം
നമ്മളന്യോന്യമെന്തിനോ കണ്ണിറുക്കും

കാളിന്ദി കുത്തിക്കുതിച്ചുപായും സ്വപ്ന
വൃന്ദാവനങ്ങളിൽ മഞ്ഞു പൂക്കും
മാനത്ത് വർണങ്ങൾ ഏഴുമേറ്റം
ദീപ്ത സ്വർഗീയ സൗധങ്ങൾ തീർത്തു നില്ക്കും

പെട്ടെന്ന് വീശുന്ന കാറ്റിലെന്തോ നഷ്ട -
മാകാതിരിക്കുവാനെന്ന പോലെ
ഞാൻ നിന്റെ ഓരത്ത് ചേർന്നിരിക്കും
നമ്മളേകാന്തരായ്‌ വീണ്ടും നൃത്തമാരി ..!


ആദില കബീർ

മാക്ബത്ത്

സ്വപ്നത്തിൽ ഇന്നലെ മാക്ബത്ത് ആയിരുന്നു 
കത്തി ഉയർത്തി കത്തുന്ന കണ്ണുമായി 
രാജാവിന്റെ മുറിയിലേക്ക് 
പതിഞ്ഞ കാൽവെപ്പിൽ അയാൾ നുഴഞ്ഞു കയറി .
രാജാവ് ..പാവം പതുപതുത്ത താടിക്കാരൻ
നിഷ്കളങ്കൻ ,ഉറങ്ങിയുറങ്ങി അങ്ങനെ !
കത്തിയുയർന്നു ...അലമുറയിട്ടു ഞാൻ പാഞ്ഞു കയറി
അധികാരക്കൊതി നിന്നെ കൊല്ലുമെന്ന്
ഞാൻ കിതച്ചു കൊണ്ട് ആവർത്തിച്ചു
ആര് കേൾക്കാൻ ..
എന്നെ ചേർത്തണക്കുകയും ഒന്നും സംഭവിക്കില്ലെന്നു
ചുംബനം കൊണ്ട് വാക്ക് നല്കുകയും ചെയ്തവൻ
പെണ്മയെ നിശബ്ദയാക്കി ..
കത്തി കുത്തിയിറങ്ങുമ്പോൾ രാജാവ്
മകളെ എന്നെന്നെ ദയനീയമായി നോക്കി
നിസ്സഹായ ഞാൻ
അവനെ പ്രിയനേ എന്ന് പ്രണയത്തോടെ പുല്കി
സിംഹാസനത്തിന്റെ സ്വർഗീയ വാതിലിൽ
ഉടലറിവിൽ വിഷം പുരണ്ട വീഞ്ഞ് പകർന്നു
ഹൃദയത്തിലേക്കൊരു കത്തി ..
പിടഞ്ഞു പിടഞ്ഞു

മാക്ബത്ത് !!!
ഇവിടെ പെണ്ണുണ്ട് ...
നീ കണ്ട രാഞിയല്ല
രാത്രികൾ പുകഞ്ഞു തീർക്കുന്ന ശെരിക്കുള്ള പെണ്ണ്!!!!

..
ആദില കബീർ

ആത്മാവിലൊരു മഴ

എന്‍റെ ആത്മാവിന്‍റെ ദാഹം 
അടയാളപ്പെടുത്താന്‍ മഴ പെയ്യുന്നു ...
ഓരോ തുള്ളിയിലും യുഗങ്ങളുടെ 
തണുപ്പ് ഒളിപ്പിച്ചു വെച്ചു കൊണ്ട് !
അടര്‍ന്നെന്റെ മൂര്‍ധാവിലൂടെ 
ഒലിച്ചിറങ്ങുമ്പോള്‍ ,മഴക്ക് 
അഭിലാഷത്തിന്റെ ഈര്‍പ്പം
പുണര്‍ന്നെന്നെ തണുപ്പിക്കുമ്പോള്‍
നിന്‍റെ പ്രണയത്തിന്‍റെ കരസ്പര്‍ശം
മഴ പാടിപ്പാടിയുറക്കുന്ന
രാത്രികളില്‍ ചിലമ്പിച്ച ശബ്ദങ്ങള്‍
"മഴ നനയാന്‍ കൂടെ വരുന്നോ ..."
കൊടുങ്കാറ്റ് വീശിയടിക്കുന്ന ഇരുളിന്‍റെ
രണ്ടാം യാമത്തില്‍ ...
എന്‍റെ മറുപടി ഉറങ്ങിക്കിടക്കുന്നു ..
പ്രിയനേ ......
മഴയാത്രകളില്‍ നിന്‍റെ സഹായാത്രികയാകാന്‍
മണല്‍കാട്ടിലും ഞാനുണ്ട് .....



....ആദില കബീര്‍

ഗസ്സ

ഗസ്സയിലെ ഗാഥകൾ എനിക്കറിയില്ല 
"ചത്ത "കുഞ്ഞുങ്ങളുടെ വെടിയുണ്ട കയറിയ 
കൊച്ചു തലച്ചോറുകൾ ഞാൻ കണ്ടിട്ടില്ല 
അതിർത്തി കെട്ടി തിരിച്ച യുദ്ധഭൂമികയിൽ 
എൻറെ വാപ്പയില്ല ...ആങ്ങളമാരില്ല 
നെഞ്ചിടിപ്പില്ലാത്ത ..
അമ്മിഞ്ഞ വറ്റാത്ത
അമ്മമാരുടെ മാറിൽ
കരഞ്ഞുണർത്താൻ കണ്ണീരു വീഴ്ത്തി വിറയ്ക്കുന്ന
പിഞ്ചു പുഷ്പങ്ങൾ എൻറെ കുഞ്ഞുങ്ങളല്ല ..!
എന്നാലും ...
ഇത് നമ്മുടെ മണ്ണല്ലേ
മതം വേലികെട്ടാത്ത
ആരാധനാലയം അനാഥരെ തീർക്കാത്ത
നമ്മുടെ മണ്ണ് ..
കത്തുന്ന ,ചോര തുപ്പുന്ന ,പിടയുന്ന ,
പുളയുന്ന തുളഞ്ഞ നെഞ്ചുള്ള
എൻറെ കുഞ്ഞു നക്ഷത്രങ്ങളേ ...........
മുന്നിൽ ഞാൻ ആരുമല്ലാതയല്ലോ
നിങ്ങൾക്കായി ഏറ്റു വാങ്ങാൻ
വെടിയുണ്ട കയറിയിറങ്ങാൻ
ഒരു ഹൃദയം പോലുമില്ലാത്തവൾ
മാപ്പ്.. മാപ്പ് ... ചോരക്കു ചുവപ്പുള്ള
മജ്ജക്ക് പോറൽ എൽക്കാത്ത
ഈ പ്രതികരണത്തൊഴിലാളികളുടെ
നാണംകെട്ട തോൽവി ....!!!! 




ആദില കബീർ

കുറ്റബോധം

പലതും അറിഞ്ഞത് വൈകിയാണ് ..
ഒരുപാട് വൈകി .
അന്ന് കൈ തരേണ്ട വേളയിൽ
കൈവിട്ടു പരിഹസിച്ചു പോയി ഇവളും ..
നോവേ .......
കുറ്റബോധത്തോടെയല്ലാത ആ
മുഖമോർക്കാൻ എനിക്കാകില്ലേ ഒരിക്കലും ...?!!!

ആദിനൊമ്പരം 

2014


സത്യം ..
ഞാന്‍ കരയുകയാണ് .
ഇവനെന്നെ ഇറുകെപ്പുണരുന്നു ..
വിട്ടുപോകരുതേയെന്ന്‍ വിതുമ്പുന്നു ..
പകര്‍ന്ന പ്രണയദിനങ്ങളുടെ 
തണുത്ത മധുരം അവസാനമായി
ചുണ്ടിലിറ്റിക്കുന്നു ..
ആട്ടിപ്പായിക്കാന്‍ ആഘോഷിക്കുന്നവരുടെ
അട്ടഹാസങ്ങളില്‍ അടിമുടി വിറക്കുന്നു ...
ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് കേഴുന്നു ..
നോവിച്ചതിനു നീറി നിറയുന്നു ...
ആയുസിന്‍റെ അവസാന നേരത്ത് നീയെന്നെ
ആശ്ലേഷിക്കരുത് ..
നീചയാണ് ഞാനും ..!
നിന്നെ മറന്ന് ..
മറ്റൊരുവന്‍റെ കാല്‍പെരുമാറ്റത്തിനായി
കാതോര്‍ത്ത് ..
നിനക്കുള്ള അന്ത്യചുംബനവും ലഹരിയാക്കി
ദിനരാത്രങ്ങള്‍ക്ക് പുതിയ വിലാസവുമായി
പുതു ജീവിതതത്തിനു പകിട്ട് തേടുന്ന
ദുരാഗ്രഹി ..!!!
............... ആദി വേദന ...

പിയാനോഗായകന്‍

പറഞ്ഞില്ലേ കൃഷ്ണാ ..
നീയാണു വിഷയം ..
അരൂപിയായ നീ ..
പിയാനോഗായകന്‍
 ..
ശലഭപ്രിയന്‍ ..
വലത്തേ മാറില്‍ വെയിലറിയാത്ത
കറുത്ത മറുകുള്ളവന്‍
വീഞ്ഞിന്‍റെ വീര്യമൊളിപ്പിച്ച
വിടര്‍ന്ന ചിരിയുള്ളവന്‍ ..
എന്‍റെ കിനാവിന്‍റെ കരിനീല
കടം കൊണ്ടവന്‍ ..!!!

.
.
.
.
ആദിരാധിക