Thursday 29 January 2015

നമ്മള്‍ ഒന്നിച്ച്

നീയറിയാതെ നിൻ നെഞ്ചിലിന്നു
ഞാനൊരു ചെമ്പകക്കാട് നട്ടു
നീയെന്നെ ഓർക്കുന്ന നേരമെല്ലാം
പൂവിനോരോ ദലങ്ങളും പുഞ്ചിരിക്കാൻ .

പൂങ്കാറ്റ് പൂവിനെ ചേർന്ന് പുൽകും
നേരമെല്ലാം മറന്നു നീ നിദ്രയാകും
കാണും കിനാവിന്റെ ഓരമെല്ലാം
നിന്റെ ചെമ്പക ചോട്ടിലായ് ഞാനിരിക്കും

കൈ കോർത്ത്‌ ചെമ്പക കാട്ടിൽ നമ്മൾ
പാടാനൊരായിരം പാട്ട് തേടും
പാടുന്ന പാട്ടിന്റെ ഈണമെല്ലാം
പണ്ട് വൃന്ദാവനം കേട്ട താളമാകും ...

പൂവ് പൂമ്പാറ്റയെ നോക്കി നില്ക്കും -തന്റെ
തേനിൽ കുതിർന്നവൾ പുഞ്ചിരിക്കും
ചെമ്പകക്കാറ്റിന്റെ ഗന്ധമല്ലേ പ്രാണ
പ്രേയസിക്കെപ്പൊഴും ചന്ദമല്ലേ ..

നാമപ്പൊഴക്കാഴ്ച നോക്കി നില്ക്കും നിന്റെ
പൂമ്പാറ്റ മാനസം ഞാനറിയും
തേൻ നുകർന്നീടുന്ന നേരമെല്ലാം
നമ്മളന്യോന്യമെന്തിനോ കണ്ണിറുക്കും

കാളിന്ദി കുത്തിക്കുതിച്ചുപായും സ്വപ്ന
വൃന്ദാവനങ്ങളിൽ മഞ്ഞു പൂക്കും
മാനത്ത് വർണങ്ങൾ ഏഴുമേറ്റം
ദീപ്ത സ്വർഗീയ സൗധങ്ങൾ തീർത്തു നില്ക്കും

പെട്ടെന്ന് വീശുന്ന കാറ്റിലെന്തോ നഷ്ട -
മാകാതിരിക്കുവാനെന്ന പോലെ
ഞാൻ നിന്റെ ഓരത്ത് ചേർന്നിരിക്കും
നമ്മളേകാന്തരായ്‌ വീണ്ടും നൃത്തമാരി ..!


ആദില കബീർ

No comments:

Post a Comment