Thursday, 14 April 2016

പിരിയാൻ നേരം

പിരിയാൻ നേരം തോന്നുന്ന ചില ഇഷ്ടങ്ങളുണ്ടല്ലോ... 
അപ്പോൾ മാത്രം തോന്നുന്നവ...
നെഞ്ചു കീറി പോകുന്ന
നിസ്സംഗമായൊരു നോവാണത്..!


ആദിനോവ്

ആകാശമേ ..

നീ താഴെയെത്തില്ലയെങ്കിലാകാശമേ...
ഞാൻ മേലെ മേലേക്ക് പൊങ്ങിയെത്തും..
തീരെക്കനംകെട്ട മേഘപ്പളുങ്കിനെ
കെട്ടിപ്പിടിച്ചു ഞാൻ കൂടെയെത്തും...
മേഘപ്പുറത്തേറി മോഹിച്ചിടങ്ങളിൽ
ഞാനെന്റെ ജീവനെക്കൊണ്ടു പോകും
പാകത്തിലൂറിത്തുടുത്തുളള സൂര്യനെ
എത്തിപ്പിടിക്കും കടിച്ചു തിന്നും...
ഒറ്റയല്ലീ വഴിക്കൊക്കെയും കോർക്കുവാൻ
കൈയ്യെനിക്കേകിയെൻ കൂട്ടുകാരൻ..
ഞങ്ങളീ മണ്ണിൽ മടങ്ങിയെത്തേ നിന്നെ
കൊഞ്ഞനം കുത്തും, കുറുമ്പെടുക്കും....
ആദിമേഘം

Adila kabeer

ശരിയാണ് രോഹിത്ത്


നിന്റെ ചിതയിൽ നിന്നൊരു കൊളളി
കടമായെടുക്കുന്നു..
കരുതുന്നു പകയറക്കുളളിൽ;
കത്തിയെരിയുമ്പൊളതു കെട്ടു തീരാതെയണയാതെ
പുകയട്ടെ പകരട്ടെ ഞങ്ങൾ
നിൻറെ,
മരണം മെടഞ്ഞ പന്തങ്ങൾ..!
നൂറുനക്ഷത്ര രാവുകൾ
കനവുകളിലിഴ ചേർത്തു
കനിവുളള മണ്ണു നീ തേടീ..
നീല നിറമാർന്ന നിഴലും
നിലാവും കടുംപച്ചയുതിരുന്ന
മഞ്ഞക്കറുപ്പും
നീ തന്നെ
ഞാൻ തന്നെ
നാം തന്നെയാണീ
നിറംകെട്ട കാലവും വാക്കും
സ്നേഹവൃണമല്ലയീ ജീർണ്ണ മണ,മുളളു കീറുന്ന
മേലാളനടിവസ്ത്രയീർപ്പം
ഇന്ത്യയിരുളിൽ പുതപ്പിച്ച
ചിരകാല മോഹങ്ങ-
ളഴുകുന്ന പുകയുന്ന ഗന്ധം
വന്ധ്യ വഴിയിൽ നടിക്കുന്നുറക്കം..
ഇല്ല; മരണമില്ല
മണ്ണിലുരുകുന്ന കനവുളള കരളുളള കാലംവരേക്കും.. നുളളിയെറിയാം;തളിർക്കുന്ന പൂക്കുന്ന ജാതി വിത്ത,ടിയേ
കുരുക്കാതെ നോക്കാം..
ഞങ്ങളിനി നിൻറെ സ്വപ്നങ്ങൾ കാണാം
-ദലിതൻറെ ഹിതമല്ല രോഹിത്ത്
വിധിയല്ല ശരിയാണ്
രോഹിത് -
(വെറുതേ വെറുതേയൊരു നോവിൽ,
ആദില കബീർ)

കാണെക്കാണെ സംഭവിച്ചത്.


"ഒരുവശം മൗനഗർത്തങ്ങൾ; ഞാൻ നിന്റെ
മിഴികളിൽ വീണു നൂറായ് നുറുങ്ങുന്നു
മറുവശം ശിലാസ്തംഭങ്ങൾ;നീയെന്റെ
ഹൃദയമെങ്ങെന്നു തപ്പിനോക്കുന്നുവോ?"
"ജലസ്തംഭം " എന്ന കവിത എത്തിയപ്പോഴേക്കും ഞാൻ പി.പി.രാമചന്ദ്രൻ എന്ന കവിയെ ഹൃദയത്തിൽ അടയാളപ്പെടുത്തിത്തുടങ്ങിയിരുന്നു. എഴുതാൻ ശ്രമിക്കുമെങ്കിലും, പുതിയ കാലത്തിന്റെ കവിതകൾ ബോധപൂർവ്വം വായിക്കാൻ ഞാൻ മെനക്കെടാറേയില്ലായിരുന്നു എന്നുളളതാണ് സത്യം.ചൊക്കൻ തന്ന നീണ്ട ലിസ്റ്റ് കണ്ടന്ധാളിച്ച് പറവൂർ ലൈബ്രറിയിൽ പുസ്തകം അന്വേഷിച്ച ഉടനെ ഉണ്ണിയങ്കിൾ എടുത്തു തന്നു " കാണെക്കാണെ" എന്ന ശ്രീ.പി.പി രാമചന്ദ്രൻറെ കവിതാലോകത്തെ...!
കഥകളെ അവലോകനം ചെയ്യും പോലെ കവിതാസമാഹാരത്തെ സാധ്യമാണോ എന്നറിയില്ല... പ്രത്യേകിച്ച് പല കവിതകളും പ്രബന്ധമാക്കാൻ തക്ക ഗഹനവും സൗന്ദര്യവും സത്തയുമുളളതാകുമ്പോൾ! അമ്പത്തിയഞ്ചിൽ പരം കവിതകൾ 116 താളുകളിലായ് നെഞ്ചുവിരിച്ച് നിന്നു. എന്താണ്, എങ്ങനെയാണ്, എന്തിന് വേണ്ടിയാണ് കവിതകളുണ്ടാകുന്നത് എന്ന് സ്വയം വ്യാകുലപ്പെടുന്നവൾക്ക് മുന്നിൽ ;എന്തും, എങ്ങനെയും കവിതയാക്കാം എന്ന് കാണെക്കാണെ തെളിഞ്ഞുവന്നു..
"ഇവിടെയുണ്ടു ഞാ-
നെന്നറിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി
.........
ഇനിയുമുണ്ടാകു
മെന്നതിൻ സാക്ഷ്യമായ്
അടയിരുന്നതിൻ
ചൂടു മാത്രം മതി...
ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവി
ഷ്ക്കരിക്കുന്നു ജീവനെ" - എന്ന് കവി ചോദിക്കുമ്പോൾ മനസിൽ വന്നത് 'ശരിയാണല്ലോ' എന്ന ചിന്ത മാത്രമല്ലല്ലോ.... നാമേത് തൂവലാണ് മിച്ചം വെക്കുക എന്ന ' നിലനിൽപിന്റെ, ,സ്വത്വബോധത്തിന്റെ ' ചോദ്യം കൂടിയല്ലേ!
"അടുത്ത കുതിക്കുളള
ധ്യാനമായിരുന്നു ത-
ന്നിരിപ്പെന്നുണർത്തിച്ചു
ചാടിയ ജീവോന്മാദം"- (ഇരിപ്പ് നടപ്പ് ) എന്ന കവിതയിലെ പച്ചപ്പുൽച്ചാടിയുടെ ധ്യാനാത്മകമായ പച്ചിലയിരുത്തത്തെ ജീവനിൽ ബന്ധിച്ചു ഈ വരികൾ.
കേശാദിപാദ'ത്തിൽ ,
" കൊതുകു മൂളി
പ്രദക്ഷിണം വയ്ക്കവേ
ചെവികൾ സോപാന
മണ്ഡപമായിടാം" - എന്ന് വായിക്കുമ്പൊ രസം തോന്നി.. അങ്ങനേം ചിന്തിക്കാമല്ലോ എന്ന രസം. എഴുത്തച്ഛന്റെ 'രസനയിൽ നഗ്ന നടനമാടിയ 'സരസ്വതിയും, അന്തി ചായുന്ന പോൽ വീണടിഞ്ഞൊരു മാവും, മുറ്റത്ത് ഉണക്കാനിട്ട കൊപ്രയ്ക്ക് ,
" കോലായിൽ കാവലായ്
ഞാനുമുണ്ട്
വായിക്കാൻ പുസ്തകം
കൈയിലുണ്ട്
ഉമ്പെർട്ടോ എക്കോ
രചിച്ചതാണ്
ഇന്റർപ്രെട്ടേഷൻ
വിഷയമാണ് " -
എന്ന സ്വയനേരങ്ങളെയും പി.പി വരിയാക്കിയിരിക്കയാണ്.
രാഷ്ട്രീയം പറയുന്ന കവിതയാണ്'പാളങ്ങൾ'. വ്യാഖ്യാനങ്ങൾക്കായ് തുറന്നു വെച്ചിരിക്കുന്ന 'പാളങ്ങളി'ൽ കോളനിയായിരുന്ന ഇന്ത്യാ കാലത്തിന്റെ ബോഗീഗന്ധത്തിൽ ത്രസിച്ചു മനസ്.'വനഹൃദയം' വായിക്കുമ്പോൾ കാട്ടുവഴിയിലെ തടാക നെഞ്ചത്തെ ബോട്ടുസഞ്ചാരിയായ്, കാനന നീരൂറ്റിക്കുടിച്ച കണ്ണുമായ് ഞാനും കാഴ്ച 'സ്വദിച്ചു '.. ഒടുവിൽ ,
"മുതലപ്പുറത്താണീ
യാത്രയെന്നറിഞ്ഞു നാം
ഹൃദയം മരക്കൊമ്പിൽ
തൂക്കുവാൻ മറന്നല്ലോ " -
എന്ന് വെട്ടിവിറച്ചു.
എന്നും കാണുന്ന കത്തിക്കൊരാഖ്യാനവും, 'തരിമണൽ തമ്മിൽ തമ്മിൽ പേശും കുശലങ്ങൾ' വാഹന ഗർജ്ജനത്തിനിടയിലും കേൾക്കുന്ന "ബസ് സ്റ്റാൻറിലെ തൂപ്പുകാരി"യെക്കുറിച്ചും, ഭൂമി മടുത്താകാശം തേടിയ കിനാവുറുമ്പിൻറെ സ്വപ്ന സിംഹാസനത്തെയോർത്തും, കളഞ്ഞുപോയ കമ്മലന്വേഷിച്ച് പൊന്നെന്നല്ല.. കുഞ്ഞോമനയെ പച്ചയുടെ ജീവനായ 'പുല്ലെന്നാണ് ' വിളിക്കേണ്ടതെന്ന പച്ചപ്പാഠം പഠിച്ചും നിറയേ കവിതകൾ..
ഒത്തിരി സന്തോഷം വന്നത്,
"പറയൂ നാട്ടിൻ പുറത്തുളള
മാങ്ങകൾക്കെല്ലാം
രുചിയീ മാംഗോ ഫ്രൂട്ടി
ക്കുളള പോലാണോ " -
എന്ന കവിത ഈ പുസ്തകത്തിൽ കണ്ടപ്പോഴാണ്. ക്ലാസ്മുറിയിൽ കവിത വ്യാഖ്യാനിച്ച പഴയ ആദില കബീർ എന്ന താന്തോന്നിപ്പെണ്ണിനെ മധുരത്തോടെ ഓർത്തുപോയ്.
കവിത വായിക്കും തോറും ഞാൻ ഒരരക്കവി പോലുമല്ലെന്ന തിരിച്ചറിവ് കൂടുകയാണ്. എങ്കിലും ഒരു വായനക്കാരിയുടെ വീക്ഷണം പറയാമല്ലോ.... സ്വാധീനിച്ച കവിതകൾ പോലെ തന്നെ ശ്രദ്ധിക്കപ്പെടാൻ കരയാത്ത കവിതകളും 'കാണെക്കാണെയിൽ ' ഉണ്ട്.
കാലങ്ങൾക്കു ശേഷം കവിതയിൽ ഞാനെന്ന വാക്കിനു പകരം 'ഏൻ' ഉപയോഗിച്ചു കണ്ടു.പ്രതിവിരൽ ,ബുദ്ബുദം, അന്തിവിണ്ണ്, ഗുഹ്യമോഹങ്ങൾ, മധുരാർബുദം, ഭൂഗുരുത്വക്കേട്, പുലർവെടി, മാർജ്ജാരപാദൻ, പഞ്ഞിത്തലയൻ ,രാഗമൂർച്ഛ തുടങ്ങി ഒത്തിരി പുതിയ പ്രയോഗങ്ങൾ കണ്ടു.ഗദ്യവും, പദ്യവും ഒരേ ആവേശത്തിൽ അനായാസം കൈകാര്യം ചെയ്തിരിക്കയാണ്. അതും ലളിതപദാവലി കൊണ്ട് ഭാവവും ഭാഷയും യുക്തിയും പ്രകൃതി ചിന്തയും ഉരുക്കിച്ചേർത്തുകൊണ്ട്.
ചൊക്കൻ പറഞ്ഞത് നേരാണ്..., ആദിയുടെ താളം തെറ്റിക്കാനുളള കവിതകൾ തന്നെയാണ് പി.പി.രാമചന്ദ്രന്റെ പേനത്തുമ്പിൽ.അവലോകനം ചെയ്യാനും, തത്ത്വം കണ്ടെത്താനും ആദർശങ്ങളെ വ്യാഖ്യാനിക്കാനും മുതിരുന്നില്ല. കവിത കരളു കൊണ്ട് വായിച്ചു... ഗന്ധം നുകരും പോലെ അനുഭവിച്ചു... കവി പാടിയത് പോലെ തന്നെ..
"ജലവിതാനത്തെ -
പ്പകുത്തു വായിച്ചു ഞാൻ
പരമ വിശുദ്ധം
ഉത്പത്തിവേദം"!
ഹൃദയത്തിൽ പേടിച്ചു ചുരുണ്ടിരിക്കുന്ന ആദിക്കവിതയുടെ ഉത്പത്തിവേദങ്ങളുടെ മഹാസാഗരത്തിൽ നിന്നൊന്ന്...
പുസ്തകക്കൊതിയോടെ,
ആദിവായന

ആദില കബീർ

Sunday, 13 December 2015

പച്ചിലകൾ കരയാറുണ്ട്...

കരുതുന്നിടത്തോളം ശരിയല്ല കാര്യങ്ങൾ
പച്ചിലകളും കരയാറുണ്ട്
(അതോ..
പച്ചിലകൾ കരയാറുമുണ്ടെന്നോ... )
കഴിഞ്ഞ രാത്രിയിലും കഥ പറഞ്ഞ
ജരാനര മഞ്ഞിച്ച
ഞരമ്പു തേഞ്ഞു തീർന്നൊരുവൾ
കാലത്ത് കാരണമില്ലാതെ വീണു മരിച്ചപ്പോ..
കൺമുന്നിലിട്ട് തട്ടിക്കളിച്ചൊരീർക്കിലിച്ചൂല്
കൂട്ടത്തിലിട്ടവളെ കൊളളി വെച്ചപ്പോ
പുകയുന്ന ഓർമയിൽ വെന്ത്
പെങ്ങളിലകൾ വാടി വീഴുമ്പോ..
കെട്ടിപ്പിടിക്കുന്ന ഞെട്ടിനെ
തട്ടി മാറ്റാൻ വയ്യാതെ
വിറങ്ങലിച്ചോരില - പച്ചില;
കരയുന്നുണ്ടവിടെ
ചുടുനെടുവീർപ്പുമായ്..!
ആ ശ്വാസമെടുത്തിട്ടാകണം
അതികാലത്തെന്റെ തൊണ്ടക്കുഴിയിൽ
ഈ കണ്ണീർത്തുളളിയിങ്ങനെ..!!

( ആദില കബീർ )

വേരുകൾ...

വേരുകൾ...
രഹസ്യങ്ങളുടെ ഇരുണ്ട ഞരമ്പുകളാൽ
ആണ്ടിറങ്ങിയിട്ടും പടർന്നിടറിയിട്ടും,
അന്തപുരവാർത്തകൾ
ആരോടും പറയാതെയിഴഞ്ഞു നീങ്ങുവോൾ..
മണ്ണകത്തളത്തിന്റെ മാനം കാക്കുവോൾ..
വസന്തം വലിച്ചെറിഞ്ഞ്..
വരണ്ട വേദനയിലേക്ക്
വിയർപ്പു തുളളികൾക്കായ്
വീടു വിട്ടവൾ...
വേരുകൾ!
"തീർത്ഥാ "sകർ

ആദില കബീർ
(Pic courtesy : Ijas MA)

കാട്ടുപൂക്കൾ

കരുതിവെക്കപ്പെടുന്ന പൂക്കളേ...
നിർഭാഗ്യത്തിന്റെ നിറഭേദങ്ങളേ...
കാലം കണ്ടെടുക്കാത്ത കാട്ടുപൂക്കൾ,
ഈ ഞങ്ങൾ;
ഇതളുടയാത്തവർ,
റീത്തിൽ ചത്തിരിക്കാത്തവർ,
ഞെട്ടിന്റെ മുലഞെട്ടിലൊട്ടി അപഹസിക്കയാണു നിങ്ങളെ...,
കെട്ടുകാഴ്ചകളെ!
കാട്ടിലാണെങ്കിലും കൂട്ടിലല്ല ഞങ്ങൾ
വിലയിടിഞ്ഞാലും വീണ്ടും പൂക്കുന്നവർ... !!!

ആദില കബീർ

നെഞ്ചുനീറിയൊരു രാരീരം..

നോവാതെ നീ മരിച്ചിരിക്കുമെന്ന്
വെറുതേയെങ്കിലും..
നിനയ്ക്കട്ടെ ഞാൻ കൺമണീ.
കടലുപ്പും കണ്ണീരുപ്പും കുഴച്ച്
നിനക്ക് മാമുണ്ണാൻ ഇനി ബലിച്ചോറ്..
താരാട്ടിലുറക്കാൻ അലയാഴിയൊഴുക്ക്,
നീ മയങ്ങുന്നതീ കടലമ്മയുടെ മടിത്തട്ട്... !കണ്ണേയുറങ്ങുക ...
ഈ മണ്ണിലിനിയുണരാതിരിക്കാൻ
നീ മയങ്ങുക...
നെഞ്ചുനീറിയൊരു രാരീരം

നോവിക്കാതിരിക്കാൻ മാത്രം ..

നിന്നെ നോവിക്കാതിരിക്കാൻ മാത്രം
ഞാൻ മറക്കുന്ന ചിലതുണ്ട് കൂട്ടുകാരാ ..
എന്തിനെന്നോ ?
വല്ലപ്പോഴുമെങ്കിലും .
നോവിന്റെ കൈപുനീരെനിക്കൊറ്റക്ക്‌ വേണം .
പങ്കുപറ്റരുത്
കനച്ച കരളിന്റെ ചവർപ്പാണതിന്
എന്റെ കനവു കനച്ച ചവർപ്പ് .
ആദി വെറുതേ ...

വഴി മാറിയൊഴുകിയ പുഴകൾ

ശ്വാസം മുട്ടുന്നുണ്ടെനിക്ക്
പറയില്ലെന്നുറച്ച് പണ്ട് ഞാൻ മടങ്ങുമ്പോൾ
നിനക്കും ചോദിക്കാമായിരുന്നു :
ഇഷ്ടമായിരുന്നില്ലേയെന്ന് ..!!!
മാറിയൊഴുകുന്ന
എന്റെ സ്വപ്നങ്ങളെ കടന്നാക്രമിച്ചിട്ട്
ഇനിയെന്ത് പ്രയോജനം ?
നോക്ക് .....
ഇന്നു ഞാൻ നിന്റെ കൈവഴിയല്ല
ഒരു ജീവനെ തളരാതെ കാക്കുന്ന ഉറവയാണ്.
നീരുറവ !
എന്റെ വഴികളിൽ ഒഴുകിക്കയറരുത് ..
പ്രളയം തീർക്കരുത് ..
വഴി തെറ്റിക്കരുത് ..
വഴി മാറിയൊഴുകിയ പുഴകൾ കണ്ടുമുട്ടും പോലെ,
നമുക്കിനി രണ്ടായിതന്നെ ഒഴുകിയകലാം
ഇന്നലെകളെ അടിയൊഴുക്കിലേക്ക്
തള്ളിയിടാം ..
(ആദിപ്പുഴ )