Wednesday, 15 October 2014

ആദിക്കുട

തണലു തേടി ഞാൻ തളർന്നു വീണത് 
വേരറ്റു വീഴാൻ വെമ്പുന്ന 
വരണ്ട പച്ചയുടെ മേലാണ് .
മഴക്ക് വേണ്ടി കേണത്
ദാഹിച്ചു മരിച്ച ദൈവത്തിൻറെ
ദരിദ്ര സിംഹസനത്തോടും ...
എനിക്കൊരു കുട വേണം
ഹൃദയം കരിച്ചു കളയുന്ന
തീ വെയിലിനെ
തണലെന്ന് വിളിക്കാൻ .
എനിക്കൊരു കുട വേണം...
നിറഞ്ഞു പെയ്യുന്ന മഴയിൽ
നെഞ്ചോടു ചേർത്ത് പിടിക്കാൻ
ഒരു കുട ... സ്നേഹത്തിൻറെ കുട
കാറ്റിൽ പറന്നു പോകാത്ത
എന്നെ പൊതിഞ്ഞു പുൽകുന്ന
ആദിക്കുട

മധുരം

കളഞ്ഞു പോയെന്നു കരള് കരുതിയൊരു
കൽക്കണ്ട് കഷ്ണം കയ്യിൽ കിട്ടി
പഴയ മധുരം ...
എന്നാലും
അലുത്തലുത്ത് ഇല്ലാതായ പോലെ ..!!!
ആദി

ഓര്‍മ

ഓർമ്മ പുഴയാണ് .....!!!!
ഒഴുക്ക് നിലച്ച് ..അഴുക്കടിഞ്ഞ് 
അഴുകാതെ കെട്ടിക്കിടക്കുന്ന പുഴ
ചിലപ്പോൾ ...
മഴപോലെയിന്നലെകൾ പെയ്യും.
വരണ്ട ചാലുകൾക്ക് മിടിപ്പ് നൽകും
ചലനം തീർക്കും .
അല്ലെങ്കിലൊരു പേമാരിയിൽ
കുത്തിയൊലിച്ചു കുതിച്ചു
കണ്ണീരു പോലെ ...
ഓർമ്മ പുഴയാണ്
പാറക്കൂട്ടത്തിലും മുള്ളുകളിലും പിന്നെയും പിന്നെയുമൊഴുകി
പതം വരുത്തി വെള്ളാരംകല്ലാക്കുന്ന മന്ത്രവാദി .
അടിത്തട്ടിൽ അസ്ഥികൂടങ്ങൾ ഒളിപ്പിച്ച്
പവിഴപ്പുറ്റെന്നു ചൊടിക്കുന്ന നാട്യക്കാരി ..
ചിറകെട്ടാൻ നിന്ന്കൊടുക്കാതെ ഓടിത്തോൽക്കുന്ന ,
ചിരിച്ചു ചിരിച്ചു കരയുന്ന ,
ചുഴിയും , ചതിയുമോർത്തുവെക്കുന്ന പ്രതികാരി .
ഓർമ പുഴയാണ്
ജീവിക്കുന്നുവെന്ന് സ്വയം മറന്നവർക്ക്
ജീവനുണ്ടെന്നു സാക്ഷ്യം നൽകുന്ന
ജലരേഖ ..!!!!
ആദില കബീർ

രാത്രിചിത്രം

പ്രിയനേ ..
ഈ നിശബ്ദയാമങ്ങളിൽ 
എല്ലാവരുമുറങ്ങട്ടെ ..
നമുക്കുണർന്നിരിക്കാം ...!
നിലാവിനാൽ നാണം മറച്ച് ,
നക്ഷത്രപ്പൊട്ടു തൊട്ട് ,
ആകാശത്തിൻറെ ഇരുണ്ട താളുകളിൽ
മഴവില്ലു ചാലിച്ചു നിൻറെ ചിത്രമെഴുതാം .
പരിഭ്രമിക്കാതെ വരിക..
ആരും കാണാതെ നിൻറെ അരളിപ്പൂക്കളിൽ
ഞാൻ ചുവന്ന ചായം പകരാം .
കണ്ണിണകളിൽ എൻറെ കരിമഷിയാൽ
കറുപ്പു പകരാം ...
പ്രണയം പുരണ്ട നിൻറെ കവിൾപൂവിനെ
വിരൽതുമ്പിനാൽ തഴുകിയുണർത്താം ..!
അധികം ചാലിച്ച തുള്ളികൾ
അധരത്താൽ ഒപ്പിയെടുക്കാം ..
ഈ രാത്രി ...
പേ പിടിച്ച പേമാരി പെയ്യാതിരുന്നെങ്കിൽ ..
നീയൊലിച്ചു പോകാതെ.. ,പടരാതെ
ഇരുട്ടിൻറെ നിറങ്ങാളായെങ്കിൽ ..
വിരലറ്റത്തു നീയാണ്..
നിൻറെ തണുപ്പാണ്..
നീ വാടാത്ത വസന്തം
വറ്റാത്ത പ്രണയം ..!!!! ആദിരാത്രി

നോവ്

പലതും അറിഞ്ഞത് വൈകിയാണ് ..
ഒരുപാട് വൈകി .
അന്ന് കൈ തരേണ്ട വേളയിൽ
കൈവിട്ടു പരിഹസിച്ചു പോയി ഇവളും ..
നോവേ .......
കുറ്റബോധത്തോടെയല്ലാത ആ
മുഖമോർക്കാൻ എനിക്കാകില്ലേ ഒരിക്കലും ...?!!!

ആദില കബീർ

നരികള്‍

നടുറോഡിൽ
രണ്ട് ശവങ്ങൾ !
ഒന്നൊരു നായുടേത് ..
പിന്നെയൊന്ന് എന്റേത് .
മൂക്ക് പൊത്തി
നെറ്റി ചുളിച്ച്
നഗരസഭയെ നാല് തെറി വിളിച്ച്
നല്ല നടപ്പുകാർ കടന്നുപോയി ..
അരികെ നായകൾ മോങ്ങുന്ന രോദനം
എനിക്കരികെ ...
നരനില്ല ..
നരികൾ ... !!!
നരികൾ .....,
നാഗരികതയുടെ ദത്തു സന്തതികൾ!!!
ആദില കബീർ

സദാചാരം എന്ന് ശബദിച്ചാൽ അരിയണം ചീഞ്ഞ നാവുകൾ ..!!!

അറപ്പ് തോന്നുന്നു ഈ വ്യവസ്ഥിതികളോട് . മാധ്യമധർമ്മം വാ തോരാതെ പ്രസംഗിക്കുകയും ..സാധാരണക്കാരന്റെ സദാചാര ബോധത്തിൽ വിലപിക്കുകയും ..കാണാത്ത കാഴ്ചകൾ നേരോടെ,നിർഭയം ,നിരന്തരം വിളമ്പുകയും ചെയ്യുന്ന മാധ്യമ രാജാക്കന്മാർ റേറ്റിങ്ങ് കൂട്ടി റെക്കോർഡ്‌ സ്ഥാപിക്കാൻ തരംതാണ "അശ്ലീലം "പരസ്യം ചെയ്യുന്നത് ... ഇതിലും ഭേദം ചുവന്ന തെരുവുകളിൽ മാംസം വിൽക്കുന്നവരോട് ജീവിത കഥയുടെ നൊമ്പരം തിരക്കുന്നതല്ലേ ...?? അവരുടെ കണ്ണീരോട് ചേർന്ന് വിതുമ്പുന്നതാകും കോമാളിത്തരം കണ്ടു വാ പൊത്തി ചിരിക്കുന്നതിലും ഭേദം ..!!! സദാചാരം എന്ന് ശബദിച്ചാൽ അരിയണം ചീഞ്ഞ നാവുകൾ ..!!!

ഗതികേട്

കലാലയ ചര്‍ച്ചകള്‍ കഴമ്പില്ലാതെ കോമാളിത്തരം മാത്രമാകുന്നത് വേദനയോടെ നോക്കി നില്‍ക്കുന്നൊരു വിദ്യാര്‍ഥി എന്ന നിലയില്‍ .... ഞാന്‍ സെമെസ്ടര്‍ സമ്പ്രദായത്തോടുള്ള കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തുകയാണ് .സമയം കിട്ടാനില്ലെന്ന പരാതി ..!!!സര്‍ഗാത്മകതയും കലാലയരാഷ്ട്രീയവും കണികാണിക്കാത്ത യന്ത്രങ്ങളായി പോകുന്നു ഞങ്ങള്‍ .വാര്‍ഷിക പദ്ധതിയും ഗ്രേഡിങ്ങ് സംവിധാനവും സമന്വയിപ്പിച്ച് ഒരു നയത്തിന് സാധ്യതയില്ലേ ..?? നഷ്ടമാകുന്ന ഞങ്ങളുടെ കലാലയവരകള്‍ക്ക് ആര് വര്‍ണം പകരും !!! ന്യു ജെനറേഷന്‍ എന്ന പേരില്‍ അടച്ചാക്ഷേപിക്കുന്നവരേ ...ഞങ്ങള്‍ക്ക് നഷ്ടമായ ഇടങ്ങള്‍ തിരികെ നല്‍കുക ... പറക്കാന്‍ ആകാശം വിട്ടു തരിക ..കെട്ടിയിട്ട ചിറകുകള്‍ക്ക് മോക്ഷമേകുക ..

മന്ത്രവധം

വലംപിരിശംഖും ,കാന്തമാലയും .. ജന്മനക്ഷതക്കല്ലും ..ഹോ !!! വിശ്വാസം വില്‍ക്കുന്ന കാലം.. പറഞ്ഞിട്ട് കാര്യില്ല ..കല്യാണ്‍ ജുവലറി പറഞ്ഞു പഠിപ്പിച്ചിരിക്കയല്ലേ ആ പറഞ്ഞ വിശ്വാസമാണ് എല്ലാമെല്ലാം എന്ന്‍.. !
എന്നാലും നുമ്മടെ പഹയന്‍ വൈക്കത്തെ സുല്‍ത്താന്‍ പറഞ്ഞ പോലെ .. "ബക്കറ്റും വെള്ളോം കൊണ്ട് കക്കൂസില്‍ പോകുന്ന ദൈവങ്ങളെ കുറിച്ചു ഓര്‍ക്കാനും കൂടി വയ്യ..  ഈ ജെനറല്‍ ട്രെന്‍ഡ് വെച്ചിട്ട് ഞാനും തുടങ്ങ്യാലോ എന്നാലോചിക്ക്യാ ആഭിചാരമോ ആള്‍ദൈവമോ ..സാധ്യതയുണ്ടല്ലോ ...സ്വാമിനി :ആദിലാനന്ദതിരുവടിമോള്‍ 
ഓഹ് ..പിന്നിപ്പോ മന്ത്രവാദമല്ലല്ലോ ല്ലേ ..മന്ത്രവധം !!!! ന്‍റെ വിവേകാനന്ദാ ...കേരളം ഇപ്പഴും പണ്ടത്തെ പോലെ തന്നുണ്ട്ട്ടാ ... 

Sunday, 21 September 2014

ഇഷ്ടികക്കൂട്ടിലെ കിളി .

തിളച്ച തലച്ചോറിൽ
അഗ്നി പർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോഴും
ഞാനൊരു മഴമേഘമായി പെയ്യുമായിരുന്നു ...
ഹൃദയം വിയർത്ത് പൊള്ളി അടരുമ്പോഴും
തണുപ്പിൽ വിറക്കുന്നെന്നു നുണ പറയുമായിരുന്നു !!!
ഇനി വയ്യ ...
സ്വപ്നങ്ങൾക്ക് മേൽ
നിഴൽ നാടകങ്ങളാണ് ...
കാഴ്ചകെട്ട കടവാവലിനെ പോലെ ..
ചിറകുടഞ്ഞ ഈയാമ്പാറ്റയെ പോലെ ..
പിടഞ്ഞൊടുങ്ങുന്ന ചിറകാണ്‌ എന്റേതും ....
ഇഷ്ടികക്കൂട്ടിലെ കിളി ... ,
ഇഷ്ടക്കാരില്ലാത്ത ഒറ്റക്കിളി !!!

.....ആദിക്കിളി