Sunday 13 December 2015

എന്റെ ദത്തൻ സർ... (october 1)

ഇനിയൊന്നും ചെയ്യാനില്ലാത്തത് പോലെ മുന്നിൽ ഒരു മഹാശൂന്യത. എന്നെ, എന്റെ കവിതയെ ആലപ്പുഴയുടെ അതിരിൽ നിന്നും പിച്ചവെപ്പിച്ച സ്നേഹം ,കാലുറയ്ക്കും മുൻപ് കളഞ്ഞു പോയ്.ഒന്നുമറിയാതെ ഞാൻ പുതച്ചുറങ്ങിയ സ്നേഹപ്പുതപ്പ് പറിച്ചെടുത്ത പോലെ ഉള്ളിൽ തളം കെട്ടിയ തണുപ്പ്. എന്റെ ദത്തൻ സർ.
"മോൾടെ കവിതകളിലെവിടൊക്കെയോ നിരാശയുടെ നിഴലു ഞാൻ കാണുന്നു... നമുക്കത് വേണ്ട മോളേ"യെന്നൊരു ജനാവലിയുടെ മുന്നിലെന്നോട് പറഞ്ഞ, കാണുന്ന ഓരോ നേരത്തും ചേർത്തണച്ച് ആ ശിരസെന്റെ നെറുകയിൽ ചേർക്കുന്ന ,ആത്മവിശുദ്ധിയുളള ഒരു വെള്ളരിപ്രാവ്. രാഷ്ട്രീയത്തിനും വിശ്വാസത്തിലും എതിർ ചേരിയിലുള്ളവർ പോലും ,ഒരേയാ ഴത്തിൽ ആദരിച്ച വ്യക്തിത്വം... മരണപ്പെട്ടു എന്ന് ഒരു രാത്രി പിന്നിട്ടിട്ടും മനസ്സംഗീകരിക്കുന്നില്ല... അടുത്ത ദിവസങ്ങളിൽ ഒന്നിലെങ്കിലും ആ ശബ്ദം ഇനിയും കേൾക്കും എന്ന് വെറുതേ ഒരു പ്രതീക്ഷ.. ത്രിവർണ പതാകയുടെ ഹൃദയത്തിലൊരു ചർക്ക പുതച്ച് തണുപ്പിലിന്നലെ അങ്ങുറങ്ങുന്നത് കണ്ടപ്പോൾ ,സഹിക്കാനാകുന്നില്ല. രക്താർബുദത്തിന്റെ കനത്ത നോവുകൾ അനുഭവിച്ചില്ലല്ലോ എന്നെല്ലാവരും പറയുന്നു. എന്നാലും.... ആലപ്പുഴയിലുടനീളമുയർന്ന ഫ്ലക്സ് ബോർഡുകളിൽ ആദരാഞ്ജലികൾ കണ്ടിട്ടും... ഇനിയാരൊക്കെയത് ആവർത്തിച്ചാലും ആദിയ്ക്കതിനാവില്ല.. അങ്ങില്ലാതെ ഒരമ്പലപ്പുഴ ചിന്തകളിൽ പോലും അസഹനീയമാണ്.പൊതു വേദികളിലെവിടെയെങ്കിലും വെച്ച് വെളളക്കുപ്പായത്തിലെ ആ ഗാന്ധിച്ചിരി ഇനിയുമെന്നെ മോളേയെന്നു വിളിച്ചോടിയെത്തുമെന്ന പ്രതീക്ഷയിൽ ..... വെറുതേയൊരു പ്രതീക്ഷയിൽ
പിറക്കാതെ പോയൊരു കുഞ്ഞ്
ആദി

No comments:

Post a Comment