Sunday 13 December 2015

അറിയുമോ ഐ.സി.ചാക്കോയെ..?


പ്രശസ്തരുടെ ചരിത്രപ്പട്ടികയിൽ മഞ്ചലാടാതെ ജനിച്ചു ജീവിച്ചു മരിച്ചൊരാലപ്പുഴക്കാരനെ? കുട്ടനാട് മങ്കൊമ്പിൽ ഇല്ലിപ്പറമ്പിൽ കോരാ മകൻ ചാക്കോ... പഠനകാലത്ത് മരമണ്ടനായിരുന്നെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ബുദ്ധിജീവി... 9 ഭാഷകളിൽ അഗാധമായ പാണ്ഡിത്യം. തിരുവിതാംകൂറിലെ ആദ്യ ഭൂഗർഭശാസ്ത്രജ്ഞൻ. പ0നം ഒരു ലഹരിയായ് ഒടുവിൽ അറിയാത്ത ശാസ്ത്രമില്ലെന്ന നിലയിലായ ജ്ഞാനി.
ലണ്ടനിൽ മാർക്കോണിയുടെ മണമുണങ്ങാത്ത മുറിയിലിരുന്ന് പഠിച്ച് എണ്ണമറ്റ ബിരുദങ്ങൾ വാരിക്കൂട്ടി നാട്ടിലെത്തിയിട്ടും അടങ്ങിയിരിക്കാനാകാതെ മണ്ണിന്റെ മണമുള്ള കുട്ടനാട്ടിൽ മൂലം വള്ളംകളിയെ ഉണർത്തിയരങ്ങാക്കിയ ചരിത്രം. പ്രകൃതി സ്പന്ദനങ്ങൾ നെഞ്ചിലേറ്റി തണ്ണീർമുക്കത്ത് ബണ്ടു കെട്ടരുതേയെന്ന് നിരാഹാരത്തിന്റെ നോവിൽ പറഞ്ഞ് നിരാശനായവൻ... പമ്പാ ഡാമും തോട്ടപ്പള്ളി സ്പിൽവേയും കൗശലത്തോടെ പണിഞ്ഞ പ്രതിഭ... ആദ്യമായ് മണലിഷ്ടികയ്ക്കു മാതൃക കാട്ടിയ വ്യക്തി.
ജാതിമതങ്ങൾക്കതീതമായ ശാസ്ത്ര ദർശനങ്ങൾ കൊണ്ട് പുരാണ ഇതിഹാസങ്ങളെ പൊളിച്ചെഴുതിയ പ്രാവീണ്യം... സാഹിത്യലോകത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകുന്നതായിരുന്നില്ല.. ആദി കാവ്യം -വാത്മീകി രാമായണത്തിന് ... അതിനോട് കിടപിടിക്കുന്ന ഒരു പഠനം" വാത്മീകിയുടെ ലോകങ്ങൾ ". പാണിനിയുടെ കടുംകെട്ടുകൾ കൊണ്ട് സമ്പന്നമായ അഷ്ടാധ്യായം ,പാണിനീയ പ്രദ്യോതമെന്ന പേരിൽ ലളിതവത്കരിച്ച് വിശദീകരിച്ച് സാധാരണക്കാരിലെത്തിച്ച സാഹസം.. ക്രിസ്തു സഹ(സ നാമം എന്ന അതിശയകരമായ രചന.. പറയാൻ ഇനിയുമേറെ...
അതിസാധാരണക്കാരനായ് ജീവിച്ച ആ അസാധാരണ വ്യക്തി തീക്ഷ്ണജ്ഞാനിയായ ഒരു ഋഷിയെപ്പോലെ ഇവിടെക്കഴിഞ്ഞു .. വീടിനു ചുറ്റുമൊരു പൂവാടി തീർത്ത് ശാസ്ത്രവും സാഹിത്യവും ഭക്ഷിച്ച് അങ്ങനെ.... ഇപ്പോഴും ഇല്ലിപ്പറമ്പിലില്ലാത്ത മരമില്ലത്രേ.. സമൂഹം പണ്ടേ അങ്ങനെയാണല്ലോ.. 'മരണത്തിനു ശേഷം മാത്രം അവ ഒരാളെ പുകഴ്ത്തിത്തുടങ്ങും.. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഇല്ലിക്കൽ ചാക്കോ അന്തർധാനം ചെയ്തു.
ഇന്ന് കിട്ടിയ അറിവാണിതൊക്കെ... രണ്ടാം ശനിയാഴ്ചകളിൽ ഒത്തുകൂടുന്ന മാതൃഭൂമി സാംസ്ക്കാരിക കൂട്ടായ്മയിലെ പ്രൊഫസർ ഗോപകുമാർ സാറിന്റെ പ്രഭാഷണത്തിൽ നിന്ന്, കല്ലേലി മാഷിന്റെ കൂട്ടിച്ചേർക്കലിൽ നിന്ന്.. ആലപ്പുഴയുടെ സാംസ്ക്കാരിക മുഖങ്ങൾ ഒത്തു ചേരുന്ന ആ വേദിയിൽ രണ്ടാം വിഷയം ആവിഷ്ക്കാര സ്വാതന്ത്യം നേടുന്ന വെല്ലുവിളി എന്നതായിരുന്നു.: എഴുത്തുകാർ ഒന്നിച്ചിരുന്ന് രോഷം പടർത്തിയ മൂല്യമുളള മുഹൂർത്തങ്ങൾ... വേറെന്ത് പറയാൻ.... അന്ന് ഐ സി പറഞ്ഞ ഹനുമാന്റെ ലങ്കയിലേക്കുള്ള ചാട്ടം ഇന്ന് പറയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലല്ലോ.. കുതിച്ചു ചാടിയ ഹനുമാന്റെ പൊടിപോലും അക്കരെയെത്തില്ലെന്ന് ശാസ്ത്രീയ അടിത്തറയോടെ അന്നദ്ദേഹം സ്ഥാപിച്ചെങ്കിൽ ഇന്നത് പറയാൻ അദ്ദേഹത്തിന്റെ പൊടിപോലും മിച്ചം വെക്കുമായിരുന്നില്ല "സാംസ്ക്കാരിക സമൂഹം "
ഒരു നല്ല ദിവസത്തിന്റെ സംതൃപ്തിയിൽ ആദില കബീർ

No comments:

Post a Comment