Sunday 13 December 2015

" ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു" - വായനാനുഭവം


ചൊക്കനാണീ പുസ്തകം നിർദ്ദേശിച്ചത്.നിലവിലെ വായനയിലെ ഒരു വിധം പുസ്തകങ്ങളെല്ലാം പറഞ്ഞു തരാറുളളതും ചൊക്കൻ തന്നെ.എസ്.ശാരദക്കുട്ടിയുടെ പുസ്തകം" ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു" എന്ന പുസ്തകം. അറിവും അനുഭവവും അകക്കാഴ്ചയുമുളള പെണ്ണൊരുത്തിയുടെ ലേഖന സമാഹാരം. പല കാലങ്ങളിൽ പലവിധ മാസികകളിൽ അച്ചടിച്ചുവന്ന അനേകം കുറിപ്പുകളുടെ സമാഹാരം. സമകാലിക സമൂഹത്തിൽ കാലഘട്ടമാവശ്യപ്പെടുന്ന വായന.
കോട്ടയംകാരിയായ ഒരു പെൺകുട്ടി , നാട്ടിലറിയപ്പെടുന്ന ആദരിക്കപ്പെടുന്ന ഒരധ്യാപശ്രേഷ്ഠന്റെ മകൾ. ഓർമകൾ ചികഞ്ഞ് തന്റെ നാടിനെ 'അതിന്റെ സാമ്പത്തികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തെ തെല്ലധികാര ഭാവത്തിൽ തന്നെ ഉയർത്തിക്കാട്ടുന്നുണ്ടിതിൽ.
നേരിലൊരിക്കലും കാണാത്ത കടലിനെ മോബി ഡിക്കിന്റെ താളുകളിൽ അലയടിപ്പിച്ച വായനാസുഖം പങ്കുവെക്കുന്നുണ്ട്. ഞാൻ ഞാനായിരിക്കേണ്ടുന്നതിനു പകരം ,ഞാനെന്ന പെണ്ണായിരിക്കേണ്ട ഓരോ നിമിഷത്തെയും ഒഴിവാക്കാൻ കഴിയുന്നൊരു പെണ്ണിടമെന്ന നിലയിൽ ഫെയ്സ്ബുക്കടക്കമുളള നവ മാധ്യമ രൂപങ്ങളെക്കുറിച്ച് വാചാലയാകുന്നുണ്ട്.
കവിയും ഗാനരചയിതാവുമായ ഒ എൻ വി യിലെ ഗാനാത്മക ഗീതികളോട് അവൾക്കുളള ആത്മാർത്ഥമായ ആരാധന തുറന്നു പറഞ്ഞ് ഉദാഹരണ സഹിതം സ്ഥാപിക്കുന്നുണ്ട്. ശരീരം നിറയെ മണ്ണും, മണ്ണ് നിറയെ ചോരയും, ചോരയാകെ കവിതയുമായ് നടന്ന, വ്യാഖ്യാനിക്കാൻ നിന്നു കൊടുക്കാതിരുന്ന അയ്യപ്പനെയോർത്ത് നടുങ്ങുന്നുണ്ട്. പുണ്യവാളത്തിക്കും തേവിടിശ്ശിക്കുമിടയിലൊരു സ്ഥാനത്തിനായ് പൊരുതി വീണ ,ചിലപ്പോൾ ജയിച്ച അനേകം സ്ത്രീകളെ ,അവരുടെ ജീവിതത്തെപ്പഠിക്കുന്നുണ്ട്. നാം ഭയന്ന ബാലാമണിയമ്മയുടെ ലാളിത്യത്തെയും മാധവിക്കുട്ടിയുടെ ധാരാളിത്തത്തെയും എടുത്ത് പറയുമ്പോൾ തന്നെ ,കാലിടറിയ ഗൗരിയമ്മയെയും ,സി - കെ ജാനുവിനെയും അജിതയെയും അവലോകനം ചെയ്യുന്നുണ്ട്.
പെണ്ണുടലിന്റെ നാണവും മാനവും അളക്കുന്ന വസ്ത്രത്തെ ചോദ്യം ചെയ്തിട്ട് ദ്രൗപതിക്ക് കൃഷണൻ ഉടയാട നൽകിയിട്ടും അവൾക്ക് നഷ്ടമായ "മാനത്തെ " ചിന്താവിഷയമാക്കുന്നുണ്ട്. തെറിവാക്കിലെ വൈവിധ്യങ്ങളും ,ഭരണിപ്പാട്ടിന്റെ ചരിത്ര പശ്ചാത്തലവും പെൺവിരുദ്ധതയും മനസിലാക്കിത്തരുന്നുണ്ട്. തീർന്നില്ല, സിനിമയിലെ സ്ത്രീയെ ;പണ്ട് സിനിമാ വ്യവസായത്തിലെ ഉപകരണങ്ങളായ് തങ്ങളുടെ ശരീരത്തെ തിരിച്ചറിഞ്ഞ് ഏത് റോളും അനശ്വരമാക്കിയ പഴയ നായികനടിമാരിൽ നിന്ന് സദാചാരകാലത്ത് ടൈപ്പ് ചെയ്യപ്പെട്ട നായികമാരുടെ, അവരറിയാത്ത പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് .പ്രണയവും രതിയും ലൈംഗികതയും സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞ് മറ്റു പലതിലേക്കും ബോധപൂർവ്വം കടക്കുന്ന നല്ലാധുനിക യുവതയെ അംഗീകരിക്കുന്നുണ്ട്. ചില നിലപാടുകളോടുളള വിയോജിപ്പുകളും , വിമർശനങ്ങൾക്കുള്ള മറുപടികളും ,എം എൻ വിജയനും, സുന്ദരരാമസ്വാമി അയ്യരും, അപസർപ്പക കഥകളാൽ കുട്ടിക്കാലത്ത് തന്നെ ആകർഷിച്ച കോട്ടയം പുഷ്പനാഥ് വരെയും ഈ കൃതിയിൽ വിരുന്ന് വരുന്നുണ്ട്.
സദാഗതി, ഉർവ്വരാ, ഐരാവതി, വിശല്യാ എന്നിങ്ങനെ 4 ഭാഗങ്ങളിലായ് 18 ലേഖനങ്ങൾ. ഓരോന്നിലും എന്നെ വിസ്മയിപ്പിച്ചത് ലേഖിക സൂചിപ്പിച്ച പുസ്തകങ്ങളുടെ പേരും എണ്ണവുമാണ്.. അറിയാനിനിയുമനേകം, അനേകം! അതൊക്കെ വായിച്ചു തീർക്കണമെന്ന മോഹമുണ്ടാക്കാൻ ശാരദട്ടീച്ചർക്ക് കഴിഞ്ഞു... സത്യസന്ധമാണ് ഇതിലെ വരികൾ, ആത്മാർത്ഥവും, അഭിനിവേശങ്ങളുടെ നിഷ്കളങ്കതയുളളവയുമാണ്...
കഴിയുന്നവർ കണ്ടെത്തി വായിക്കുക ..
ചൊക്കനു നന്ദി..
ശാരദക്കുട്ടി ടീച്ചർക്ക് സ്നേഹം!
ആദില കബീർ

No comments:

Post a Comment