Wednesday 15 October 2014

പവിഴമരം

അന്ന് എനിക്ക് 10 വയസ് ...അനിയത്തിക്കുട്ടിക്ക് നാലും ..! വീടിൻറെ പണി നടക്കുന്ന സമയം ,എക്സ്റ്റെൻഷൻ ആണ് ...24 മണിക്കൂറും സിമന്റും പെയ്ന്റുമായി വീട് അവതാളത്തിലാണ് ..ഉമ്മിക്ക് എപ്പോഴും തിരക്കാണ് ,പണിക്കാർക്ക് രാവിലെയും ഉച്ചക്കും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ .പത്തു വയസുകാരിയും നാല് വയസുകാരിയും കഴിയും പോലെ അകവും പുറവും ഓടിച്ചാടി നടന്ന് ഉമ്മിയെ സഹായിച്ചു പോന്നു ..ഒരു ദിവസം ഉമ്മി നട്ടുച്ചക്ക് അലമാരി ഒതുക്കുമ്പോൾ ഭംഗിയുള്ളൊരു ചെപ്പ് എടുത്തുകാട്ടി ..വിവാഹം കഴിഞ്ഞ ഇടയ്ക്കെന്നോ വാപ്പി വാങ്ങിക്കൊടുത്ത പളുപളാ മിനുങ്ങുന്ന കല്ലാണ് ... വിലയുള്ളത് .ഇളം നീല നിറം ..ജോലി സ്ഥിരപ്പെടുമ്പോൾ മാലയിൽ കെട്ടിക്കാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കക്ഷി ..ഉച്ചമയക്കത്തിനായി ഉമ്മി മുറിയിലേക്ക് പോയ നേരത്താണ് എനിക്കാ ബുദ്ധി ഉദിച്ചത് .. പാവം ഉമ്മി ഒരു കല്ല്‌ കൊണ്ട് എന്ത് ചെയ്യാനാ ..അടിമുടി കല്ല്‌ കോർത്തൊരു മാല കൊടുക്കണം ഉമ്മിക്ക് ..വൈകിയില്ല ആലിക്കുട്ടിയെ വിളിച്ച് പുതിയതായി പണിയുന്ന മുറിയിലേക്ക് പോയി .അവിടെ താഴെ പൂഴിയാണ് ..അലമാരി തുറന്നു നിശബ്ദമായി ചെപ്പെടുത്ത് നീലക്കല്ല് പുറത്തെടുത്തു ..പുത്തൻ മുറിയിലെ പൂഴി മണ്ണിൽ കുഴിയുണ്ടാക്കി കല്ല്‌ സുരക്ഷിതമായി കുഴിച്ചിട്ടു ..അത് പോരല്ലോ ..വേഗം വളരണം ..ചിരട്ടയിൽ വെള്ളവും ബയോഗ്യാസിലെ സ്ലറിയും മുറിക്കുള്ളിൽ കൊണ്ടൊഴിച്ചു ...നിർവൃതി ..നീലക്കല്ല് പിടിക്കുന്ന കുഞ്ഞി മരത്തിനെ സ്വപ്നം കണ്ട് ഞങ്ങൾ പരസ്പരം നോക്കി നോക്കി ചിരിച്ചു ..ഉറങ്ങിക്കിടന്ന ഉമ്മിയെ വിളിച്ചു വലിച്ചു കൊണ്ട് വന്നു "വിത്ത് "നട്ടിടം കാണിച്ച നേരം...പാവം നെഞ്ചത്ത് കൈ വെച്ച് എൻറെ പൊന്നു മോളെ എന്ന് വിളിച്ച വിളി.......!!!!! ഓർമയിൽ എൻറെ കുട്ടിക്കാലം .....!!! കുഞ്ഞാദി

No comments:

Post a Comment